പെണ്‍കുട്ടിക്ക് പീഡനം: പോലീസുകാരന് പിന്നാലെ എസ്ഐയും അറസ്റ്റില്‍

Tuesday 16 January 2018 6:05 pm IST
കേസിലെ ഒന്നാംപ്രതി പുന്നപ്ര സ്വദേശിനി ആതിരയുടെ മൊബൈല്‍ ഫോണ്‍ രേഖകളും വാട്‌സ് ആപ്പും പരിശോധിച്ചപ്പോഴാണ് ലൈജുവിന് ഇവരുമായുള്ള ബന്ധം വ്യക്തമായത്. കഴിഞ്ഞ എട്ടിന് ആലപ്പുഴ നഗരത്തിലെ ഹോംസ്റ്റേയില്‍ ആതിരയ്ക്ക് മുറിയെടുത്ത് നല്‍കിയത് ലൈജുവാണ്. പെണ്‍കുട്ടിക്കൊപ്പം നാട്ടുകാര്‍ പിടികൂടിയ സമയത്ത് ആതിര എസ്‌ഐയെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്ഐ അറസ്റ്റില്‍. മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ്‌ഐ കെ.ജി. ലൈജുവാണ് പിടിയിലായത്. മുഖ്യപ്രതിക്ക് സഹായം ചെയ്തു നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ഇതോടെ അറസ്റ്റിലായ പോലീസുകാരുടെ എണ്ണം രണ്ടായി. ലൈജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. 

 കേസില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് ആലപ്പുഴയിലെ സ്വകാര്യ ഐടിഐയില്‍ പഠിക്കുന്ന വടക്കനാര്യാട് തെക്കേപ്പറമ്പില്‍ ജിന്‍മോന്‍ (22), ഇടനിലക്കാരിയുടെ സുഹൃത്തും ഡ്രൈവറുമായ പൊള്ളേത്തൈ സ്വദേശി യേശുദാസ് (26) എന്നിവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

   കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ താമസസ്ഥലത്തു നിന്നാണ് ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബിയുടെ നേതൃത്വത്തില്‍ ലൈജുവിനെ അറസ്റ്റു ചെയ്തത്. 

നേരത്തെ ഒന്നാംപ്രതിയും പെണ്‍കുട്ടിയുടെ ബന്ധുവുമായ ആതിര(24)യെയും രണ്ടാംപ്രതിയും കൈനടി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ നെല്‍സണ്‍ തോമസിനെ(40)യും റിമാന്‍ഡ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് നെല്‍സണ്‍ തോമസിനെ പോക്‌സോകോടതിയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ആലപ്പുഴ മംഗലം സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. 

  കേസിലെ ഒന്നാംപ്രതി പുന്നപ്ര സ്വദേശിനി ആതിരയുടെ മൊബൈല്‍ ഫോണ്‍ രേഖകളും വാട്‌സ് ആപ്പും പരിശോധിച്ചപ്പോഴാണ് ലൈജുവിന് ഇവരുമായുള്ള ബന്ധം വ്യക്തമായത്. കഴിഞ്ഞ എട്ടിന് ആലപ്പുഴ നഗരത്തിലെ ഹോംസ്റ്റേയില്‍ ആതിരയ്ക്ക് മുറിയെടുത്ത് നല്‍കിയത് ലൈജുവാണ്. പെണ്‍കുട്ടിക്കൊപ്പം നാട്ടുകാര്‍ പിടികൂടിയ സമയത്ത് ആതിര എസ്‌ഐയെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

 പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ടുപേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി ശാരീരികമായി ഉപദ്രവിക്കപ്പെട്ടെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. 

  കൂടുതല്‍ ചോദ്യം ചെയ്യലിനായി ആതിരയെയും നെല്‍സണെയും കസ്റ്റഡിയില്‍ വാങ്ങുന്നതിന് അന്വേഷണസംഘം അപേക്ഷ നല്‍കി. കഴിഞ്ഞ പത്തിന് പെണ്‍കുട്ടിയെ ഇടനിലക്കാരി വീട്ടില്‍നിന്നു കടത്തുന്നത് നാട്ടുകാര്‍ തടഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയേയും ആതിരയേയും പോലീസിന് കൈമാറുകയായിരുന്നു. 

 രണ്ടാംപ്രതി നെല്‍സനെതിരെ മുമ്പും സമാനമായ അനേകം പരാതികള്‍ ഉയര്‍ന്നിരുന്നു. വനിതാ പോലീസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുമ്പു വകുപ്പുതല നടപടിയെടുത്തിരുന്നതായും പോലീസ് പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയും ഭിന്നശേഷിക്കാരനായ അച്ഛനും വയോധികയായ മുത്തശ്ശിയുമാണു കുട്ടിയുടെ വീട്ടിലുള്ളത്. വീട്ടിലെ ദാരിദ്ര്യാവസ്ഥ മുതലെടുത്താണ് ആതിര കുട്ടിയെ റിസോര്‍ട്ടുകളിലും മറ്റും എത്തിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.