കൊടുമണ്‍ പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കാന്‍ പദ്ധതി

Wednesday 17 January 2018 2:00 am IST
പത്തനംതിട്ട: കൊടുമണ്‍ പഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിന് ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റെ അനുമതി. സ്റ്റേഡിയം സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 15.10 കോടി ചെലവിട്ടാണ് നവീകരിക്കുന്നത്. പഞ്ചായത്ത് നല്‍കിയ നിര്‍ദ്ദേശം സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗീകരിച്ചതോടെയാണ് സ്റ്റേഡിയത്തിന്റെ ശാപമോക്ഷത്തിന് വഴിതെളിയുന്നത്. ഗ്രാമീണ സ്റ്റേഡിയങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അവഗണനയിലായിരുന്ന സ്റ്റേഡിയത്തിന് പുതുജീവന്‍ നല്‍കുന്നത്. മധ്യഭാഗത്തായി വോളിബോള്‍ കോര്‍ട്ട്, ഫുട്‌ബോള്‍ കോര്‍ട്ട്, ബാഡ്മിന്റന്‍, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍ എന്നിവയാണ് പദ്ധതിയിലുള്ളത്. ഇതിനു പുറമെ അത്‌ലറ്റിക് മീറ്റുകള്‍ക്കാവശ്യമായ ആറുവരി ട്രാക്ക്, പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ശുചിമുറികള്‍, സെക്യൂരിറ്റി ക്യാബിനുകള്‍, പ്രഭാത സവാരിക്കാര്‍ക്കായി പ്രത്യേക നടപ്പാത, കുട്ടികളുടെ പാര്‍ക്ക്, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും ലക്ഷ്യമിടുന്നു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തമാസത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമെന്നാണ് പ്രതീക്ഷ. നവീകരണം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനതല മത്സരങ്ങള്‍വരെ കൊടുമണ്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കാനാകും. വര്‍ഷങ്ങളായി പഞ്ചായത്ത് സ്റ്റേഡിയം മാലിന്യം തള്ളുന്ന കേന്ദ്രമായി മാറിയിരുന്നു. വിവിധ കേസുകളില്‍ കൊടുമണ്‍ പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സ്റ്റേഷന്‍ പരിസരത്തു സ്ഥലമില്ലത്തതിനാല്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് കൊണ്ടിട്ടിരുന്നത്. സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ നാട്ടുകാര്‍ക്കും കായിക പ്രേമികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നവീകരണം നടപ്പാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.