കമല്‍ഹാസന്റെ തമിഴ്‌നാട് യാത്ര ജനുവരി 26 മുതല്‍

Monday 15 January 2018 9:42 am IST

ചെന്നൈ: ഇ.പളനിസ്വാമി സര്‍ക്കാരിന്റെ അഴിമതി ഭരണവും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടി നടന്‍ കമല്‍ ഹാസന്‍ നേതൃത്വം നല്‍കുന്ന തമിഴ്‌നാട് യാത്രയ്ക്ക് ജനുവരി 26 മുതല്‍ തുടക്കം കുറിക്കും. ഒരു അവാര്‍ഡ് ദാന ചടങ്ങിലാണ് കമല്‍ യാത്രാ പ്രഖ്യാപനം നടത്തിയത്. തമിഴ് വാരികയായ അനന്ദ വികടന്റെ അടുത്ത പതിപ്പില്‍ യാത്രയുമായി ബന്ധപ്പെട്ട പൂര്‍ണ്ണ വിവരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ സംസ്ഥാനത്തെ അഴിമതി പുറത്ത് കൊണ്ടുവരാനും ജനങ്ങളോട് സംവദിക്കാനുമായി അദ്ദേഹം പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരുന്നു. തന്റെ 63-ാം ജന്മദിനത്തിലായിരുന്നു കമല്‍ഹാസന്‍ ആപ്പ് പുറത്തിറക്കിയത്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പലരും കരുതിയിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കില്‍ താഴെത്തട്ടിലിറങ്ങി ഇനിയും ചിലകാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് അന്ന് കമല്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ തമിഴ്‌നാട് പര്യാടനം പ്രഖ്യാപിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്.

കഴിഞ്ഞ മാസം സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആരാധക സംഗമത്തില്‍ വെച്ച് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചിരുന്നു. രജനികാന്തിന്റെ നീക്കത്തിന് കമല്‍ഹാസനും പിന്തുണയുമായി എത്തിയിരുന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് കമല്‍ അടുത്തിടെ എഴുതിയ ഒരു കോളത്തില്‍ സൂചനയും നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.