സമവായം വൈകുന്നു; കലാപത്തിന് ഇറങ്ങിയ ജഡ്ജിമാര്‍ ഒറ്റപ്പെട്ടു

Monday 15 January 2018 2:30 am IST

ന്യൂദല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാകുമ്പോഴും പരിഹാരം അകലുന്നു. സമവായത്തിന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയോഗിച്ച ഏഴംഗ സമിതി ഇന്നലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനത്തിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ചെലമേശ്വര്‍, ദല്‍ഹിയിലുള്ള മറ്റ് ജഡ്ജിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാകുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞു. തര്‍ക്കം കോടതിയെ ബാധിക്കില്ലെന്നും ജഡ്ജിമാരോട് ആലോചിച്ച് തുടര്‍ നിലപാട് വ്യക്തമാക്കാമെന്നും ചെലമേശ്വര്‍ പ്രതികരിച്ചതായി മിശ്ര വ്യക്തമാക്കി. ഇന്ന് കോടതി പതിവ് പോലെ പ്രവര്‍ത്തിക്കും. ഫുള്‍ കോര്‍ട്ട് വിളിച്ച് പത്രസമ്മേളനമുള്‍പ്പെടെ ചര്‍ച്ച ചെയ്യണമെന്നാണ് ഏകദേശ ധാരണ. ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, എം.ബി. ലോക്കൂര്‍ എന്നിവര്‍ ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. 

സമവായും വൈകുന്തോറും കലാപത്തിനിറങ്ങിയ ജഡ്ജിമാര്‍ ഒറ്റപ്പെടുകയാണ്. പത്രസമ്മേളനം അപക്വവും നീതിപീഠത്തിലുള്ള വിശ്വാസത്തെ അപകീര്‍ത്തിപ്പടുത്തുന്നതുമായെന്നാണ് മറ്റ് ജഡ്ജിമാരുടെ അഭിപ്രായം. ഇന്നലെ ബാര്‍ കൗണ്‍സില്‍ സമിതി ജഡ്ജിമാരുമായി പ്രത്യേകം നടത്തിയ കൂടിക്കാഴ്ചകളില്‍ വിഷയം പുറത്തേക്ക് വലിച്ചിഴച്ചതില്‍ ഭൂരിഭാഗവും അതൃപ്തി പ്രകടിപ്പിച്ചു. ഭൂരിഭാഗം ജഡ്ജിമാരും ചീഫ് ജസ്റ്റിസിനൊപ്പമാണ്. ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍, ഇന്ദിരാ ജയ്‌സിംഗ് തുടങ്ങിയ ഇടത്-ജിഹാദി അഭിഭാഷകര്‍ മാത്രമാണ് ജഡ്ജിമാര്‍ക്കൊപ്പമുള്ളത്.  

 ആഭ്യന്തരമായി പരിഹരിക്കേണ്ടിയിരുന്ന വിഷയം പത്രസമ്മേളനത്തോടെ രാഷ്ട്രീയവത്കരിക്കപ്പെട്ടതാണ് വിമര്‍ശനത്തിനിടയാക്കിയത്. രാഷ്ട്രീയ നേതാക്കള്‍ക്ക് കോടതികളെ വിമര്‍ശിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തു. ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രതികരണങ്ങളാണ് ഉണ്ടായത്. ജഡ്ജിമാര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടവും ലംഘിച്ചു. മാധ്യമങ്ങളോട് പരസ്യപ്രതികരണം നടത്തിയതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കര്‍ണനെ ആറ് മാസത്തേക്ക് സുപ്രീം കോടതി ശിക്ഷച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് ഖെഹാര്‍ അധ്യക്ഷനായ ബഞ്ചില്‍ ഇപ്പോള്‍ പത്രസമ്മേളനം നടത്തിയ നാല് ജഡ്ജിമാരുമുണ്ടായിരുന്നു. അച്ചടക്കം കര്‍ണന് മാത്രം ബാധകമാകുന്നതെങ്ങനെയെന്നും ചോദ്യമുയരുന്നു. 

പത്രസമ്മേളനത്തിന് പിന്നാലെ ചെലമേശ്വര്‍ ഒഴികെയുള്ളവര്‍ ദല്‍ഹി വിട്ടത് ചര്‍ച്ചകള്‍ക്കും സമവായത്തിനുമുള്ള അവസരം വൈകിപ്പിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് കരുതുന്നുവെന്നായിരുന്നു കുര്യന്‍ ജോസഫിന്റെ പിറ്റേന്നത്തെ പ്രതികരണം. പ്രതിസന്ധിയില്ലെന്ന് ഗോഗോയിയും പറഞ്ഞു. വ്യക്തിപരമായ ഭിന്നതകളും ഈഗോയും ജുഡീഷ്യല്‍ സംവിധാനത്തിന്റെ പ്രശ്‌നമായി അവതരിപ്പിക്കപ്പെട്ടു. കേസുകള്‍ നല്‍കുന്നതില്‍ സീനിയറായ തങ്ങളെ അവഗണിക്കുന്നുവെന്നാണ് പ്രധാന പരാതി. ഇതിന് ചീഫ് ജസ്റ്റിസിനാണ് അധികാരം. രാജ്യം ഏറെ ചര്‍ച്ച ചെയ്ത 2ജി സ്‌പെക്ട്രം അഴിമതിക്കേസ് സീനിയോറിറ്റിയില്‍ പതിനൊന്നാമതുള്ള ജസ്റ്റിസ് ജി.എസ്. സിംഗ്‌വിക്കാണ് നല്‍കിയത്. തുല്യരില്‍ ഒന്നാമന്‍ മാത്രമാണ് ചീഫ് ജസ്റ്റിസെന്നും പ്രത്യേക അധികാരമില്ലന്നും പറയുന്നവരാണ് കേസുകള്‍ നല്‍കുമ്പോള്‍ തങ്ങളുടെ സീനിയോറിറ്റി പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത്.

സ്വന്തം ലേഖകന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.