സാന്ത്വനപരിചരണത്തില്‍ മാതൃകയായി തൃക്കടീരി പഞ്ചായത്ത്

Tuesday 16 January 2018 2:50 am IST

പാലക്കാട് : ഒരു സാന്ത്വനപരിചരണ ദിനം കൂടി കടന്നു പോയി. രോഗം മൂലം ജീവിതം പ്രതിസന്ധിയിലായ മനുഷ്യരുടെ കിടക്കയ്ക്കരികില്‍ പരിചരണമെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടായി. ഈ പരിചരണ പദ്ധതി സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് പത്തു വര്‍ഷവും. പക്ഷേ രോഗിയുടെയും കുടുംബത്തിന്റെയും അന്തസ് സംരക്ഷിച്ചുകൊണ്ടുള്ള സാന്ത്വന പരിചരണത്തിന് കേരളം ഇനിയും കാത്തിരിക്കണമെന്നാണ് ചരിത്രപാഠം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത മാതൃക സൃഷ്ടിക്കുകയാണ് കേരളത്തിലെ ഒരു പഞ്ചായത്ത്. ഒറ്റപ്പാലം ബ്ലോക്കിനു കീഴിലെ ഒരു ചെറിയ പഞ്ചായത്തായ തൃക്കടീരിയാണ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ രംഗത്ത് മാതൃകയാവുന്നത്.

എല്ലാ വാര്‍ഡുകളിലും ഇരുപതു പേരില്‍ കുറയാത്ത വാര്‍ഡ്തല പാലിയേറ്റീവ് കമ്മിറ്റികളുണ്ടാക്കിയ  സംസ്ഥാനത്തെ ആദ്യ പഞ്ചായത്താണ് തൃക്കടീരി. അര്‍ഹരായ മുഴുവന്‍ രോഗികളെയും രജിസ്റ്റര്‍ ചെയ്തു. എല്ലാ സന്നദ്ധസേവകന്മാര്‍ക്കും രോഗീപരിചരണത്തില്‍ പ്രത്യേക  പരിശീലനം. എല്ലാ സ്‌കൂളുകളിലും പാലിയേറ്റീവ് ക്ലബുകള്‍. എല്ലാ വാര്‍ഡിലും ഓരോ കമ്മ്യൂണിറ്റി നഴ്‌സിനെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കാനുള്ള ശ്രമം. പഞ്ചായത്തില്‍ നിന്നു ലഭിക്കാന്‍ സാങ്കേതിക തടസ്സങ്ങളുള്ള സഹായങ്ങള്‍ സന്നദ്ധസേവകര്‍ നേരിട്ടിറങ്ങി ചെയ്തുകൊടുക്കും. വാര്‍ഡ്തലത്തിലാണ്  അവലോകനയോഗം ചേരുക. രോഗികളുടെയോ രോഗീപരിചരണത്തിന്റെയോ ഫോട്ടോ എടുക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി, രോഗിയുടെയും കുടുംബത്തിന്റെയും അന്തസ്സ് സംരക്ഷിക്കാനും ഇവര്‍ ജാഗ്രത കാണിക്കുന്നു. സാന്ത്വന പരിചരണരംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോകാനുള്ള മനസ്സാണ് തൃക്കടീരിയുടെ കരുത്ത്. ഇവരുടെ അയലത്തുള്ള ശ്രീകൃഷ്ണപുരം പഞ്ചായത്തും ചില മാതൃകകള്‍ നടപ്പാക്കുന്നുണ്ട്. 

അര്‍ബുദ രോഗികളെ മാത്രം ലക്ഷ്യം വച്ചു തുടങ്ങിയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനങ്ങളില്‍ സന്നദ്ധസംഘടനകള്‍ കാണിക്കുന്ന ശുഷ്‌ക്കാന്തി സര്‍ക്കാരിനില്ലെന്ന വിമര്‍ശനം പൊതുവേയുണ്ട്. മലപ്പുറം ജില്ലയില്‍ എന്‍എന്‍പിസി കൂട്ടായ്മ 2017ല്‍ നടത്തിയ കണക്കെടുപ്പനുസരിച്ച് ഒരു പഞ്ചായത്തില്‍ സാന്ത്വന പരിചരണം അര്‍ഹിക്കുന്ന 350 പേരുണ്ട്. അര്‍ബുദരോഗം ബാധിച്ചവര്‍ മുതല്‍ മനോരോഗികളും വിഭിന്നശേഷിക്കാരുമെല്ലാം ഇതിലുള്‍പ്പെടും. ഇത്തരം രോഗികളെ ഉള്‍ക്കൊള്ളുന്നതിലേക്ക് വളരാന്‍ സര്‍ക്കാരിന്റെ പാലിയേറ്റീവ്  സംവിധാനങ്ങള്‍ക്കായിട്ടില്ല. കട്ടിലും വീല്‍ചെയറും നല്‍കുന്ന സഹായ വിതരണ കേന്ദ്രങ്ങളായി മാത്രം പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ മാറിയെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് തൃക്കടീരി പഞ്ചായത്ത് സാന്ത്വനപരിചരണരംഗത്ത് പ്രതീക്ഷയാവുന്നത്.

 

ഗിരീഷ് കടുന്തിരുത്തി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.