പ്രതികളെ തൃപ്പൂണിത്തുറയിലെത്തിച്ചു

Monday 15 January 2018 2:50 am IST

തൃപ്പൂണിത്തുറ: പുലര്‍ച്ചെ വീട്ടുകാരെ ബന്ധികളാക്കി കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ ബംഗ്ലാദേശി സംഘത്തെ തൃപ്പൂണിത്തുറയിലെത്തിച്ച് പോലീസ് തെളിവെടുത്തു. ദല്‍ഹിയില്‍ നിന്ന് പിടികൂടിയ ബംഗ്ലാദേശ് സ്വദേശികളായ റോണി (18), അര്‍ഷാദ് (20), ഷേക്‌സാദ് (30)എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. ഷെമീം എന്ന ബംഗ്ലാദേശ് സ്വദേശി നേരത്തെ പിടിയിലായിരുന്നു. സംഘത്തലവനായ നസീര്‍ ഖാനെയും കൂട്ടാളികളെയും കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. 

പതിനൊന്നംഗസംഘമാണ് എരുര്‍ എസ്എംപി കോളനി റോഡില്‍ നന്നപ്പള്ളി വീട്ടില്‍ ആനന്ദകുമാറിനെയും കുടുംബത്തെയും മൃഗീയമായി മര്‍ദ്ദിച്ച് ബന്ദികളാക്കി സ്വര്‍ണ്ണവും പണവും കവര്‍ന്നത്. ഡിസംബര്‍ 16 ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിലെ ജനല്‍ കമ്പികള്‍ പിഴുതുമാറ്റി അകത്തു കടന്ന് ആനന്ദകുമാര്‍ (49), അമ്മ സ്വര്‍ണമ്മ (72), മക്കള്‍ ദീപക്, രൂപക് എന്നിവരെ വീടിന്റെ ഓരോ മുറിയിലും ഭാര്യ ഷാരിയെ (46) ബാത്ത്‌റൂമിലുമായി കെട്ടിയിട്ടായിരുന്നു കവര്‍ച്ച. 54 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍, 20,000 രൂപ, 2 മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, ക്യാമറ എന്നിവയാണ് കവര്‍ന്നത്.

തൃപ്പൂണിത്തുറ സിഐ പി.എസ്. ഷിജു, പള്ളുരുത്തി സിഐ കെ.ജി. അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ദല്‍ഹിയില്‍ നിന്ന് പിടികൂടിയത്. ഇന്നലെ രാവിലെ 5.45നാണ് പ്രതികളെ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ സ്വര്‍ണ്ണജയന്തി എക്‌സ്പ്രസില്‍ എത്തിച്ചത്. തുടര്‍ന്ന് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ അന്വേഷണ സംഘം വീട്ടുകാരെ വിളിപ്പിച്ചു തിരിച്ചറിയല്‍ പരേഡ് നടത്തി. മോഷണം പോയ സ്വര്‍ണ്ണാഭരണങ്ങള്‍ ഇവര്‍ തിരിച്ചറിഞ്ഞു. കവര്‍ച്ചക്ക് മുന്‍പും ശേഷവും ഒത്തുകൂടിയ റെയില്‍വേ ട്രാക്കിന് സമീപത്തുള്ള കുറ്റിക്കാടും, കവര്‍ച്ചയ്ക്ക് ശേഷം റെയിവേ ട്രാക്ക് വഴി രക്ഷപ്പെട്ട രീതിയും പ്രതികള്‍ പോലീസിന് കാട്ടി കൊടുത്തു.

പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. മറ്റു പ്രതികളെ തേടി സിഐ പി.എസ്. ഷിജു ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള അന്വേഷണ സംഘത്തിനൊപ്പം ചേരാനായി ബുധനാഴ്ച പുറപ്പെടും. നേരത്തെ അറസ്റ്റിലായ ഷെമീമില്‍ നിന്നും സംഘ തലവനായ നസീര്‍ ഖാനെയും കൂട്ടരെയും കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. ഷെമീമിനെ ബെംഗളൂരുവില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കവര്‍ച്ചാ സംഘത്തിലെ  മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാക്കുമെന്ന്  പോലീസ് പറഞ്ഞു. പുല്ലേപ്പടിയില്‍ വയോധികരായ ദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയതും ഈ സംഘമാണെന്നാണ്‌സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.