ചൈന അനുകൂലപരാമര്‍ശവുമായി വീണ്ടും കോടിയേരി

Tuesday 16 January 2018 12:10 pm IST

കൊച്ചി: ചൈനീസ് അനുകൂലപരാമര്‍ശത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചൈനക്കെതിരായ സാമ്രാജ്യത്വ സഖ്യത്തിന്റെ ഭാഗത്താണ് ഇന്ത്യയുമെന്ന് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ കോടിയേരി ആവര്‍ത്തിച്ചു.

കായംകുളത്ത് ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ചൈനീസ് അനുകൂല പ്രസ്താവന കോടിയേരി ആദ്യം നടത്തിയത്. ഇന്ത്യ, ചൈനയെ വളഞ്ഞിട്ടാക്രമിക്കുയാണെന്നും, അമേരിക്കയും സഖ്യകക്ഷികളും ചേര്‍ന്ന് ചൈനയ്‌ക്കെതിരേ പ്രവര്‍ത്തിക്കുകയാണെന്നും, ഇതിന് ഇന്ത്യയും കൂട്ടുനില്‍ക്കുകയാണെന്നുമായിരുന്നു കോടിയേരിയുടെ പരാമര്‍ശം. 

രാജ്യാന്തര വിഷയങ്ങളില്‍ സിപിഎമ്മിന് സ്വന്തം നിലപാടുണ്ടെന്ന് അവ തുറന്നു പറയാന്‍ ഒരു മടിയുമില്ലെന്ന് ഇന്നലെ കോടിയേരി പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ പാര്‍ട്ടി രാജ്യവിരുദ്ധരാണ് എന്ന് പലരും പ്രചരിപ്പിക്കുന്നു. ഇത്തരം കുപ്രചാരണങ്ങള്‍ നടത്തുന്നത് സാമ്രാജ്യത്വ പക്ഷപാതികളാണ്.  മറ്റേതെങ്കിലും രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സിപിഎമ്മിന് മേല്‍ നിയന്ത്രണമില്ലെന്നും കോടിയേരി പറഞ്ഞു. ഉത്തരകൊറിയയും ചൈനയെപ്പോലെയാണ്. നിലനില്‍പ്പിന് വേണ്ടിയാണ് അവര്‍ മിസൈല്‍ പരീക്ഷണം നടത്തുന്നതെന്നും കോടിയേരി സൂചിപ്പിച്ചു. 

ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സുമായി കൂട്ടുചേരില്ലന്ന് പറഞ്ഞ കോടിയേരി മറ്റ് പാര്‍ട്ടികളെയും വ്യക്തികളെയും കൂട്ടിച്ചേര്‍ത്ത് ഇടതുപക്ഷം ശക്തിപ്പെടുത്തുമെന്നും പറഞ്ഞു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടുനില്‍ക്കുകയാണ്. അതുപോലെ എല്‍ഡിഎഫില്‍ ഇല്ലാത്ത എന്നാല്‍ എല്‍ഡിഎഫുമായി സഹകരിക്കുന്ന പാര്‍ട്ടികളുടെ ഏകോപനം ശക്തിപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.