അറവുശാല നോക്കുകുത്തി; അനധികൃത അറവു വ്യാപകം

Wednesday 17 January 2018 2:00 am IST


ആലപ്പുഴ: നഗരത്തിലെ ആധുനിക അറവുശാല മാലിന്യ നിക്ഷേപ കേന്ദ്രമായി. വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ നഗരസഭ ജീവനക്കാരാണ് ഇവിടെ തള്ളുന്നത്.
 വഴിച്ചേരി സ്വകാര്യ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരും  മറ്റ് കാല്‍നടയാത്രക്കാരുമെല്ലാം ഇതുവഴി മൂക്കുപൊത്തി പോകേണ്ട ദുരവസ്ഥയാണ്. ഇടയ്ക്കിടെ നഗരസഭ ജീവനക്കാരെത്തി പ്‌ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അറവുശാലയ്ക്കകത്ത് തന്നെ കൂട്ടിയിട്ട് കത്തിക്കുന്നതായും ആക്ഷേപമുണ്ട്. ഇറച്ചിമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇതിനകത്ത് കുഴിച്ച് മൂടുന്നതിനാല്‍ ഭൂഗര്‍ഭ ജലം മലിനമാകുന്നുവെന്നും പരാതിയുണ്ട്.
    1.25 കോടി മുടക്കിയാണ് തൃശൂര്‍ മോഡല്‍ ആധുനിക അറവുശാല വര്‍ഷങ്ങള്‍ മുന്‍പ് സ്ഥാപിച്ചത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പോലും അനുമതിയില്ലാതെയായിരുന്നു അറവുശാലയുടെ ഉദ്ഘാടനം. അറക്കാനുള്ള കന്നുകാലിയെ വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച്‌രോഗമില്ലെന്ന് സര്‍ട്ടിഫൈ ചെയ്തുകഴിഞ്ഞാല്‍ അറവുശാലയിലേക്ക് കയറ്റും. പിന്നേ അറുക്കുന്നതും മാലിന്യം സംസ്‌കരിക്കുന്നതും കഷണങ്ങളാക്കി വേര്‍തിരിക്കുന്നതുമെല്ലാം യന്ത്രം ചെയ്യും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഒന്നും നടന്നില്ല.
   ഇറച്ചി മാലിന്യം ശരിയായി സംസ്‌കരിക്കാന്‍ കഴിയാതെ വന്നതോടെ അറവു നിന്നു. ഇതോടെ ആധുനിക അറവുശാലയോട് ചേര്‍ന്ന് അഞ്ചുലക്ഷം മുടക്കി പുതിയ മാലിന്യ സംസ്‌കരണകേന്ദ്രം നിര്‍മ്മിച്ചു.
  കാലികളുടെ എണ്ണം കൂടിയതോടെ അതും പണിമുടക്കി. മാലിന്യങ്ങള്‍ പഴയപടി കനാലിലേക്ക് ഒഴുക്കിത്തുടങ്ങി. ഇതിനെതിരേ സമീപവാസികളും നാട്ടുകാരും പ്രക്ഷോഭം ആരംഭിച്ചു. അറവുശാല പൂട്ടി. വീണ്ടും 25 ലക്ഷം രൂപാമുടക്കി മറ്റൊരു സംസ്‌കരണ പ്‌ളാസ്റ്റ് സ്ഥാപിച്ചു. അതും നോക്കുകുത്തിയായി.
   തുടര്‍ന്ന് യാതൊരു ശാസ്ത്രീയ മാര്‍ഗങ്ങളും സ്വീകരിക്കാതെ അപരിഷ്‌കൃത രീതിയില്‍ മാടുകളെ അറുത്ത് തുടങ്ങിയതോടെ പരിസരവാസികളുടെ ജീവിതം ദുരിതപൂര്‍ണമായി. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2012 ഒക്ടോബറില്‍ അറവുശാല പൂട്ടാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.
   ഏകദേശം ഒന്നരക്കോടിയോളം മുടക്കിയിട്ടും 30 ദിവസം പോലും തികച്ച് പ്രവര്‍ത്തിക്കാന്‍ അറവുശാലയ്ക്ക് കഴിഞ്ഞില്ല. അറവുശാല ഇല്ലാത്ത നഗരങ്ങളില്‍ ഇറച്ചി വ്യാപാരം നടത്തരുതെന്ന  കോടതി ഉത്തരവ് നിലവിലുണ്ട്. അറവുശാല പൂട്ടിയിട്ട് ഏഴു വര്‍ഷമായിട്ടും നഗരത്തില്‍ ഇറച്ചി വ്യാപാരത്തിന് യാതൊരു കുറവുമില്ല. പരിശോധനയൊന്നും കൂടാതെയാണ് കാലികളെ കശാപ്പ് ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.