ചൈന സിപിഎമ്മിന്റെ തറവാടോ?

Monday 15 January 2018 2:51 am IST

ഇന്നത്തെ അബദ്ധങ്ങള്‍ നാളത്തെ ആചാരമാകുമെന്ന ചൊല്ല് സിപിഎമ്മിന് നന്നായി ചേരുകയാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരബദ്ധം ചെയ്തു. ചൈനയുടെ പക്ഷത്തു നിന്ന് സംസാരിച്ചു. ''ഇന്ത്യ-ചീന ഭായി ഭായി'' എന്ന് രണ്ടു പ്രധാനമന്ത്രിമാരും (നെഹ്‌റു, ചൗവന്‍ലായി) പാടിത്തീരും മുമ്പ് ഇന്ത്യയെ ചൈന ചതിച്ചു. ഓര്‍ക്കാപ്പുറത്ത് അതിര്‍ത്തി ലംഘിച്ച് 1962 ല്‍ ചൈനീസ് പട്ടാളം കടന്നുകയറി. പുതിയ നിയന്ത്രണരേഖ അവര്‍ സൃഷ്ടിച്ചു. അതൊരു യുദ്ധത്തിലേക്കാണ് എത്തിയത്. പ്രതീക്ഷിക്കാതെ വന്ന യുദ്ധത്തില്‍ ഇന്ത്യ പതറി. എന്തു ചെയ്യണമെന്നറിയാതെ പ്രധാനമന്ത്രി നെഹ്‌റു വിളറി. മതിയായ പട്ടാളമില്ല. ആയുധങ്ങളോ വെടിക്കോപ്പുകളോ ഇല്ല. എന്നിട്ടും നമ്മുടെ ധീരരായ പട്ടാളക്കാര്‍ പിടിച്ചു നിന്നു. നാടൊന്നടങ്കം സൈന്യത്തിന് ശക്തിപകരാന്‍ പ്രാര്‍ഥനയോടെ നിലയുറപ്പിച്ചു. യുദ്ധഫണ്ടിലേക്ക് സഹായങ്ങള്‍ ഒഴുകിയെത്തി. പട്ടാളക്കാര്‍ക്ക് യുദ്ധഭൂമിയില്‍ വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. 

ആയുധങ്ങളെത്തിക്കാനും റോഡുവെട്ടാനും ഇവരുടെ സേവനം സഹായകമായി. ഗതാഗത നിയന്ത്രണം തുടങ്ങിയ അത്യാവശ്യരംഗങ്ങളിലും ഇവര്‍ നടത്തിയ സേവനം കണ്ട് നെഹ്‌റുവിന് മതിപ്പേറി. ഒരിക്കല്‍ നിരോധിച്ച ആര്‍എസ്എസിനെ അംഗീകരിച്ച് 1963 ലെ റിപ്പബ്ലിക് പരേഡില്‍ ആര്‍എസ്എസ് വേണമെന്ന് നെഹ്‌റു ശഠിച്ചു. അത് നടക്കുകയും ചെയ്തു. അന്ന് മുഖം തിരിച്ചു നിന്ന ഒരേയൊരു കക്ഷി കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണ്.

ചൈന-ഇന്ത്യ യുദ്ധവേളയില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നിലപാട് അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ചൈനയാണ് ശരി എന്നവാദമായിരുന്നു അവര്‍ക്ക്. താത്ത്വികാചാര്യന്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് പരസ്യമായിത്തന്നെ പറഞ്ഞു - ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടെതെന്നും പറയുന്ന ഭൂപ്രദേശത്തെ കുറിച്ചാണ് തര്‍ക്കം ! നമ്പൂതിരിപ്പാടിന് ഇന്ത്യയുടെ ഭൂമിയെക്കുറിച്ച് സംശയമായിരുന്നു. യുദ്ധകാലത്ത് രക്തം നല്‍കിയ പൗരന്മാരുടെ കൂട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാരുമുണ്ടായിരുന്നു. ഇന്ത്യന്‍ പട്ടാളത്തിന് രക്തം കൊടുക്കാന്‍ തയ്യാറായ അത്തരം സഖാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നില്‍ക്കാത്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി അങ്ങനെ ചൈനാ ചാരന്മാരായി. അഞ്ചാം പത്തികളായി. 

അന്നു ചെയ്ത അബദ്ധം ഇന്നും അവര്‍ തുടരുകയാണ്. പിബി മെംബര്‍മാരായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഇപ്പോള്‍ ചൈനയ്‌ക്കൊപ്പം നിന്ന് ഇന്ത്യയെ കുറ്റപ്പെടുത്തുകയാണ്. ആലപ്പുഴയിലെയും ഇടുക്കിയിലെയും ജില്ലാ സമ്മേളനങ്ങളില്‍ ഇവര്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ അതാണ് തെളിയിക്കുന്നത്.

