ഇത് ചെറുപ്പം എഴുതിയ ജനാധിപത്യം

Tuesday 16 January 2018 8:29 am IST

മൊബൈലില്‍ യൗവനം പാഴാക്കുന്നുവെന്ന വിളിപ്പേരു ദോഷത്തിന്റെ കടയൂരിയെറിഞ്ഞ് തീച്ചൂടുള്ള നന്മയുടെ പുതിയ ജനാധിപത്യക്രമത്തിന്റെ മുദ്രാവാക്യം പൊതു സമൂഹത്തിനു കഴിഞ്ഞ ദിവസം കൈമാറിയത് പതിനായിരക്കണക്കിനു ചെറുപ്പം. സെക്രട്ടറിയേറ്റിനു മുന്നില്‍ ഇങ്ങനെയൊരു ചെറുപ്പത്തിന്റെ നദി ഒഴുകിയെത്തിയത് കേരള ചരിത്രത്തില്‍ ആദ്യം. രാഷ്ട്രീയത്തിന്റെ പേരില്‍ മുദ്രാവാക്യവും അലര്‍ച്ചയും പോര്‍വിളികളുമായി പതിനായിരക്കണക്കിനു കൂട്ടായ്മകണ്ടു മടുത്ത സെക്രട്ടറിയേറ്റു പരിസരം നാളുകള്‍ക്കു ശേഷം കണ്ണും കാതും തുറന്നുവെച്ച് കാണുകയും കേള്‍ക്കുകയും ചെയ്ത വേറിട്ട  കാഴ്ചയും ശബ്ദവുമായിരുന്നു അത്. പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട അനുജന്‍ ശ്രീവിജിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 762 ദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യഗ്രഹം കിടന്ന ജ്യേഷ്ഠന്‍ ശ്രീജീത്തിനു ഐക്യം പ്രഖ്യാപിച്ചാണ് ആര്‍ക്കും പാഠമായ ചെറുപ്പക്കൂട്ടായ്മ സെക്രട്ടറിയേററിനു മുന്നില്‍പ്രവാഹമായെത്തിയത്.

ശ്രീജിത്തിന്റെ സമരത്തിനു ഐക്യദാര്‍ഢ്യമുയര്‍ത്തിയ സോഷ്യല്‍ മീഡിയയുടെ ആഹ്വാനമാണ് സ്വന്തം മനസാക്ഷിയുടെ ഉള്‍വിളിയുമായി ആയിരങ്ങളെ എത്തിച്ചത്്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് എന്ന ഹാഷ് ടാഗ് അതിനു മുന്‍പേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം എന്ന മുദ്രാവാക്യത്തിനു തന്നെയുണ്ടായിരുന്നു നവമായൊരു ബദല്‍ ജാഗ്രതയുടെ പോരാട്ട വീര്യം. ആ മുദ്രാവാക്യം ഇപ്പഴും പലതും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു. പ്രമുഖര്‍ക്കുമാത്രം കൂടെയാകുന്ന നമ്മുടെ പൊങ്ങച്ചക്കാര്‍ക്കു മുഖത്തേറ്റ അടികൂടിയായിരുന്നു അത്. ആരുടേയും സമ്മര്‍ദമില്ലാതെ അവരവര്‍ക്കുള്ളിലെ രാഷ്ട്രീയം ഉള്ളില്‍ അവധിക്കുവെച്ച് കക്ഷിരാഷ്ട്രീയത്തെ പടിക്കുപുറത്താക്കിയ കൂട്ടായ്മ.സ്വയം നിയന്ത്രിച്ചു ശാന്തരായി ആര്‍ക്കും ശല്യമാകാതെ ഈ അസമാധാനകാലത്ത് സമാധാനത്തിന്റെ ശാന്ത ഗംഭീരമായ പ്രകമ്പനം തീര്‍ത്ത കൂട്ടായ്മ.

പാറശാല പോലീസ് കസ്റ്റഡിയില്‍വെച്ച് ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് 2014 മാര്‍ച്ച് 21ന് മരണപ്പെടുന്നത്.ലോക്കപ്പില്‍ വിഷം കഴിച്ചു മരിച്ചെന്നായിരുന്നു പോലീസ് ഭാഷ്യം. ശ്രീജിവ് ക്രൂരമായ ലോക്കപ്പ് മര്‍ദനത്തിനിരയായെന്നും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച വിഷം ലോക്കപ്പില്‍വെച്ചു കഴിച്ചുവെന്നായിരുന്നു പോലീസിന്റെ പിന്നീടുള്ള വിശദീകരണം.എന്നാല്‍ ശ്രീജിവിന്റേത് ലോക്കപ്പ് മരണമാണെന്നും വിഷം പോലീസ് ബലമായി കഴിപ്പിച്ചതാണെന്നും ജസ്റ്റിസ്. നാരായണക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള പോലീസ് കംപ്‌ളെയ്ന്റ് സെല്‍ അതോറിറ്റിയുടെ അന്വേഷണത്തില്‍ വ്യക്തമായി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്തുപറഞ്ഞ് ശിക്ഷിക്കണമെന്നും വകുപ്പു നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

നീതിയും നിയമവും സര്‍ക്കാരും കൈവിട്ടതോടെയാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങിയത്. ഈ ചെറുപ്പക്കാരന്റെ തുടര്‍ സമരങ്ങളുടെ ഫലമായി കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ സിബിഐഅന്വേഷണത്തിനു ഉത്തരവിട്ടു. ശ്രീജിത്ത് കഴിഞ്ഞ ഒരുമാസമായി നിരാഹാര സമരത്തിലായിരുന്നു. ഇയാളുടെ ആരോഗ്യം മോശമായിട്ടും ആരും തിരിഞ്ഞുനോക്കാതെ വന്നപ്പോഴാണ് സോഷ്യല്‍ മീഡിയ ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്് ക്യംെപയ്ന്‍ ആരംഭിക്കുന്നത്.

മാറിവരുന്ന സര്‍ക്കാരുകള്‍ പോലീസിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നതുകൊണ്ടാണ് ഇത്തരം കസ്റ്റഡി മരണങ്ങളും മറ്റും സംഭവിക്കുന്നത്. പോലീസിന് എന്തുമാകാമെന്നു വന്നിരിക്കുന്നു. ജയിലില്‍ കിടക്കേണ്ട പല പോലീസ് ക്രിമിനലുകളാണ് പോലീസിനെ തന്നെ ഭരിക്കുന്നത്. പിണറായി വിജയന്റെ പോലീസും കയറൂരിവിട്ട നിലയില്‍തന്നെയാണ്. ചെറുപ്പം ഇങ്ങനെ നിതാന്ത ജാഗ്രതയോടെ ഉണര്‍ന്നിരുന്നാല്‍ കേരളം മാറും. മനുഷ്യന്റെ വേദനകളോടും അവകാശങ്ങളോടും വിവേകഭരിതമായി ചേര്‍ന്നു നില്‍ക്കുന്ന ചെറുപ്പമാണ് ഭാവിയുടെ കരുതല്‍. 

 

                          

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.