രാഹുലിന്റെ രാജ്യദ്രോഹം

Tuesday 16 January 2018 2:30 am IST

ലോകത്തെ ഏറ്റവും ക്രിയാത്മകമായ ഭരണമാതൃക ജനാധിപത്യസംവിധാനമാണ്.   ജനാധിപത്യം ഭരണം നിര്‍വ്വഹിക്കുന്നത് ജനങ്ങളുടെ പ്രാതിനിധ്യത്തെ ഭരണനിര്‍വഹണത്തിനുള്ള സ്ഥാപനങ്ങളില്‍ ഉറപ്പാക്കിക്കൊണ്ടാണ്.  ഈ പ്രക്രിയയില്‍ ഓരോ പൗരനും അവരവരുടെ പങ്ക് വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യവും, തങ്ങളുടെ ജനാധിപത്യപങ്കാളിത്തത്തെ വിലയിരുത്താനുള്ള അവകാശവുമുണ്ട്.  ഇതില്‍ ഓരോരുത്തരും  വ്യക്തി എന്ന നിലയിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല, രാജ്യത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുകകൂടിയാണ് ചെയ്യുന്നത്.  രാജ്യത്തോടുള്ള പൗരന്റെ ഉത്തരവാദിത്തങ്ങളില്‍ സ്വരാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം. താന്‍ തെരഞ്ഞെടുത്ത ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങളുടെ ശരിയായ വിലയിരുത്തലും  നിരീക്ഷണവും ഉള്‍പ്പെടുന്നു.  

ഭാരതം പിന്തുടരുന്നത് ജനാധിപത്യഭരണക്രമമാണ്. അതില്‍ പൗരന്റെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിര്‍വ്വഹിക്കേണ്ട കടമയാണ് ജനപ്രതിനിധികള്‍ ചെയ്യേണ്ടത്.  ആ ജനപ്രതിനിധികളില്‍ പ്രതിപക്ഷത്തിന് ഇരട്ട ഉത്തരവാദിത്തമാണുള്ളത്. ആദ്യത്തേത്, സാങ്കേതികമായി കക്ഷിനിലയില്‍ തങ്ങളേക്കാള്‍ മുന്നില്‍ വന്നതിനാല്‍ ഭരണം ഏറ്റെടുത്തിരിക്കുന്ന ജനപ്രതിനിധികളുടെ പ്രവര്‍ത്തനത്തെ സദുദ്ദേശ്യപരമായ വിമര്‍ശനബുദ്ധിയോടെ സമീപിക്കുക. രണ്ടാമത്തേത്, അവരുടെ സ്ഥാനത്ത് തങ്ങളിരുന്നാല്‍ എങ്ങനെ പെരുമാറുമായിരുന്നു എന്നുള്ള മാതൃക സങ്കല്‍പ്പിച്ച് ഭരിക്കുന്നവരെ തിരുത്തുകയോ അവര്‍ക്ക് വഴികാണിക്കുകയോ ചെയ്യുക.  ഇത് നിര്‍വ്വഹിക്കപ്പെടുമ്പോഴാണ് പ്രതിപക്ഷം ക്രിയാത്മകപ്രതിപക്ഷമാവുന്നത്.

