മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും എതിരെ നരഹത്യക്കു കേസെടുക്കണം: ബിജെപി

Tuesday 16 January 2018 2:30 am IST

തൃശൂര്‍: മരുന്നു വാങ്ങാന്‍ പോലും പണമില്ലാതെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ സമരം നടത്തുമ്പോള്‍  അടിയന്തര നടപടിയെടുക്കാതെ ധിക്കാരപരമായി പെരുമാറുന്ന മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കിനുമെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍. 

സിപിഎമ്മും പിണറായി സര്‍ക്കാരും നൂറു ശതമാനവും തൊഴിലാളിവിരുദ്ധ നടപടികളാണ് തുടരുന്നത്. കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൂത്താട്ടുകളത്ത് ആശ്രിതയായ വീട്ടമ്മ ആത്മഹത്യ ചെയ്തിട്ടും പുറംതിരിഞ്ഞ് നില്‍ക്കുന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും നടപടി അപലപനീയമാണ്. തൊഴിലാളികളെ വെല്ലുവിളിക്കുന്ന ധനമന്ത്രിയുടെ നടപടിക്കെതിരെ ബിജെപി പ്രക്ഷോഭം നടത്തും. മന്ത്രിയുടെ ജില്ലയില്‍ നിന്നു തുടങ്ങുന്ന പ്രക്ഷോഭം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും, വാര്‍ത്താ സമ്മേളനത്തില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഇന്ത്യയില്‍ ജീവിച്ച് ചൈനയോട് കൂറ് പുലര്‍ത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാജ്യദ്രോഹിയാണ്. കുലംകുത്തിയായ കോടിയേരി രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന റിക്രൂട്ട് ഏജന്റായാണ് പ്രവര്‍ത്തിക്കുന്നത്. ചൈനയോട് കൂറുപുലര്‍ത്തി ആലപ്പുഴയില്‍ കോടിയേരി നടത്തിയ പരസ്യ പ്രസ്താവന ഇന്ത്യാവിരുദ്ധമാണ്. ചൈനയില്‍ നിന്ന് കമ്മീഷന്‍ പറ്റുന്ന പാര്‍ട്ടിയാണിപ്പോള്‍ സിപിഎം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ബഹ്‌റിനില്‍ നടത്തിയ പ്രസ്താവനയും ചൈനയ്ക്ക് അനുകൂലമാണ്. ഇത്തരം നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായെടുക്കുമെന്നാണ് പ്രതീക്ഷയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.  ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ എ. നാഗേഷും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.