ചെലമേശ്വറും കൂട്ടരും ഭരണഘടനാ ബെഞ്ചിനു പുറത്ത്

Tuesday 16 January 2018 2:55 am IST

ന്യൂദല്‍ഹി:  പത്രസമ്മേളനം വിളിച്ച് പരാതികളുടെ കെട്ടഴിച്ച നാല് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാരെ ഭരണഘടനാ ബെഞ്ചില്‍ നിന്ന് പുറത്താക്കി ചീഫ് ജസ്റ്റിസ് കടുത്ത നടപടി തുടങ്ങി. കോടതിക്കുള്ളില്‍  തീര്‍ക്കേണ്ട കാര്യങ്ങള്‍ പരസ്യമായി വിളിച്ചുപറഞ്ഞ്  പരമോന്നത നീതി പീഠത്തിന്റെ വിശ്വാസ്യത തകര്‍ത്ത അവരുടെ ആവശ്യങ്ങള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര  തള്ളുകയും ചെയ്തു,  

അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ്  എന്നിവരെ ഒഴിവാക്കി  പുതിയ ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കി. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം തേടുന്ന  ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ശന്തനു ഗൗഡര്‍ എന്നിവരുടെ ബെഞ്ച് തന്നെ ഇന്ന് പരിഗണിക്കാനും ചീഫ് ജസ്റ്റിസ് തീരുമാനിച്ചു. 

 നാലു ജഡ്ജിമാരുടെയും പ്രധാന ആവശ്യങ്ങള്‍ തള്ളിയതോടെ ഇവര്‍ക്കു  മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതായി.  സമവായ ചര്‍ച്ചകളും പ്രതിസന്ധിയിലായി. പത്രസമ്മേളനം വിളിച്ച നാലു  ജഡ്ജിമാരുടെ നടപടിയില്‍ സുപ്രീംകോടതിയിലെ മറ്റു ജഡ്ജിമാര്‍ക്കുള്ള അതൃപ്തിയും പ്രതിഷേധവും കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസിന്റെ തീരുമാനം. 

പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ചീഫ് ജസ്റ്റിസിനെതിരായ നിലപാടില്‍ മാറ്റമില്ലെന്നും വിമത ജഡ്ജിമാരോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇനി പരസ്യ പ്രതിഷേധം നടത്താനാവാത്ത അവസ്ഥയുണ്ട്. ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ച ജഡ്ജിമാരില്‍ രഞ്ജന്‍ ഗൊഗോയ് താന്‍ തെറ്റിദ്ധരിക്കപ്പെട്ട് മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നതാണെന്ന തരത്തില്‍ പ്രതികരിച്ചെന്ന അഭ്യൂഹങ്ങളുമുണ്ട്. 

  ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ.കെ. സിക്രി, എം.എ ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് അംഗങ്ങള്‍. ആധാര്‍, ശബരിമല സ്ത്രീപ്രവേശനം, സ്വവര്‍ഗ്ഗരതി കുറ്റകരമാക്കിയത് പുനഃപരിശോധിക്കല്‍ തുടങ്ങിയ കേസുകളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.

 

 

എസ്. സന്ദീപ്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.