തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

Tuesday 16 January 2018 12:13 pm IST

കോട്ടയം: ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലൂടെ വലിയകുളം മുതല്‍ സീറോ ജെട്ടി വരെയുള്ള റോഡ് നിര്‍മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തോമസ് ചാണ്ടിയെ കൂടാതെ ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവരുടെ പേരും എഫ്ഐആറിലുണ്ട്.

തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കല്‍, ഗൂഢാലോചന എന്നിവയാണ് തോമസ് ചാണ്ടിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തോമസ് ചാണ്ടിക്കെതിരെ നേരത്തെ വിജിലന്‍സ് ത്വരിതാനന്വേഷണം നടത്തിയിരുന്നു. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് കേസെടുക്കാമെന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. 

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമപ്രകാരം ജില്ലാ, സംസ്ഥാന നെല്‍വയല്‍ സംരക്ഷണ സമിതികളുടെയും സര്‍ക്കാരിന്റെയും അനുമതിയില്ലാതെ 2008നുശേഷം ഒരു വയലും നികത്താനാവില്ല. ഒരു അനുമതിയുമില്ലാതെയാണ് സ്വകാര്യവ്യക്തികളുടെ വയല്‍ നികത്തി റിസോര്‍ട്ടിനു മുന്നിലൂടെ റോഡുണ്ടാക്കിയത്. 2012-13 കാലയളവില്‍ രണ്ട് എം.പിമാരും ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പും റോഡ് നിര്‍മ്മാണത്തിന് പണം അനുവദിച്ചു.

 ജനതാത്പര്യം മറികടന്ന് റിസോര്‍ട്ട് വരെ റോഡ് കുറ്റമറ്റ രീതിയില്‍ നിര്‍മ്മിക്കുകയും മറ്റുഭാഗങ്ങള്‍ വിട്ടുകളയുകയും ചെയ്തു. 28.50 ലക്ഷം രൂപയാണ് ടാറിംഗിന് ചെലവിട്ടത്. പത്മകുമാര്‍, സൗരഭ്‌ജെയിന്‍ തുടങ്ങിയ കളക്ടര്‍മാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും പരിശോധനയ്ക്ക് ശേഷമാണ് എം.പി ഫണ്ടില്‍ നിന്ന് പണം അനുവദിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.