നിത്യഹരിതം ഓര്‍മകളില്‍ നസീര്‍

Tuesday 16 January 2018 7:19 pm IST

      മലയാള സിനിമയിലെ  എക്കാലത്തേയും സൂപ്പര്‍ സ്റ്റാര്‍ പ്രേംനസീര്‍ ഓര്‍മയായിട്ട് ഇന്നേയ്ക്കു 28 വര്‍ഷം. ഓര്‍മ എന്നത് നസീറിനെ സംബന്ധിച്ചിടത്തോളം പ്രേക്ഷകര്‍ക്ക് വര്‍ത്തമാനകാല ജീവിതംകൂടിയാണ്. മരിക്കാത്ത ഓര്‍മയെന്ന് സാധാരണ രീതിയില്‍ പറയുമ്പോഴും ഈ നിത്യഹരിത നായകനിലത്്  നൂറുശതമാനവും അനാഢംബര സത്യമാണ്. ഇന്നത്തെ വന്‍കിട താരങ്ങള്‍ക്കു ഒരിക്കലും  സ്വപ്‌നംകാണാനാവാത്ത അപൂര്‍വ സവിശേഷതകളുടെ വലിയ വ്യക്തിപ്രഭാവമുള്ള ഇന്ത്യയില്‍ തന്നെ ഏറ്റവും സിനിമാ വിജയിയായ നസീറിന്റെ ചിത്രങ്ങള്‍ ഇന്നും കാണികള്‍ക്ക് നിത്യഹരിതം. 

      1926 ഏപ്രില്‍ 7നു ജനിച്ച അബ്ദുള്‍ ഖാദറെന്ന ചിറയിന്‍കീഴുകാരന്‍ 1989 ജനുവരി 16ന് 62ാം വയസില്‍ അന്തരിക്കുന്നത് നിരവധി റെക്കോര്‍ഡുകള്‍ ബാക്കിവെച്ച്്. 725 ചിത്രങ്ങള്‍, ഷീല എന്ന ഒരേ നായികയ്‌ക്കൊപ്പം 130സിനിമകള്‍, 1979ല്‍മാത്രം 41 സിനിമകള്‍. മറ്റാര്‍ക്കും തിരുത്താനാവാത്ത ലോക റെക്കോര്‍ഡുകളാണിത്. 1951മുതല്‍ മരിക്കുവോളം മലയാള സിനിമ അടക്കിവാണ താര ചക്രവര്‍ത്തിയാണ് പ്രേം നസീര്‍.

      ആധുനിക മലയാള സിനിമ വല്ലാതെ വളര്‍ന്നിട്ടുണ്ടെങ്കിലും പ്രേം നസീര്‍ എന്ന വ്യക്തിത്വത്തോളം ഉയര്‍ന്നവര്‍ അദ്ദേഹത്തിനുശേഷം ഇന്നുവരെ നമ്മുടെ സിനിമയിലുണ്ടായിട്ടില്ല. അവസാനംവരെ എല്ലാവരും ആദരവോടെ കൈകൂപ്പി തൊഴുത മലയാള സിനിമയിലെ ഒരേയൊരു വ്യക്തി നസീര്‍ മാത്രമാണ്. മലയാള സിനിമയിലെ എക്കാലത്തേയും നല്ല മനുഷ്യന്‍ എന്ന നിലയിലാണ് നസീറിന്റെ സ്ഥാനം.മറ്റുള്ളവരെല്ലാം കേവലം താരങ്ങള്‍ മാത്രം. വലിയ സിനിമാ പരീക്ഷണങ്ങളിലൂടെ ത്യാഗങ്ങള്‍ അനുഭവിച്ചു വളര്‍ന്നു വന്നവര്‍പോലും അഹങ്കാരവും പൊങ്ങച്ചവുംകൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങളായി മാത്രം വിലസുമ്പോള്‍ ഭൂമിയിലേക്കിറങ്ങിവന്ന താരങ്ങള്‍ക്കിടയിലെ മനുഷ്യനായിരുന്നു നസീര്‍. ഇന്നത്തെ സിനിമാക്കാരും അദ്ദേഹവും തമ്മിലുള്ള പ്രധാന വ്യത്യാസവും അതു തന്നെയാണ്. ആ വിടവ് ഇനിയും അകന്നുകൊണ്ടിരിക്കും.

