ലൈഫ് മിഷന്‍ താളം തെറ്റുന്നു

Monday 15 January 2018 2:30 am IST

കൊച്ചി: സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയുടെയും താളം തെറ്റിക്കുന്നു. വീടുകളുടെ നിര്‍മാണത്തിന് പണം നീക്കിവെക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. പാതിവഴിയില്‍ നിര്‍മാണം നിലച്ച വീടുകളുടെ പണി പൂര്‍ത്തിയാക്കാന്‍  523 തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 280.56 കോടി രൂപയാണ് വേണ്ടത്. ഈ തുക കണ്ടെത്താന്‍ കഴിയാത്തതിനാല്‍, ഈ വര്‍ഷം വീടുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് നീക്കം. 

പാതിവഴിയിലായ 27,350 വീടുകളുടെ പൂര്‍ത്തീകരണത്തിന് 394.42 കോടി രൂപയാണ് വേണ്ടിയിരുന്നത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിമൂലം 113.86 കോടി രൂപ വകയിരുത്താനേ കഴിഞ്ഞുള്ളൂ. ഒടുവില്‍ നോണ്‍ റോഡ് മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്ന് തുക നീക്കിവെക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അതും തികയാതെ വന്നു. ഈ സാഹചര്യത്തിലാണ് പദ്ധതികളില്‍ ഭേദഗതികള്‍ വരുത്തി വീടുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിന് നീക്കം ആരംഭിച്ചിട്ടുള്ളത്. 

അഞ്ചുവര്‍ഷത്തിനകം ഭൂമിയും വീടുമില്ലാത്തവര്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടം ഒരുക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനമൊട്ടാകെ 4.32 ലക്ഷം ഭവനരഹിതരുണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ 1.58 ലക്ഷം പേര്‍ ഭൂരഹിതരായിരുന്നു. ആദ്യഘട്ടത്തില്‍ വിവിധ പദ്ധതികളില്‍ നിര്‍മാണം പാതിവഴിയിലായ വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. 

പിന്നീട് വീടില്ലാത്തവരെയും ഭൂമിയില്ലാത്തവരെയും പരിഗണിക്കാനായിരുന്നു തീരുമാനം. എന്നാല്‍ തുടക്കത്തില്‍ തന്നെ ലൈഫ് മിഷന്റെ ചുവടുവെപ്പ് പിഴച്ചു. ഇതോടെ പദ്ധതി ലക്ഷ്യത്തില്‍ നിന്ന് അകലുകയാണ്. 

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളില്‍ രാഷ്ട്രീയം നോക്കി അനര്‍ഹരായവരെ തിരുകി കയറ്റിയെന്ന് നേരത്തെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. പാതിവഴിയില്‍ നിര്‍മാണം നിലച്ച വീടുകളുടെ എണ്ണം വെട്ടിക്കുറച്ചാല്‍ ഇടത് അനുഭാവികളല്ലാത്തവര്‍ പുറത്താകുമെന്നാണ് ആശങ്ക.

ഇനി രണ്ടരമാസം: നടപ്പാക്കാന്‍ 70 ശതമാനം പദ്ധതികള്‍

കൊച്ചി: സാമ്പത്തിക വര്‍ഷം തീരാറായിട്ടും സംസ്ഥാനത്ത് പൂര്‍ത്തിയായത് 29.10 ശതമാനം പദ്ധതികള്‍. നടപ്പുവര്‍ഷം തീരാന്‍ രണ്ടരമാസം മാത്രം ബാക്കിയിരിക്കെ 70 ശതമാനത്തോളം പദ്ധതികളാണ് പൂര്‍ത്തിയാക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിമൂലം ബില്ലുകള്‍ മാറുന്നതിനുള്ള നിയന്ത്രണമുള്ളതിനാല്‍ പദ്ധതികള്‍ ഏറെയും മെല്ലെപ്പോക്കിലാണ്. 50 ശതമാനം പദ്ധതികള്‍ പോലും ഇക്കുറി പൂര്‍ത്തിയാക്കാനാകുമോയെന്നാണ് ആശങ്ക.

രാജേഷ് രവീന്ദ്രന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.