ഞാന്‍ നമസ്‌കരിക്കുന്നു; സന്തോഷിപ്പിക്കുന്നു, തെറ്റുകള്‍ ക്ഷമിക്കണേ! (11-44)

Wednesday 17 January 2018 2:30 am IST

കൃഷ്ണാ! അങ്ങ് ദേവന്‍ തന്നെയാണ്; പ്രകാശ സ്വരൂപന്‍ തന്നെയാണ്. എന്റെ ബുദ്ധിയെ അജ്ഞാനമാകുന്ന മൂടുപടംകൊണ്ട് മൂടിയതും അത് നീക്കിയതും നീ തന്നെ. രണ്ടും നിന്റെ മനുഷ്യലീലയ്ക്ക് അനുയോജ്യം തന്നെ.

അങ്ങ് എല്ലാറ്റിന്റെയും പിതാവാണ്. ഗുരുവാണ്, നിയന്താവാണ്, എല്ലാവരാലും സ്തുതിക്കപ്പെടുന്നവനുമാണ്. അതുകൊണ്ട് ഞാനും അങ്ങയെ- കായം പ്രണിധായ-ഭൂമിയില്‍ ശരീരം പതിയുംവിധം, ശരീരത്തിന്റെ എട്ട് അംഗങ്ങളും സ്പര്‍ശിക്കുംവിധം ഇതാ നമസ്‌കരിക്കുന്നു! എന്നെ അനുഗ്രഹിക്കാന്‍ വേണ്ടി പ്രസന്നനാവണേ! എന്ന് പ്രാര്‍ത്ഥിക്കുന്നു.

പിതാ പുത്രസ്യ ഇവ- ഒരു അച്ഛന്‍, തന്റെ മകന്‍ എന്തെങ്കിലും അപരാധങ്ങള്‍ ചെയ്താല്‍ ക്ഷമിക്കുകയില്ലേ? അങ്ങ് സര്‍വ്വപ്രപഞ്ചത്തിന്റെയും പിതാവാണല്ലോ. അതുകൊണ്ട് എന്റെ അപരാധങ്ങള്‍ ക്ഷമിച്ച് അനുഗ്രഹിക്കണേ!

സഖാസഖ്യുഃ ഇവ- ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിന്റെ തെറ്റായ പെരുമാറ്റങ്ങളും അവഹേളനങ്ങളും പൊറുക്കും. ഞാന്‍ അങ്ങയുടെ സുഹൃത്താണെന്ന് അങ്ങുതന്നെ പറഞ്ഞതാണല്ലോ!

''ഭക്തോസി, മേസഖാചേതി രഹസ്യാഹ്യേതദുത്തമം'' (4-3) അതുകൊണ്ട്, സുഹൃത്താണ് ഈ അര്‍ജ്ജുനന്‍ എന്ന് കരുതി എന്റെ അപരാധങ്ങള്‍ പൊറുക്കണേ!

പ്രിയഃ പ്രിയയാഃ ഇവ-സ്‌നേഹനിധിയായ ഭര്‍ത്താവ്, തന്റെ പ്രേമവതിയായ ഭാര്യ എന്തെങ്കലും തെറ്റ് ചെയ്താല്‍, ഉടനെ അതോര്‍ത്ത് സങ്കടം വന്ന്  കണ്ണീര് നിറയുന്നത് കണ്ടാല്‍ മാത്രം മതി, ക്ഷമിച്ച് സ്‌നേഹപ്രകടനം നടത്തും.

ഏതുവിധമായാലും വേണ്ടില്ല, എനിക്ക് വേറെ ആരും ശരണമില്ല. അങ്ങ് എന്നോട് ക്ഷമിക്കണം! പ്രസാദിക്കണം ഇതാണ് എന്റെ പ്രാര്‍ത്ഥന.