നിര്‍ഭാഗ്യവശാല്‍ രാജ്യത്തെ ഇന്നത്തെ പ്രതിപക്ഷ കക്ഷികള്‍ ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. പ്രതിപക്ഷ കക്ഷികളില്‍ കോണ്‍ഗ്രസ്സും  ഇടതുപക്ഷവും പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍  ഭരണപക്ഷം പോയിട്ട്, പ്രതിപക്ഷമെങ്കിലും ആയിരിക്കാനുള്ള യോഗ്യത അവര്‍ക്കുണ്ടോ എന്നുള്ള സംശയം ജനങ്ങളില്‍ ഉളവാക്കിയിട്ടുണ്ട്. സഭയ്ക്കകത്തും  പുറത്തും പ്രതിപക്ഷകക്ഷികള്‍ എങ്ങനെ പെരുമാറുന്നു എന്നുള്ള വിലയിരുത്തലാണ് അവരെ പ്രതിപക്ഷകക്ഷിയായി അംഗീകരിക്കാനാകുമോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനം. അതൊരു സാകേതിക വിലയിരുത്തലല്ല. ഉത്തരവാദിത്തം എങ്ങനെ നിര്‍വ്വഹിക്കുന്നു എന്നതിന്റെ നിര്‍ണ്ണയിക്കലാണ്. പ്രതിപക്ഷകക്ഷികള്‍ പ്രത്യേകിച്ചും കോണ്‍ഗ്രസ്സും അതിന്റെ നേതാവായ രാഹുല്‍ ഗാന്ധിയും ഇക്കാര്യത്തില്‍ തീര്‍ത്തും പരാജയപ്പെട്ടതായി അവരുടെ പെരുമാറ്റം തെളിയിക്കുന്നു.

കോണ്‍ഗ്രസ്സിന്റെ പരമോന്നതനേതാവായി അവരോധിക്കപ്പെട്ടിരിക്കുന്ന രാഹുല്‍ ഗാന്ധി, രാജ്യത്തെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയേയും, കോണ്‍ഗ്രസ്സ് അധികാരത്തില്‍ വരികയാണെങ്കില്‍ രാജ്യത്തെ നയിക്കേണ്ട നേതാവിനെയും പ്രതിനിധീകരിക്കുന്നുണ്ട്.  ആ നിലയ്ക്ക് അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഭരണത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ രാജ്യത്തും പുറത്തുമുള്ള ഇന്ത്യക്കാരില്‍ ഇന്ത്യയിലെ അവസ്ഥകളെപ്പറ്റിയുള്ള തെറ്റിദ്ധാരണ ഉളവാക്കാത്തതായിരിക്കണം.  എന്നാല്‍, എന്ത് കഴിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുന്ന അവസ്ഥയാണ് ഇന്ത്യയിലുള്ളതെന്നും, നിങ്ങളുടെ മാതൃരാജ്യമായ ഭാരതത്തില്‍ വന്‍കുഴപ്പങ്ങളാണെന്നും ബഹറിനിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞുവച്ചു.

ഗോസംരക്ഷണം ലക്ഷ്യമാക്കിയുള്ള നിയമങ്ങള്‍ സൃഷ്ടിച്ചതില്‍ മുഖ്യപങ്ക് കോണ്‍ഗ്രസിനാണെന്ന കാര്യം  രാഹുല്‍ വിസ്മരിച്ചു.  മുപ്പതുകളിലെ സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ ഗാന്ധിജി എഴുതിയ ലേഖനങ്ങളില്‍ ഗോസംരക്ഷണം പ്രധാന വിഷയമായിരുന്നു. തനിക്ക് അധികാരം കിട്ടിയിരുന്നെങ്കില്‍ ആദ്യം ഗോവധം രാജ്യത്ത് നിരോധിച്ചേനെ എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഗാന്ധിജിയുടെ ശിഷ്യനായിരുന്ന ആചാര്യ വിനോബ ഭാവെയുടെ നിലപാടുകളും ഗോസംരക്ഷണത്തിനായി ഒരു ഭരണഘടനാവകുപ്പും, പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചുള്ള നിയമവും കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായകപങ്കുവഹിച്ചു. ഇവയൊക്കെ രാഹുല്‍ മനഃപൂര്‍വ്വം മറച്ചുവച്ചു.  ഇത്തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോള്‍ ഭരണഘടനയിലെ നിര്‍ണ്ണായകമായ നാല്‍പ്പത്തിയെട്ടാം അനുച്ഛേദം എന്താണ് പറയുന്നതെന്നും, അതെന്തിനാണ് നിര്‍മ്മിക്കപ്പെട്ടതെന്നും അദ്ദേഹം മറന്നുകളഞ്ഞു. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഗോവധനിരോധനനിയമം അതതിടങ്ങളിലെ കോണ്‍ഗ്രസ്സ് ഭരണകാലത്താണ് കൊണ്ടുവന്നതെന്ന ചരിത്രത്തെ തമസ്‌കരിക്കുകയും ചെയ്തു.  