''മുന്‍ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി തങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ലെന്നു ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മാത്രമല്ല, വേറൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റേതെങ്കിലും രാജ്യം ശ്രമിച്ചാല്‍ മൗനം പാലിക്കില്ലെന്നും ചൈന വ്യക്തമാക്കി. ഇതിന്റെ ഫലമായി ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ ഒരുങ്ങുന്നു. ചൈനയ്‌ക്കെതിരെ ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് അച്ചുതണ്ടു രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. ചൈനയെ പ്രതിരോധിക്കാനുള്ള സാമ്രാജ്യത്വ ഇടപെടല്‍ വര്‍ധിച്ചു വരികയാണ് '' കോടിയേരി ഇങ്ങനെ പറയുമ്പോള്‍ പിണറായിയുടെ വാദവും ശ്രദ്ധേയമാണ്. 

സാമ്രാജ്യത്വത്തിന് എതിരെയുള്ള ചൈനയുടെ നിലപാടുകള്‍ പൊതുവെ ആളുകള്‍ ആഗ്രഹിക്കുന്ന തരത്തിലാകുന്നില്ല, എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്.  ഇക്കാര്യത്തില്‍ കുറെക്കൂടി നല്ല സമീപനം ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഉത്തര കൊറിയ കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇക്കാര്യത്തില്‍ അമേരിക്കയുടെ സമ്മര്‍ദങ്ങളെ നല്ല രീതിയില്‍ ചെറുത്തുനില്‍ക്കാന്‍ ഉത്തര കൊറിയയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞതാണ്.

ഇന്ത്യയില്‍ ഏത് പ്രധാനമന്ത്രി ഭരിക്കുമ്പോഴും സൈനികക്ഷേമത്തിനും പ്രതിരോധവകുപ്പിനെ ശക്തിപ്പെടുത്തുന്നതിനും നല്ല തുക വകയിരുത്തുന്നുണ്ട്. എന്നാല്‍ അതിനെ ശക്തിയായി എതിര്‍ക്കുന്ന കക്ഷിയായാണ് സിപിഎമ്മിനെ കാണാറ്. ഇതേകക്ഷിയാണ് ഉത്തര കൊറിയയുടെ നിലപാടിനെ ന്യായീകരിക്കുന്നത്. ഉത്തര കൊറിയയെ ന്യായീകരിക്കട്ടെ. സ്റ്റാലിന്റെയും മാവോയുടെയും ഏകാധിപത്യത്തെ വാരിപ്പുണരുന്നവര്‍ക്ക് മറിച്ചൊരു നിലപാട് സ്വീകരിക്കാന്‍ പറ്റില്ലെന്നു വരാം. അതേസമയം ഇന്ത്യയെ എതിര്‍ക്കുകയും ചൈനയെ അനുകൂലിക്കുകയും ചെയ്യുമ്പോഴാണ് ഈ പാര്‍ട്ടി ആരുടെ പക്ഷത്താണെന്ന ചോദ്യം ഉയരുന്നത്.

ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രിയായിരിക്കെ ഇന്ത്യയുടെ പ്രധാനശത്രു പാക്കിസ്ഥാനല്ല ചൈനയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഫെര്‍ണാണ്ടസിനെ കുരിശിലേറ്റാന്‍ സിപിഎം നടത്തിയ തയ്യാറെടുപ്പുകള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്. പാക്കിസ്ഥാന്‍ വിവരക്കേടുമൂലം അതിര്‍ത്തിമാന്തി അവരുടെ ആളപായങ്ങള്‍ കൂട്ടുമ്പോള്‍ ചൈന തന്ത്രപൂര്‍വം അട്ടിമറി ആസൂത്രണം ചെയ്യുകയാണ്. കഴിഞ്ഞവര്‍ഷം പകുതിയോടെ വലിയൊരു അപകടത്തിന് അവര്‍ കോപ്പുകൂട്ടിയിരുന്നു. ഡോക്‌ലാമില്‍ ഇതിനായി റോഡുവെട്ടല്‍ പണി തുടങ്ങുകയും ചെയ്തു. ചൈനീസ് പട്ടാളം തമ്പടിച്ച കേന്ദ്രങ്ങളിലേക്ക് ഇന്ത്യന്‍ പട്ടാളം നീങ്ങിയത് രാജ്യത്തിനാകെ ആവേശമുണ്ടാക്കിയതാണ്. അന്നും സിപിഎം കുറ്റപ്പെടുത്തിയത് ഇന്ത്യയെയാണ്. മറ്റൊരു സര്‍ക്കാരാണ് ഇന്ന് കേന്ദ്രത്തിലെങ്കില്‍ ചൈനീസ് പട്ടാളം റോഡുവെട്ടും. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് എത്തുകയും ചെയ്യുമായിരുന്നു. ചൈനയോട് പോലും കടക്കുപുറത്ത് എന്നു പറയാനുള്ള ത്രാണി ഇന്നത്തെ സര്‍ക്കാരിനുണ്ട്. ആ നിലപാട് നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ റോഡുവെട്ടു നിര്‍ത്തി ചൈനീസ് പട്ടാളം മടങ്ങി.

