ശബരിമലയില്‍ പോലീസിന്റെ പിടിവാശി: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Tuesday 16 January 2018 8:16 am IST

ശബരിമല: തിരുവാഭരണ ഘോഷയാത്ര കടന്നു വരവെ വലിയ നടപ്പന്തലില്‍ പോലീസ് സ്വീകരിച്ച പിടിവാശിയില്‍ തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. തിക്കിലും തിരക്കിലും പെട്ട് നിരവധി അയ്യപ്പന്മാര്‍ വലഞ്ഞു. തിരുവാഭരണ ഘോഷയാത്ര പത്ത് മിനിട്ട് തടസ്സപ്പെട്ടു. തിരക്കില്‍ മേളവും തിരുവാഭരണ പേടക വാഹകരുടെ നൃത്തച്ചുവടുകളും നിലച്ചു. ആദ്യ സംഭവമെന്ന് ഘോഷയാത്രയ്ക്ക് ഒപ്പമുള്ളവര്‍. ദേവസ്വം വിജിലന്‍സ് അന്വേഷിക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ്.  

തിരുവാഭരണ പേടകത്തിന്റെ മുന്‍പിലായി പന്തളം മുതല്‍ വരുന്ന ഇരുമുടിക്കെട്ടേന്തിയ അയ്യപ്പന്മാര്‍ പതിനെട്ടാംപടിക്ക് താഴെവരെ അനുഗമിക്കുന്നതാണ് കീഴ്‌വഴക്കം. ഇതിനു ശേഷം തിരുവാഭരണ പേടകങ്ങള്‍ പതിനെട്ടാം പടിയിലുടെ സോപാനത്തേക്ക്  പ്രവേശിക്കും. 

ദീപാരാധനയ്ക്ക് ശേഷം ആദ്യം പതിനെട്ടാംപടി ചവിട്ടാനുള്ള അനുവാദം തിരുവാഭരണത്തിനൊപ്പം എത്തുന്ന അയ്യപ്പന്മാര്‍ക്കാണ്. എന്നാല്‍ ഇക്കുറി പോലീസ് പതിവ് തെറ്റിച്ചു. തിരുവാഭരണത്തിന് മുന്‍പിലായി ഇരുമുടിക്കെട്ടേന്തി വന്നവരെ നടപ്പന്തലില്‍ തടഞ്ഞു പുറത്തേക്ക് മാറ്റാനായിരുന്നു പോലീസിന്റെ നീക്കം.

തിരുവാഭരണ ഘോഷയാത്ര മുഴുവന്‍ വലിയ നടപ്പന്തലില്‍ വടം കുറുകെ കെട്ടി പോലീസ് തടഞ്ഞു. ഇതിനു ശേഷം തീര്‍ഥാടകരെ മാറ്റാന്‍ ശ്രമിച്ചു. പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് ബലം പ്രയോഗിച്ചതോടെ വലിയ തിക്കും തിരക്കും അനുഭവപ്പെട്ടു. തിരുവാഭരണ പേടകത്തിന് മുന്‍പിലുണ്ടായിരുന്ന തീവെട്ടിക്കും മേളക്കാര്‍ക്കും മുന്നോട്ട് പോകാന്‍ സാധിച്ചില്ല. 

ഉന്തിലും തള്ളിലും പെട്ട് മേളം നിലച്ചു. മേളം നിന്നതോടെ തിരുവാഭരണ പേടക വാഹകരുടെ താളച്ചുവടുകളും നിന്നു. ചില പോലീസുകാര്‍ അയ്യപ്പന്മാരെ മര്‍ദിച്ചതായും പരാതി ഉയര്‍ന്നു. തിക്കിലും തിരക്കിലും പെട്ട് അയ്യപ്പന്മാര്‍ തളര്‍ന്നു. പത്ത് മിനിട്ടോളം ഇതേ അവസ്ഥ തുടര്‍ന്നു. അപകടം മണത്ത പോലീസ് ഉദ്യോഗസ്ഥന്മാര്‍ വടം അഴിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

ഈ സമയം ഓടിയെത്തിയ സന്നിധാനം എസ്‌ഐ വിനോദ്കുമാറിന്റെ അവസരോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവായത്. അദ്ദേഹം വടം ഉയര്‍ത്തി അയ്യപ്പന്മാരെ മുന്നോട്ട് മാറ്റി. ഇതോടെ തിക്കും തിരക്കും ഒഴിവായി. ആദ്യമായാണ് ഇത്തരത്തില്‍ ഒരു അവസ്ഥയെന്ന് തിരുവാഭരണത്തിനൊപ്പം എത്തിയവര്‍ പറഞ്ഞു. 

പത്ത് മിനിട്ടോളം താമസിച്ചാണ് ഈ വര്‍ഷം ദീപാരാധന നടന്നത്. സംഭവത്തില്‍ പന്തളം കൊട്ടാരവും ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയും പ്രതിഷേധിച്ചു.  തിരുവാഭരണ ഘോഷയാത്ര യാത്രയ്ക്ക് തടസ്സം നേരിട്ടതില്‍ ഗുരുസ്വാമിയെ നേരിട്ട് കണ്ട് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ തിരുവാഭരണ പേടകം കയറുമ്പോഴുള്ള തിരക്ക് കുറയ്ക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് വടംകെട്ടി തടഞ്ഞതെന്നാണ് പോലീസ് വിശദീകരണം. 

 

 

അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ശബരിമല: തിരുവാഭരണ ഘോഷയാത്ര തടഞ്ഞതായുള്ള പരാതിയില്‍ ദേവസ്വം വിജിലന്‍സ് എസ്പിയോട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.  ഇന്ന് കൂടുന്ന ബോര്‍ഡ് യോഗത്തില്‍ റിപ്പോര്‍ട്ട് പരിശോധിക്കും. ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തില്‍ വീഴ്ചയുണ്ടായെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. പോലീസിനാണ് വീഴ്ച സംഭവിച്ചതെങ്കില്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തുനല്‍കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.