പ്രതിഷേധത്തിന്റെ ജ്വാല പകര്‍ന്ന്

Monday 15 January 2018 2:50 am IST

ഗുരുവായൂര്‍: ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്ര വിമോചന പ്രക്ഷോഭത്തിന്റെ ജ്വലിക്കുന്ന തീപ്പന്തങ്ങള്‍ മനസ്സിലും കരങ്ങളിലും ഏറ്റുവാങ്ങി. ഇരുട്ടിന്റെ മറവില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പിടിച്ചെടുത്ത ക്ഷേത്രം ഭക്തജനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ത്ഥസാരഥി  ക്ഷേത്ര വിമോചന സമിതിയുടെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ സംഘടിപ്പിച്ച ക്ഷേത്രരക്ഷാജ്യോതിയില്‍ ആയിരങ്ങള്‍ അണിനിരന്നു. 

മകരസംക്രമ ദിനമായ ഇന്നലെ സന്ധ്യക്ക് നടന്ന ചടങ്ങില്‍ ആഞ്ഞം മധുസൂദനന്‍ നമ്പൂതിരിപ്പാട് കിഴക്കേ നടയില്‍ സജ്ജമാക്കിയ ദീപത്തില്‍ അഗ്‌നി പകര്‍ന്നു. തുടര്‍ന്ന് മൂന്നര കിലോമീറ്ററോളം ദൈര്‍ഘ്യം വരുന്ന ഔട്ടര്‍ റിങ് റോഡില്‍ വരിവരിയായി അണിനിരന്ന ഭക്തജനങ്ങള്‍ പ്രതിഷേധ ജ്യോതി തെളിയിച്ചു. വൈകിട്ട് 4.30ന് മഞ്ജുളാല്‍ പരിസരത്ത് നടന്ന ക്ഷേത്ര രക്ഷാ ജ്യോതി സമ്മേളനത്തില്‍ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല മുഖ്യപ്രഭാഷണം നടത്തി. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍ ക്ഷേത്ര രക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്. നാരായണന്‍ പാര്‍ത്ഥസാരഥി വിമോചന ഭടന്മാര്‍ക്ക് ദീക്ഷാദാനവും ക്ഷേത്രവിമോചന സമിതി ജനറല്‍ കണ്‍വീനര്‍ കെ.പി. ഹരിദാസ് മൂന്നാംഘട്ട സമര പ്രഖ്യാപനവും നടത്തി. സമുദായ നേതാക്കള്‍, ആദ്ധ്യാത്മിക ആചാര്യന്മാര്‍, വിവിധ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ക്ഷേത്ര വിമോചന സമിതി ജോ. ജനറല്‍ കണ്‍വീനര്‍ പി. സുധാകരന്‍, കണ്‍വീനര്‍ പി.ജി. കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.