അര്‍ജ്ജുനന്‍ ഭഗവാനെ പ്രസന്നനായിക്കണ്ടിട്ട് തന്റെ ആഗ്രഹം അറിയിക്കുന്നു

(11-45, 46)

അങ്ങയുടെ വിശ്വരൂപം മുന്‍പ് ഒരിക്കലും കണ്ടിട്ടില്ല, അതുകാണാന്‍ കഴിഞ്ഞപ്പോള്‍ സന്തോഷവും അദ്ഭുതവും ഉണ്ടായി. ഒരു പാടുമുഖങ്ങളും, കൈകളും കാലുകളും ഉദരങ്ങളും കാണാന്‍ നല്ല രസമാണ്. പക്ഷേ, ഭീകരങ്ങളായ കൂര്‍ത്തമൂര്‍ത്തു ദംഷ്ട്രങ്ങളും, അഗ്നിജ്വലിക്കുന്ന കണ്ണുകളും കാണുമ്പോള്‍ എന്റെ മനസ്സ് ഭയംകൊണ്ട് വിറച്ചുപോയി; ശരീരവും വിറച്ചുപോയി.

ദേവേശ! ജഗന്നിവാസ!-ദേവന്മാരെയെല്ലാം നിയന്ത്രിക്കുന്നതും അങ്ങാണല്ലോ. പ്രപഞ്ചങ്ങള്‍ അങ്ങയില്‍ തന്നെയാണല്ലോ നിലനില്‍ക്കുന്നതും. അങ്ങ് എന്നില്‍ പ്രസാദിച്ചാലും! ഇപ്പോള്‍ ഞാന്‍ അങ്ങയുടെ ആ പഴയ രൂപം, ആദ്യമേ ഞാന്‍ കണ്ടുശീലിച്ച ദേവരൂപം ദര്‍ശയ-ദേവന്മാരുടെ രൂപത്തിന് തുല്യമായ രൂപം കാട്ടിത്തന്നാലും! എനിക്ക് എന്നാലേ മനസ്സിന് സ്വസ്ഥത വരികയുള്ളൂ.

(11-46)

ശിരസ്സില്‍ സ്വര്‍ണകിരീടം ധരിച്ച്, കയ്യില്‍ ഗദയെടുത്ത്, മറ്റേക്കയ്യില്‍ ചക്രമെടുത്ത്, കുതിരകളുടെ കടിഞ്ഞാണും ചമ്മട്ടിയും കൂടി നോക്കി മറ്റേക്കയ്യില്‍ പിടിച്ച്, നാലുകൈകളോടുകൂടിയ അങ്ങയുടെ രൂപം എനിക്ക് കണ്ടേ കഴിയൂ! ആയിരക്കണക്കിനു കയ്യുകളുള്ളതും വിശ്വത്തിന്റെ രൂപങ്ങളുമുള്ള ഈ രൂപം മാറ്റി, ആ മനോഹര രൂപം കാട്ടിത്തരൂ!

ഈ ശ്ലോകത്തിന്റെ ഭാഷ്യത്തില്‍ ശ്രീധരാചാര്യര്‍ വിശദീകരിക്കുന്നത് നാം ശ്രദ്ധിക്കേണ്ടതാണ്, വായിക്കൂ.

''അനേന ശ്രീകൃഷ്ണം അര്‍ജ്ജുനഃ പൂര്‍വം അപി കിരീടാദിയുക്തമേവ പശ്യതി-ഇതി ഗമ്യതേ'' (=ഈ  ശ്ലോകംകൊണ്ട് ശ്രീകൃഷ്ണനെ അര്‍ജുനന്‍ ആദ്യം മുതലേ, കിരീടാദിയുക്തം- കിരീടം, ഗദ, ചക്രം ഇവ ധരിച്ച ഭഗവാന്റെ ചതുര്‍ഭൂജ രൂപം-ഏവ-മാത്രമേ കണ്ടിട്ടുള്ളൂ എന്ന് മനസ്സിലാക്കാം.)

അര്‍ജ്ജുനന്‍ ഭഗവാന്റെ ദേവരൂപം-ചതുര്‍ഭുജരൂപം മാത്രമേ കണ്ടിട്ടുള്ളൂ.  മാനുഷരൂപം-ദ്വിഭുജരൂപം കണ്ടിട്ടില്ല എന്ന് കൂടി നാം ഓര്‍മിക്കണം. ഈ സ്മൃതി അധ്യായ സമാപ്തിവരെ നിലനിര്‍ത്തണം.

9961157857

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.