നെതന്യാഹുവും ഭാര്യയും ഇന്ന് താജ്മഹലില്‍

Tuesday 16 January 2018 10:55 am IST

ന്യൂദല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഭാര്യ സാറയും ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും.ആറു ദിവസത്തെ ഇന്ത്യ  സന്ദര്‍ശനത്തിനെത്തിയ നെതന്യാഹു ആഗ്ര , ഗുജറാത്ത് , മുംബൈ തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കും

ഇന്ത്യയിലെത്തിയ നെതന്യാഹുവിനെ പ്രോട്ടോക്കോള്‍ മാറ്റിവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് ദല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.  ഇന്ത്യയും ഇസ്രായേലും 9 സുപ്രധാന കരാറുകളിലും ഒപ്പുവെച്ചു. സൈബര്‍ സുരക്ഷാ സഹകരണം, എണ്ണ-വാതക രംഗത്തെ സഹകരണം അടക്കമുള്ള കരാറുകളാണ് ഇരുരാഷ്ട്രങ്ങളും ഒപ്പുവെച്ചത്. 

ഇന്ത്യ-ഇസ്രായേല്‍ വ്യോമഗതാഗത കരാറിലെ ഭേഗദതി ഉടമ്പടി, ചലച്ചിത്ര മേഖലയിലെ സഹകരണം, ഹോമിയോപ്പതി രംഗത്തെ ഗവേഷണം സംബന്ധിച്ച് ആയുഷ് മന്ത്രാലയത്തിന് കീഴിലെ കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗണ്‍സിലും ഇസ്രായേലിലെ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റീവ് കോംപ്ലിമെന്ററി മെഡിസിനും തമ്മിലുള്ള ധാരണാപത്രം എന്നിവയും ഇന്നലെ ഒപ്പുവെച്ചതിലുണ്ട്.

ബഹിരാകാശ രംഗത്തെ സഹകരണം സംബന്ധിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയും ഇസ്രായേലിലെ ടെക്‌നിയോണ്‍ ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും തമ്മിലുള്ള ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇന്‍വെസ്റ്റ് ഇന്ത്യയും ഇന്‍വെസ്റ്റ് ഇസ്രായേലും തമ്മിലുള്ള ധാരണപത്രം ഇരുരാജ്യങ്ങളിലും പരസ്പരം നിക്ഷേപങ്ങളിറക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ്. 

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഇസ്രായേലിലെ ഫിനര്‍ജി ലിമിറ്റഡും തമ്മില്‍ മെറ്റല്‍-എയര്‍ ബാറ്ററികളുടെ സഹകരണ കരാറും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. സോളാര്‍ തെര്‍മല്‍ സാങ്കേതിക വിദ്യകളുടെ സഹകരണ കരാറിലും ഇസ്രായേലുമായി ഐഒസി ഒപ്പുവെച്ചു. പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട് കരാറുകളൊന്നുമില്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ നെതന്യാഹുവിന്റെ സന്ദര്‍ശത്തിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്.

ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. 2002 ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലെത്തിയ ഷിമോണ്‍ പെരസായിരുന്നു ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.