ഭാരതത്തില്‍ മതപരമായ അസഹിഷ്ണുത ഭരണകൂടത്താല്‍ അനുഭവപ്പെടുന്നു എന്നുള്ള തെറ്റിദ്ധാരണ ലോകമെങ്ങും പരത്താനാണ് രാഹുല്‍ ശ്രമിച്ചത്.  ഭാരതത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മതവിഭാഗത്തിലെ പകുതിയോളമുള്ള സ്ത്രീകളുടെ മുഴുവന്‍ നീതിയും നിഷേധിക്കുന്നതരത്തില്‍ ഷാബാനുകേസില്‍ വോട്ടുബാങ്കിനായി ഭരണഘടന തിരുത്തിയയാളാണ് രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി.  മതപരമായ അസഹിഷ്ണുതയ്ക്കുമുന്നില്‍ തലതാഴ്ത്തി തോറ്റുകൊടുക്കുകയും, രാജ്യത്തിന്റെ ജനാധിപത്യത്തെയും ജുഡീഷ്യറിയെയും വര്‍ഗീയതയ്ക്ക് അടിയറവയ്ക്കുകയും ചെയ്തു.  മുത്തലാഖ് ബില്ലിന്മേല്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ നയങ്ങള്‍ സ്ത്രീകള്‍ക്ക് നീതി ഉറപ്പുവരുത്തുന്നതല്ല എന്നു കാണുമ്പോള്‍, സഹിഷ്ണുതയുടെ പേരുപറഞ്ഞ് അസഹിഷ്ണുതയ്ക്ക് കുടപിടിക്കുന്നതാരാണെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

രാജ്യവികസനത്തിലും  തൊഴില്‍ സൃഷ്ടിക്കുന്നതിലുമുള്ള മാതൃകയെന്ന നിലയില്‍ ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്യാനും ഇകഴ്ത്തിക്കാണിക്കാനും രാഹുല്‍ ഗാന്ധി ബഹറിനില്‍ ശ്രമം നടത്തി.  ഇത് അങ്ങേയറ്റം അപലപനീയമാണ്.  ഒന്നാമത്, നമ്മുടെ ശത്രുപക്ഷത്ത് സ്വയം നില്‍ക്കുന്ന ഒരു രാജ്യം താരതമ്യത്തിന് ഉത്തമമല്ല.  ചൈന ഇന്ത്യയെ വഞ്ചിച്ചതും, നമ്മുടെ ശത്രുവായി മാറിയതും കോണ്‍ഗ്രസ്സ് ഭരണകാലത്താണ്.  അവര്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാനുമായി കൈകോര്‍ക്കുന്നവരാണ്. ഇന്ത്യയെ സൈനികമായി ചുറ്റിവരിയാനും ശിഥിലീകരിച്ച് ദുര്‍ബ്ബലമാക്കാനും ശ്രമിക്കുന്നവരാണ്. ഇതൊക്കെ രാഹുല്‍ ഗാന്ധി എന്ന എം പിയെ, മുന്‍ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന ഒരാളെ, പറഞ്ഞുമനസ്സിലാക്കേണ്ട കാര്യമില്ല.  

