തൊഗാഡിയ സംഭവത്തില്‍ സംശയങ്ങളേറെ; അന്വേഷിക്കും

Tuesday 16 January 2018 3:35 pm IST

ഗാന്ധിനഗര്‍: വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ വധിക്കാന്‍ ശ്രമിച്ചെന്ന ആശയക്കുഴപ്പമുണ്ടാക്കാന്‍ ആരോ തൊഗാഡിയയെ തെറ്റിദ്ധരിപ്പിച്ചതാണ് സംഭവങ്ങളുടെ പിന്നിലെന്ന് സംശയിക്കുന്നു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കും. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാഞ്ഞ കേസില്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നടപ്പാക്കാന്‍ രാജസ്ഥാന്‍ പോലീസ് ഗുജറാത്തിലെത്തിയതിനെ തുടര്‍ന്നാണ് സംഭവ വികാസങ്ങള്‍. തിങ്കളാഴ്ച കുറച്ചു നേരത്തേക്ക് കാണാതായ തൊഗാഡിയ പിന്നീട് ആശുപത്രിയിലാണെന്ന് അറിയുകയായിരുന്നു.

മാദ്ധ്യമ പ്രവര്‍ത്തകരെ കണ്ട തൊഗാഡിയ നല്‍കിയ വിശദീകരണം ഇങ്ങനെ: മുംബൈയിലെ ഹിന്ദു സമ്മേളനം കഴിഞ്ഞ് ഞായറാഴ്ച അര്‍ദ്ധരാത്രിയിലാണ് മടങ്ങി എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരോട് ഉച്ചയ്ക്ക് ഒന്നരയ്ക്ക് വരാന്‍ ഞാന്‍ പറഞ്ഞയച്ചു. രാവിലെ പൂജ ചെയ്യുമ്പോള്‍,'ഗുജറാത്ത്-രാജസ്ഥാന്‍ പോലീസ് സംയുക്തമായി എന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സന്ദേശം കിട്ടിയതായി' ഒരു പോലീസുകാരന്‍ അറിയിച്ചു. ഒരു വിഎച്ച്പി പ്രവര്‍ത്തകനൊപ്പം ഞാന്‍ ഓട്ടോറിക്ഷയില്‍ വിഎച്ച്പി ഓഫീസില്‍നിന്നിറങ്ങി. ഇടയ്ക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ഫോണില്‍ വിളിച്ചു. അവര്‍ അറസ്റ്റ് തീരുമാനം അറിയില്ലെന്ന് പറഞ്ഞു. രാജസ്ഥാനില്‍ അഭിഭാഷകരെ ബന്ധപ്പെട്ട് വാറണ്ട് റദ്ദാക്കാന്‍ നടപടിക്ക് ആവശ്യപ്പെട്ടു. കോടതി വാറണ്ട് ആയതിനാല്‍ സാധിക്കില്ലെന്ന് പറഞ്ഞു. ഞാനെവിടെന്ന് കണ്ടെത്താതിരിക്കാന്‍ ഞാന്‍ സെല്‍ഫോണുകള്‍ ഓഫ് ചെയ്തു. ധല്‍ത്തേജില്‍ നിന്ന് വിമാനത്താവളത്തില്‍ പോയി ജയ്പൂരെത്തി കോടതിയില്‍ കീഴടങ്ങുകയായിരുന്നു ഉദ്ദേശ്യം.

ഇതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ധന്വന്തരി ആശുപത്രിയില്‍ എത്തിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. എനിക്ക് ബോധം പോയി. തിരിച്ചു കിട്ടിയപ്പോഴാണ് ഏതോ ആശുപത്രിയിലാണെന്നറിഞ്ഞത്. ഇതിനിടെ സംഭവിച്ചത് അറിയില്ല.ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ രാജസ്ഥാന്‍ കോടതിയില്‍ ഹാജരാകുമെന്ന് തൊഗാഡിയ പറഞ്ഞു. ഹൈന്ദവ ഐക്യത്തിനായുള്ള എന്റെ പ്രവര്‍ത്തനങ്ങള്‍ തുടരും, പ്രവര്‍ത്തകര്‍ ശാന്തരാകണം, തൊഗാഡിയ പ്രസ്താവനയില്‍ പറഞ്ഞു. 

ഗുജറാത്ത്- രാജസ്ഥാന്‍ പോലീസ് ഏറ്റുമുട്ടലില്‍ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന തെറ്റായ സന്ദേശം ആര് എങ്ങനെ പരത്തി, അത് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള അദ്ദേഹത്തിന്റെ സുരക്ഷാ ഭടന്മാരെ അദ്ദേഹം ഒപ്പം കൂട്ടാതിരുന്ന സമയത്ത് എങ്ങനെ അദ്ദേഹത്തെ അറിയിച്ചു, ഓട്ടോറിക്ഷയില്‍ പോകേണ്ടി വന്ന സാഹചര്യമെന്ത്, ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകന് വിവരങ്ങള്‍ മുതിര്‍ന്ന സംഘടനാ ഭാരവാഹികളെ അറിയിക്കാന്‍ കഴിയാഞ്ഞതെന്ത് തുടങ്ങിയ കാര്യങ്ങളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.