       വിവിധ തലമുറകള്‍ക്കിടയില്‍ സ്വയം തലമുറയായിത്തീര്‍ന്ന നടനാണ് പ്രേംനസീര്‍. നാലഞ്ചു തലമുറകള്‍ നസീറിലൂടെ കടന്നുപോയി. അതിലേറേയും നായികമാരുടെ തലമുറകളായിരുന്നു. ഷീല, ജയഭാരതി, ശാരദ, വിധുബാല, സീമ, കെ.ആര്‍.വിജയ, അംബിക...നിര ഇനിയും നീളും. മലയാള സിനിമയിലെ മൂന്നു പതിറ്റാണ്ടുകള്‍ക്കിടയിലെ നായികമാരെല്ലാം അദ്ദേഹത്തോടൊപ്പം അഭിനയിച്ചു. അതുപോലെ അന്നത്തേയും ഇന്നത്തേയും പല സൂപ്പര്‍ താരങ്ങളും.സത്യന്‍,മധു,സോമന്‍,സുകുമാരന്‍ ജയന്‍,മമ്മൂട്ടി,ശങ്കര്‍,മോഹന്‍ലാല്‍ തുടങ്ങി നീളുന്ന പേരുകള്‍.

      കൂട്ടായ്മകളിലൂടെ സിനിമ വിജയിപ്പിച്ച് പേരും പെരുമയും സാവകാശം ഉണ്ടാക്കി സ്വന്തം നിലയില്‍ പിന്നീട് സിനിമ വിജയിപ്പിച്ചവരാണ് പലരും. മലയാളത്തില്‍ സ്വന്തം നിലയില്‍ ആദ്യം തൊട്ടേ ചിത്രങ്ങള്‍ വിജയിപ്പിച്ച ചരിത്രമേ നസീറിനുള്ളൂ. വിജയ ചിത്രങ്ങളുടെ ബ്രാന്‍റായിരുന്നു പ്രേം നസീര്‍ എന്നപേര്. മുറപ്പെണ്ണ്, അടിമകള്‍, ഇരുട്ടിന്റെ ആത്മാവ്, വിടപറയും മുന്‍പേ, ധ്വനി, പടയോട്ടം തുടങ്ങി ചിത്രങ്ങള്‍ നസീറിലെ നടനെ കാണിച്ചു തന്നിരുന്നു.

       മുഖ സൗന്ദര്യംകൊണ്ട് നസീറിനെ സ്ത്രീ പ്രേക്ഷകര്‍ മാത്രമല്ല പുരുഷകാണികളും അന്ന് മോഹിച്ചിരുന്നിരിക്കണം. അദ്ദേഹത്തിന്റെ പ്രണയാതുരമായ ഓരോ ഭാവവും കാണികളെ കൗതുകംകൊള്ളിച്ചിരുന്നു. തങ്ങളുടെ പ്രണയ സങ്കല്‍പ്പങ്ങളിലെ നായകനായിരുന്നു സ്ത്രീകള്‍ക്ക് നസീര്‍.അല്ലെങ്കില്‍ നസീറിന്റെ സിനിമകള്‍ കണ്ടാണ് അവര്‍ പ്രണയിക്കാന്‍ തുടങ്ങിയെന്നും കൂടി പറയാം. മരംചുറ്റിപ്രേമം എന്നു പറയുമ്പോഴും അതിനുമുണ്ടായിരുന്നു ഒരു വശ്യത. യേശുദാസിന്റേയും ജയചന്ദ്രന്റേയും പാട്ടുകള്‍ നസീര്‍ പാടുന്നതായിട്ടാണ് അുഭവപ്പെട്ടിരുന്നത്. അത്ര കൃത്യതയുണ്ടായിരുന്നു ആ ചുണ്ടനക്കത്തിന്. ഇന്നും ആ പാട്ടുകള്‍ കൂടുതല്‍ അനുഭവിക്കുന്നതും പ്രേംനസീറിലൂടെയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.