ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി

Tuesday 16 January 2018 4:16 pm IST

ന്യൂദല്‍ഹി: സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തലാക്കി. ഈ വര്‍ഷം മുതല്‍ സബ്‌സിഡിയില്ല. ഈ തുക മുസ്ലിം പെണ്‍കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും ചെലവഴിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. പ്രീണനമവസാനിപ്പിച്ച് ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് നടപടി. തീര്‍ത്ഥാടകര്‍ക്കല്ല, ഏതാനും ഏജന്‍സികള്‍ക്കാണ് സബ്‌സിഡി ഗുണം ചെയ്തത്, മന്ത്രി വ്യക്തമാക്കി. സൗജന്യം കൈപ്പറ്റിയുള്ള ഹജ്ജ് തീര്‍ഥാടനം അനിസ്ലാമികമെന്നാണ് യഥാര്‍ഥ മുസ്ലിങ്ങള്‍ കരുതുന്നത്. 

2022 ആകുമ്പോഴേക്കും ക്രമേണ ഹജ്ജ് സബ്‌സിഡി അവസാനിപ്പിക്കണമെന്ന് 2012ലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. തുടര്‍ന്ന് പുതിയ ഹജ്ജ് നയം രൂപീകരിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മോദി സര്‍ക്കാര്‍ മുന്‍ സെക്രട്ടറി അഫ്‌സല്‍ അമാനുള്ളയുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിച്ചു. സബ്‌സിഡി അവസാനിപ്പിക്കണമെന്നായിരുന്നു ശുപാര്‍ശ. ദേശീയ ഹജ്ജ് നയം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള ഹജ്ജ് കമ്മിറ്റിയും സ്വകാര്യ വ്യക്തികളും സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അംഗീകരിച്ചില്ല.

ഇത്തവണയാണ് ഏറ്റവുമധികം തീര്‍ത്ഥാടകര്‍ ഹജ്ജ് നിര്‍വ്വഹിക്കുന്നത്. 1.75 ലക്ഷം. കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം തീര്‍ത്ഥാടകര്‍ക്ക് അയ്യായിരം ക്വാട്ട സൗദി വര്‍ധിപ്പിച്ചിരുന്നു. കുറഞ്ഞ ചെലവില്‍ തീര്‍ത്ഥാടനം നിര്‍വ്വഹിക്കുന്നതിനായി കപ്പല്‍ യാത്ര പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. പുരുഷ സഹായമില്ലാതെ 1,300 സ്ത്രീകളും ഇത്തവണ ആദ്യമായി ഹജ്ജ് നിര്‍വ്വഹിക്കും. 

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ വര്‍ഷങ്ങളായി തുടരുന്ന പ്രീണനമാണ് സര്‍ക്കാര്‍ അവസാനിപ്പിച്ചത്. മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗവും സബ്‌സിഡി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുസ്ലിം എംപിമാര്‍ അടുത്തിടെ പാര്‍ലമെന്റില്‍ ഇതേ ആവശ്യം ഉന്നയിച്ചു. കഴിഞ്ഞ വര്‍ഷം 500 കോടിയോളമാണ് സബ്‌സിഡി നല്‍കിയത്. വിമാനക്കമ്പനികള്‍ക്കുള്ള യാത്രാ ഇളവ്, പുറപ്പെടല്‍ കേന്ദ്രങ്ങളിലെത്താനുള്ള ചെലവ്, മരുന്ന്, ഭക്ഷണം എന്നിവയാണ് സബ്‌സിഡിയില്‍ ഉള്‍പ്പെട്ടിരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.