പ്രതിസന്ധി : തദ്ദേശ സ്ഥാപനങ്ങളില്‍നികുതി കൂട്ടാന്‍ നീക്കം

Tuesday 16 January 2018 8:10 am IST

കോട്ടയം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ നികുതി വര്‍ദ്ധന സര്‍ക്കാര്‍ പരിഗണിക്കുന്നു. പഞ്ചായത്തുകളുടെയും നഗരസഭകളുടെയും മുഖ്യവരുമാന സ്രോതസ്സുകളായ തൊഴില്‍ നികുതി, വസ്തുനികുതി, പരസ്യനികുതി, കെട്ടിട നിര്‍മ്മാണ അനുമതി ഫീസ്, ഡി ആന്‍ഡ് ഒ (ഡെയ്ഞ്ചറസ് ആന്‍ഡ് ഒഫന്‍സീവ്) ലൈസന്‍സ് ഫീസ് തുടങ്ങിയവയാണ് വര്‍ദ്ധിപ്പിക്കുന്നത്. 

സാമ്പത്തിക പ്രതിസന്ധി മൂലം തദ്ദേശ സ്ഥാപനങ്ങളില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്. ഇത് കൂടാതെ 2500 കോടി രൂപയോളം ലോകബാങ്കില്‍ നിന്ന് സര്‍ക്കാര്‍  വായ്പ എടുക്കുന്നുണ്ട്. തദ്ദേശ മിത്രം എന്ന പേരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ രണ്ടാംഘട്ടത്തിന് വേണ്ടിയാണ് കടമെടുക്കുന്നത്.      

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നികുതിവര്‍ദ്ധന അനിവാര്യമാണെന്ന് ആസൂത്രണ സമിതി യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടനികുതിയിലാണ് അടിയന്തരമായി പരിഷ്‌കരണം വേണ്ടതെന്നാണ് ഓഡിറ്റ് വിഭാഗം പറയുന്നത്. നിലവില്‍ 3 മുതല്‍ 8 രൂപ വരെയാണ് തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നികുതി നിശ്ചയിച്ചിരിക്കുന്നത്. ഇത് ഇരട്ടിയാക്കണമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദ്ദേശം. മറ്റ് നികുതികളും കാലാനുസൃതമായി പരിഷ്‌കരിക്കണം. പരസ്യ, ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ആധിക്യം കുറയ്ക്കാന്‍ ഉയര്‍ന്ന നികുതി ചുമത്തണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നു. തൊഴില്‍ നികുതി നിലവില്‍ 2500 രൂപയാണ്. ഇത് കൂട്ടണമെന്നും ശുപാര്‍ശയുണ്ട്. 

നിര്‍ദ്ദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ ചുമതലപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങള്‍ വിഭവ സമാഹരണത്തില്‍ പിന്നിലാണെന്നാണ് ലോക ബാങ്കിന്റെ റിപ്പോര്‍ട്ടിലും പറയുന്നത്. പണം ചെലവഴിക്കുന്നതിലും ഈ അനാസ്ഥ കാണാം. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ഉള്ളപ്പോഴും പദ്ധതി വിഹിതം 30 ശതമാനം പോലും ചെലവഴിക്കാന്‍ സാധിച്ചിട്ടില്ല. 

2013ല്‍ ആണ് അവസാനമായി നികുതി പരിഷ്‌കരിച്ചത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം നികുതി പരിഷ്‌കരണം ഉണ്ടാകും. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ലോക ബാങ്ക് വായ്പയും പരിഷ്‌കരണത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. 2013ല്‍ നികുതി പരിഷ്‌കരണം പൂര്‍ണ്ണമായി നടപ്പാക്കിയിരുന്നില്ല. ഒരു വാര്‍ഡിലെ എല്ലാ കെട്ടിടങ്ങളുടെയും നികുതി നിര്‍ണ്ണയം പോലും പൂര്‍ണ്ണമായി നടത്താന്‍ കഴിഞ്ഞിട്ടില്ല. ചില വാര്‍ഡുകളില്‍ 50 ശതമാനവും മറ്റ് ചില വാര്‍ഡുകളില്‍ 40 ശതമാനവും മാത്രമാണ് കെട്ടിട നികുതി നിര്‍ണ്ണയം നടത്തിയത്. ഇക്കാരണത്താല്‍ പഴയ നിരക്കിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നികുതി ലഭിക്കുന്നത്. വിഭവ സമാഹരണം കുറയാന്‍ ഇതാണ് മുഖ്യകാരണമായി ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാണിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.