വികസനത്തിന് ചൈനീസ് മാതൃക വേണോ വേണ്ടയോ എന്നുള്ള ചോദ്യം രാഹുല്‍ ഗാന്ധിയുടെതന്നെ മുത്തശ്ശിയുടെ പിതാവും ആദ്യ പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് വന്നിട്ടുണ്ട്.   അക്കാലത്ത് ചൈനയുടെ ഇരുപത്തഞ്ച് ശതമാനം വികസനമെന്ന മോഡല്‍ ഇന്ത്യക്ക് വേണ്ടെന്നും, പാവപ്പെട്ടവര്‍ കൂടുതലുള്ള ഇന്ത്യക്ക് എട്ടുശതമാനം വളര്‍ച്ചയുടെ മാതൃകയാകും അഭികാമ്യമാകുകയെന്നും നിശ്ചയിച്ചത് നെഹ്‌റു തന്നെയാണ്.  ചൈനയോട് താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യംകൂടി പഠിക്കാന്‍ നെഹ്രുവിന്റെ കൊച്ചുമകന്‍ തയ്യാറാകണമായിരുന്നു.  യുവാക്കള്‍ക്ക് തൊഴിലുകള്‍, അതും ഇരുപത്തിനാലുമണിക്കൂറില്‍ അന്‍പതിനായിരം തൊഴിലുകള്‍ സൃഷ്ടിക്കുന്നവരെന്ന് രാഹുല്‍ പൊക്കിപ്പറഞ്ഞ ചൈന, അവരുടെ നാട്ടിലെ യുവാക്കളെ ടിയാനന്‍മെന്‍ ചത്വരത്തില്‍ നേരിട്ടത് എങ്ങനെയായിരുന്നുവെന്ന് അറിയില്ലെങ്കില്‍ ഗൂഗിള്‍ പറഞ്ഞുതരും.  അതില്‍ ഇന്നും ഖേദം പ്രകടിപ്പിക്കാത്ത തെമ്മാടിരാഷ്ട്രത്തെ നമ്മള്‍ മാതൃകയാക്കേണ്ട ആവശ്യമില്ല.  ആവശ്യമുണ്ടെങ്കില്‍ അതിനുള്ള ഇന്ത്യയിലെ ഏക സംഭവവികാസം, രാഹുലിന്റെ മുത്തശ്ശി ഭരണത്തില്‍ തുടരാന്‍ ഇന്ത്യക്കാരുടെമേല്‍ പ്രയോഗിച്ച അടിയന്തരാവസ്ഥ മാത്രമാണ്.

രാഹുലിനെതിരെ ഇതിലൊക്കെയുണ്ടായ പ്രതിഷേധങ്ങളില്‍ അധികം വിഷമിക്കേണ്ടെന്നും,  ഒറ്റയ്ക്കല്ലെന്നുമുള്ള സന്ദേശമാണ് പാര്‍ലമെന്റിലെ കോണ്‍ഗ്രസ്സിന്റെ ബി ടീമായ സിപിഎം നല്‍കുന്നത്.  ഇന്ത്യ, ചൈനയെ സൈനികമായി ചുറ്റിവരിയുന്നു എന്നതാണല്ലോ കേരളത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സങ്കടം.  രാഹുലിനോട് ജനങ്ങള്‍ക്ക് പറയാനുള്ളത് ചൈന ഈ രാജ്യത്തിനൊരു മാതൃകയല്ല എന്നാണെങ്കില്‍, കോടിയേരിയോട് പറയാനുള്ളത് ചൈനയെ സൈനികമായി ചുറ്റിവരിയാനുള്ള ശക്തി ഭാരതം ആര്‍ജ്ജിച്ചെങ്കില്‍, അതില്‍ നാം അഭിമാനിക്കുന്നു എന്നാണ്.   

രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന തരത്തില്‍ രാജ്യത്തിനു വെളിയില്‍ വിഷലിപ്തപ്രചാരണം നടത്തുന്നവരും, ഈ രാജ്യം സൈനികമായി ശക്തിപ്രാപിക്കുന്നതില്‍ സങ്കടപ്പെടുന്നവരും ഈ നാട്ടിലെ പൗരന്മാര്‍ അത്തരം ജനപ്രതിനിധികളെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ മറക്കുകയും, അവ നിറവേറ്റുന്നതില്‍ പരാജയപ്പെടുകയുമാണ് ചെയ്യുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.