തെലങ്കാനയിലെ സിപിഎമ്മിന്റെ സ്ഥിതി കേട്ടാല്‍ ചിരിവരും

Tuesday 16 January 2018 4:31 pm IST

ഹൈദരാബാദ്: തെരഞ്ഞെടുപ്പടുത്ത തെലങ്കാനയിലെ സിപിഎമ്മിന്റെ സ്ഥിതി കേട്ടാല്‍ ആര്‍ക്കും ചിരിവരും. ഇന്ത്യ ഭരിക്കാന്‍ ഇറങ്ങിത്തിരിച്ച് ബംഗാളും പോയി ത്രപുര പോകുമെന്നുറപ്പായപ്പോള്‍ സിപിഎം തെലങ്കാനയില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നു. 28 ചെറു പാര്‍ട്ടികളെ കൂട്ടുപിടിച്ചാണ് ബഹുജന ഇടതുപക്ഷ മുന്നണി ഉണ്ടാക്കാന്‍ പോകുന്നത്. ഇവരില്‍ പലതും സിപിഎമ്മിനോട് നയത്തിലും നിലപാടിലും പിണങ്ങിപ്പിരിഞ്ഞവയാണ്. എന്നാല്‍, ആദ്യ ഇടതുപക്ഷ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിഐ) ഈ മുന്നണിയിലില്ല. 

അടുത്ത തെരഞ്ഞെടുപ്പില്‍ ബഹുജന മുന്നണിയായി മത്സരിക്കാനാണ് പദ്ധതി. ദേശീയതലത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സിപിഎം-കോണ്‍ഗ്രസ് സഖ്യമല്ലെങ്കില്‍ ധാരണ എന്ന നയമാണ്. പക്ഷേ, സിപിഎമ്മിലെ ഒരു വിഭാഗം, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ അതിനെതിരേയാണ്. തെലങ്കാനയിലെ സിപിഎമ്മുകാര്‍ കാരാട്ടിനൊപ്പം നിന്ന് കോണ്‍ഗ്രസ് കൂട്ടുമുന്നണിയെ എതിര്‍ക്കുന്നു. അതേ സമയം, സിപിഐയ്ക്ക് തെലങ്കാനയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാനാണ് ഉദ്ദേശ്യം. ഇതോടെ 28 കക്ഷികളെ ചേര്‍ത്ത് മഹുജന ഇടതുപക്ഷ മുന്നണി ഉണ്ടാക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രണം തുടക്കത്തിലേ ഫലമില്ലാതായി. തെലങ്കാനാ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. കോദണ്ഡ്രറാം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നീക്കം. 

ജനുവരി 25ന് 28 പാര്‍ട്ടിയുടെ കൂട്ടുകക്ഷിമുന്നണി രൂപീകരണ പ്രഖ്യാപനം വരികയാണ്. സിപിഎം തെലങ്കാന സെക്രട്ടറി ടി. വീരഭദ്രന്‍ പറയുന്നത് 17 ലോക്‌സഭാ മണ്ഡലത്തിലും 119 നിയമസഭാ മണ്ഡലത്തിലും മുന്നണി മത്സരിക്കുമെന്നാണ്. ഏതായാലും ഇത്രയേറെ പാര്‍ട്ടികളുള്ള മുന്നണിയായതിനാല്‍ എല്ലാ സീറ്റിലും മത്സരിക്കുകയെന്ന സിപിഎം സ്വപ്നം നടപ്പാക്കാനാകുമെന്നാണ് സിപിഐ ഉള്‍പ്പെടെ പാര്‍ട്ടികളുടെ കളിയാക്കല്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.