ശ്രീജിത്തിന്റെ സമരം ശക്തമായ താക്കീത്

Tuesday 16 January 2018 2:30 am IST

സഹോദരന്‍ ശ്രീജിവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചതിന്റെ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ ഭരിക്കുന്നവരുടെ വാതിലുകളെല്ലാം മുട്ടി. ഫലമുണ്ടായില്ല. ഗാന്ധിയന്‍മാര്‍ഗത്തിലൂടെ സഹനസമരത്തിന്റെ വഴിതേടി സെക്രട്ടേറിയറ്റിനു മുന്‍പില്‍ സത്യാഗ്രഹം തുടങ്ങി. സര്‍ക്കാരുകള്‍ മാറിവന്നിട്ടും നടപടിയൊന്നും ഉണ്ടായില്ല. സമരം രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. അതോടെ രൂപവും ഭാവവും മാറി. രാഷ്ട്രീയമില്ലാത്തവരും ഉള്ളവരുമായ യുവതലമുറ ശ്രീജിത്തിന്റെ ആവശ്യം ഏറ്റുപറഞ്ഞ് തലസ്ഥാനത്ത് ഒത്തുകൂടി. പക്ഷഭേദമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ സമരപ്പന്തലിലേക്ക് ഓടിയെത്തി. കാര്യം തിരക്കി. കണ്ണീര്‍വാര്‍ത്തു. വാഗ്ദാനങ്ങള്‍ വിളമ്പി. ഇത്രയുംകാലം ഇവരൊക്കെ എവിടെയായിരുന്നുവെന്ന ചോദ്യം രഹസ്യമായും പരസ്യമായും ഉന്നയിക്കപ്പെട്ടു. ലോകത്ത് എവിടെ പ്രശ്‌നമുണ്ടായാലും മനുഷ്യാവകാശത്തിന്റെയും മറ്റും പേരുപറഞ്ഞ് ബഹളംവയ്ക്കുന്നവര്‍മാത്രം ഒഴിഞ്ഞുനിന്നു. കാരണം അവരാണ് ഇവിടെ പ്രധാന പ്രതിസ്ഥാനത്ത്.'ഇരട്ടച്ചങ്കന്‍' പിണറായി വിജയന്‍ ഭരിക്കുന്ന സെക്രട്ടേറിയറ്റ് നടയിലാണ് ശ്രീജിത്ത് നീതിക്കായി കിടന്നതെന്ന് പറയാന്‍ അവര്‍ക്ക് മടി. അതുകൊണ്ടുതന്നെ ശ്രീജിത്തിനും, മരിച്ച സഹോദരന്‍ ശ്രീജിവിനുമെതിരെ അപവാദപ്രചാരണം നടത്താനാണ് ഭരണപിന്താങ്ങികള്‍ ആദ്യം ശ്രമിച്ചത്. ഫലം തിരിച്ചാവുമെന്ന് കണ്ടപ്പോള്‍ മുഖ്യമന്ത്രി ശ്രീജിത്തിനെ ചര്‍ച്ചയ്ക്ക് വിളിച്ചു. 

അന്യജാതിയില്‍പ്പെട്ട അയല്‍ക്കാരിയെ പ്രേമിച്ചു എന്ന കുറ്റമാണ് പാറശാല സ്വദേശി ശ്രീജിവിന്റെ ജീവന്‍ നഷ്ടമാക്കിയത്. പോലീസുകാരന്റെ മകളെ പ്രേമിച്ചതിന് പോലീസ് സ്റ്റേഷനില്‍ ദാരുണമരണം. സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ മരണം ആത്മഹത്യയാക്കാന്‍ പോലീസധികാരികള്‍ മടിച്ചില്ല. ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നാരായണക്കുറുപ്പ് അധ്യക്ഷനായ പോലീസ് പരാതിപരിഹാര അതോറിറ്റി ശ്രീജിവിന്റേത്  കസ്റ്റഡി മരണമാണെന്ന് തെളിവുകള്‍ നിരത്തി പറഞ്ഞു. കേസെടുത്ത് പോലീസുകാരെ കല്‍ത്തുറുങ്കിലാക്കാന്‍ നിര്‍ദ്ദേശവും നല്‍കി. റിപ്പോര്‍ട്ടിന്മേല്‍ ഇത്രയുംകാലം അടയിരുന്നതല്ലാതെ പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പോലീസുകാര്‍ക്കെതിരെ കേസെടുത്തില്ല. പ്രതിഷേധം ശക്തമായപ്പോള്‍ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് കത്തെഴുതി കൈകഴുകി. സിബിഐ ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പുള്ളതിനാല്‍ വഴിപാടുപോലെ ഒരാവശ്യം. കേരള പോലീസിനുതന്നെ അനേ്വഷിച്ച് തെളിവുകള്‍ കണ്ടെത്താവുന്ന കേസാണിത്. ക്രൈംബ്രാഞ്ചുപോലുള്ള ഏജന്‍സികള്‍ക്ക് അനേ്വഷിക്കാം. കുറ്റാരോപിതരായ പോലീസുകാരെ മാറ്റിനിര്‍ത്താം. 

പോലീസുകാര്‍ പ്രതികളായ കേസുകള്‍ പോലീസുകാര്‍ അനേ്വഷിക്കരുതെന്ന നിയമമോ കീഴ്‌വഴക്കമോ ഇല്ല. പോലീസ് പരാതിപരിഹാര അതോറിറ്റി കുറ്റക്കാരെന്ന് കണ്ട പോലീസുകാര്‍ ഇപ്പോഴും ക്രമസമാധാനപാലനത്തിലുണ്ട് എന്നതാണ് സത്യം. ഇവര്‍ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയപ്പോള്‍ അപ്പീല്‍പോലും കൊടുക്കാതെ സര്‍ക്കാര്‍ മിണ്ടാതിരുന്നു. സമൂഹമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്ത് ജനകീയ പ്രശ്‌നമായി മാറിയപ്പോള്‍ വീണ്ടും സിബിഐക്ക് കത്ത് എഴുതിയിരിക്കുന്നു. മുല്ലപ്പൂ വിപ്ലവത്തിന്റെയോ അണ്ണാഹസാരെ സമരത്തിന്റെയോ രൂപത്തിലേക്കും ഭാവത്തിലേക്കും ശ്രീജിത്തിന്റെ സത്യാഗ്രഹം മാറിയേക്കുമോ എന്ന ഭീതി സര്‍ക്കാരിനുണ്ട്.  ശ്രീജിത്തുമായി  മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയ്യാറായതും അതുകൊണ്ടുതന്നെ. വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനങ്ങള്‍ പരാജയപ്പെട്ടാലും ജനകീയ ശക്തികള്‍ ശക്തമായി രംഗത്തുവരും എന്നതിന്റെ ഉദാഹരണമായി ശ്രീജിത്തിന്റെ സത്യാഗ്രഹം മാറിയേക്കാം. രാഷ്ട്രീയ കക്ഷികള്‍ക്കും യുവജനസംഘടനകള്‍ക്കും പാഠംകൂടിയാണിത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.