പാക്കിസ്ഥാനെ ആയുധമണിയിച്ച് ഇന്ത്യയില്‍ അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ചൈനയാണ്. അതിന്നും തുടരുകയാണ്. അപ്പോഴാണ് ഒരിന്ത്യന്‍ പാര്‍ട്ടി (?) ചൈനയ്ക്കു വേണ്ടി വാദിക്കുന്നത്. അതുകൊണ്ടാണ് ഈ ചോദ്യമുയരുന്നത്. സിപിഎമ്മിന്റെ തറവാടാണോ ചൈന. സിപിഎമ്മിന്റെ എക്കാലത്തേയും നിലപാട് ചൈനയിലെ ഭരണകൂടത്തിന് അനുകൂലമാണ്. ജനങ്ങള്‍ക്കൊപ്പമല്ല. ചൈന എന്തുതെറ്റുചെയ്താലും എത്ര ക്രൂരത കാട്ടിയാലും അംഗീകരിക്കുന്ന കക്ഷിയാണ് സിപിഎം. ടിയാന്‍മെന്റ് സ്‌ക്വയര്‍ സംഭവം മറക്കാറായില്ലല്ലോ. സ്വര്‍ഗീയശാന്തിയുടെ ഈ ചതുരാങ്കണത്തില്‍  പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഒത്തുകൂടിയപ്പോള്‍ അവര്‍ക്കു നേരെ നൂറുകണക്കിന് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച സംഭവം പോലെ മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് യുവാക്കളെ ചതച്ചരച്ച് കൊന്നു. 1989 ജൂണ്‍ 3, 4 തീയതികളിലായാണ് ലോകത്തെ ഞെട്ടിച്ച സംഭവം. ലോകമാകെ പ്രതിഷേധിച്ചു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാരുടെ മധുരമനോജ്ഞ ചൈനയിലെ ക്രൂരത അവര്‍ കണ്ടില്ല. അപലപിക്കണമെന്ന് തോന്നിയില്ല. പലസ്തീനുവേണ്ടിയും സദ്ദാം ഹുസൈനുവേണ്ടിയും അറാഫത്തിനുവേണ്ടിയും കാശ്മീരിലെ ഭീകരര്‍ക്കുവേണ്ടിയും കണ്ണീരൊലിപ്പിച്ചവര്‍ അന്ന് മാളത്തിലൊളിച്ച അവസ്ഥയായിരുന്നു. ചൈനയിലെ സംഭവത്തെക്കുറിച്ച് പിബി അനുശോചിച്ചില്ല. പാര്‍ട്ടി ജനറല്‍സെക്രട്ടറി തികച്ചും നിശ്ശബ്ദനായി. ചൈനയില്‍ ചോരചീന്തിയ കമ്മ്യൂണിസ്റ്റ് യുവാക്കള്‍ക്കുവേണ്ടി മെഴുകുതിരി കൊളുത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ബുദ്ധിജീവികളും യുവജനപ്രസ്ഥാനങ്ങളും മുന്നോട്ടു വന്നില്ല. സിപിഎമ്മിന്റെയും നമ്പൂതിരിപ്പാടിന്റെയും മൗനം കണ്ട് ടൈംസ് ഓഫ് ഇന്ത്യ ഒരു മുഖപ്രസംഗമെഴുതി. ''ബീജിംഗില്‍ നടന്നുകൊണ്ടിരിക്കുന്ന നാടകീയ സംഭവങ്ങളെക്കുറിച്ച് ഉരിയാടാന്‍ കഴിയാത്തവിധം എന്തുകൊണ്ടാണ് നമ്പൂതിരിപ്പാട് ഇത്രയേറെ വിനയശീലനായിപ്പോയത്. ?''

 ഇന്നത്തെ സിപിഎം നേതാക്കള്‍ക്കും ഈ ചോദ്യം ബാധകമാണ്. ഇന്ത്യക്കെതിരെ നിരന്തരം പ്രവര്‍ത്തിക്കുന്ന ചൈനയ്ക്കുവേണ്ടി മയമില്ലാതെ വാദിക്കാന്‍ എന്ത് അച്ചാരമാണ് നിങ്ങള്‍ പറ്റുന്നത്. ? ഇത്രയധികം രാജ്യദ്രോഹം ചെയ്യുന്ന നിങ്ങളെ ഏത് രാജ്യസ്‌നേഹിക്കാണ് ഉള്‍ക്കൊള്ളാനാകുക. ?

കെ. കുഞ്ഞിക്കണ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.