നഴ്‌സുമാര്‍ക്ക് 30,000 രൂപ ശമ്പളം നല്‍കുമെന്ന് ക്യാന്‍സര്‍ സെന്റര്‍

Tuesday 16 January 2018 2:30 am IST

കോഴിക്കോട്: ബിഎസ്‌സി നഴ്‌സുമാര്‍ക്ക്  30,000 രൂപയും ജിഎന്‍എംകാര്‍ക്ക് 25,000 രൂപയുമായി ശമ്പളം വര്‍ധിപ്പിക്കുമെന്ന് ചാത്തമംഗലം എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ മാനേജ്‌മെന്റ്. ഈ മാസം മുതല്‍ പുതുക്കിയ ശമ്പളം പ്രാബല്യത്തില്‍ വരുമെന്ന് ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സഹകരണ ആശുപത്രികളിലെ ശമ്പളവര്‍ധന സംബന്ധിച്ച് നിലവില്‍ ധാരണ ഉണ്ടായിട്ടില്ല. ബിഎസ്‌സികാര്‍ക്ക് 22,000വും ജിഎന്‍എംമാര്‍ക്ക് 18,000 വുമാണ് സഹകരണ ആശുപത്രികളില്‍ ഇപ്പോള്‍ നല്‍കുന്നത്. ഇതില്‍ നിന്നാണ് 36-38 ശതമാനം വരെ വര്‍ധന എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ പ്രഖ്യാപിച്ചത്.

സ്വാശ്രയ ആശുപത്രികളിലെ ശമ്പളം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ പരാതി സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് സഹകരണ ആശുപത്രിയായ എംവിആറിന്റെ പുതിയ തീരുമാനം. ഇതിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളില്‍നിന്ന് എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ സുപ്രീംകോടതി വിധി അനുസരിച്ച് 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 20,000 രൂപ, നൂറു കിടക്കകള്‍ ഉള്ളിടത്ത് 24,600, 200 വരെയുള്ളിടങ്ങളില്‍ 27,000, അതിനുമുകളില്‍ സര്‍ക്കാര്‍ നഴ്‌സുമാരുടെ ശമ്പളവുമാണ് നിര്‍ദ്ദേശിച്ചത്.  ശമ്പളം നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയും സുപ്രീംകോടതി സമിതിയുടെ ശമ്പളഘടനയാണ് ശുപാര്‍ശ ചെയ്തത്. 40 ശതമാനം വര്‍ധനയും ബത്തയും നല്‍കാമെന്നായിരുന്നു മാനേജ്‌മെന്റ് നിലപാട്. മാനേജ്‌മെന്റുകളുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് അടിസ്ഥാനശമ്പളം 20,000 ആക്കി കരട് വിജ്ഞാപനം ഇറക്കിയത.്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.