സംവിധായകന്‍ കമലിനെതിരെ സിപിഎം നേതാവ്

Tuesday 16 January 2018 8:14 am IST

തൃശൂര്‍: നടി വിദ്യാ ബാലനെ അപമാനിച്ച സംവിധായകന്‍ കമലിനെതിരെ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ബാബു എം. പാലിശേരി. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രമാണ് വിവാദമായത്. ഈ ചിത്രത്തില്‍ നായികയാക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത് വിദ്യ ബാലനെയാണ്. വിദ്യ പിന്നീടു പിന്മാറി. 

ഇതെക്കുറിച്ചാണ് കമല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വിദ്യാ ബാലനായിരുന്നുവെങ്കില്‍ ആമിയില്‍ കൂടുതല്‍ ലൈംഗികത കടന്നു വരുമായിരുന്നുവെന്നാണ് കമല്‍ പറഞ്ഞത്. ഇതിനെതിരെയാണ് ബാബു പാലിശ്ശേരി  ഫേസ്ബുക്കില്‍ കുറിച്ചത്. കമല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അയാളോട് പുച്ഛം തോന്നുന്നുവെന്നാണ് ബാബു പാലിശേരി കുറിപ്പില്‍ പറയുന്നത്.

കമലിന്റെ പ്രസ്താവന കണ്ടതായി നടിക്കാതെ ഇടതു ബുദ്ധിജീവികളും സിപിഎം നേതൃത്വവും നിശബ്ദത പുലര്‍ത്തുന്നതിനിടെയാണ് പാലിശേരിയുടെ വിമര്‍ശനം. വിവാദ പ്രസ്താവനയെത്തുടര്‍ന്ന് കമലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും സിപിഎം നേതൃത്വം ഉറക്കം നടിക്കുകയായിരുന്നു. 

ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് അച്ചടക്ക നടപടിക്ക് വിധേയനായി ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട ബാബു പാലിശേരിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുന്നംകുളത്ത് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പലകാര്യങ്ങളിലും സ്വന്തം നിലപാട് വ്യക്തമാക്കുകയാണ് പാലിശേരി. പലതും പാര്‍ട്ടി നേതൃത്വത്തിന് അപ്രിയമായിട്ടും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.