അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യക്ക് വിജയത്തുടക്കം

Monday 15 January 2018 2:30 am IST

വെല്ലിങ്ടണ്‍: നിലവിലെ റണ്ണറപ്പായ ഇന്ത്യന്‍ യുവനിരയ്ക്ക് അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ മിന്നും ജയം. ആദ്യ കളിയില്‍ ഓസ്‌ട്രേലിയയെ 100 റണ്‍സിന് ദ്രാവിഡിന്റെ കുട്ടികള്‍ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 329 റണ്‍സിന്റെ ലക്ഷ്യം  പിന്തുടര്‍ന്ന ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് 42.5 ഓവറില്‍ 238 റണ്‍സിന് അവസാനിച്ചു.  അര്‍ദ്ധ സെഞ്ചുറി നേടിയ നായകന്‍ പൃഥ്വി ഷായാണ് മാന്‍ ഓഫ് ദ് മാച്ച്.

ഇന്ത്യക്കായി നായകന്‍ പൃഥ്വി ഷാ (94), മന്‍ജോത് കല്‍റ (86), ശുഭ്മാന്‍ ഗില്‍ (63) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ശിവം മണിയും കമലേഷ് നാഗര്‍കോട്ടിയുമാണ് ഓസീസിനെ ചുരുട്ടിക്കെട്ടിയത്. അഭിഷേക് ശര്‍മ്മയും അങ്കുള്‍ റോയിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ഓസീസ് നിരയില്‍ 73 റണ്‍സെടുത്ത ഓപ്പണര്‍ ജാക്ക് എഡ്വേര്‍ഡ്‌സാണ് ടോപ് സ്‌കോറര്‍. ഹോള്‍ട്ട് (39), ജോനാഥന്‍ മെര്‍ലോ (38) എന്നിവരും തരക്കേടില്ലാതെ ബാറ്റ് ചെയ്തു. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി നായകന്‍ പൃഥ്വി ഷായും മന്‍ജോത് കല്‍റയും ചേര്‍ന്ന് മിന്നുന്ന തുടക്കം സമ്മാനിച്ചു. 29.4 ഓവറില്‍ ഇരുവരും ചേര്‍ന്ന് 180 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 100 പന്തില്‍ നിന്ന് എട്ട് ഫോറും രണ്ട് സിക്‌സറുമടക്കം 94 റണ്‍സെടുത്ത ഷായെ സതര്‍ലാന്‍ഡിന്റെ പന്തില്‍ ഹോള്‍ട്ട് പിടിച്ചതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്നെത്തിയ ശുഭ്മാന്‍ ഗിലും മികച്ച ഫോമിലായിരുന്നു. അധികം കഴിയും മുന്നേ മന്‍ജോതിനെ ഇന്ത്യന്‍ വംശജന്‍ പരം ഉപ്പലിന്റെ പന്തില്‍ ജാസണും പിടികൂടി. 99 പന്തില്‍ നിന്ന് 12 ഫോറും ഒരു സിക്‌സറുമടക്കമാണ് മന്‍ജോത് 86 റണ്‍സ് നേടിയത്. പിന്നീട് ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം മാത്രമാണ് ഉണ്ടായത്. 54 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത ഗില്ലിനെ എഡ്വേര്‍ഡ്‌സ് സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കി. അതിനുശേഷം ക്രീസിലെത്തയവര്‍ക്കൊന്നും മികച്ച പ്രടനം നടത്താന്‍ കഴിയാതിരുന്നേതാടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 328-ല്‍ ഒതുങ്ങിയത്.

ഓസീസിനായ ഓള്‍റൗണ്ടര്‍ ജാക്ക് എഡ്വേര്‍ഡ് നാലു വിക്കറ്റുകള്‍ വീഴ്ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനും തുടക്കം മോശമായില്ല. ഓപ്പണര്‍മാരായ ജാക്ക് എഡ്വേര്‍ഡും 73 റണ്‍സെടുത്തും മാക്‌സ് 29 റണ്‍സെടുത്തും ഭേദപ്പെട്ട തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ കൂട്ടുകെട്ട് വഴിപിരിഞ്ഞതോടെ ഓസീസിന്റെ തകര്‍ച്ച തുടങ്ങി. മധ്യനിരയ്ക്ക് കാര്യമായ റണ്‍സ് കണ്ടെത്താന്‍ കഴിയാതിരുന്നതോടെ 42.5 ഓവറില്‍ 228 റണ്‍സ് അവരുടെ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.