പാലായില്‍ ചത്തുപോയ കോഴിക്കുഞ്ഞുങ്ങള്‍ക്ക് പകരം കോഴിക്കുഞ്ഞുങ്ങള്‍

Wednesday 17 January 2018 2:00 am IST

പാലാ: നഗരസഭയില്‍ വിതരണം ചെയ്ത് ചത്തുപോയ കോഴിക്കുഞ്ഞുങ്ങള്‍ക്ക് പകരം കോഴിക്കുഞ്ഞുങ്ങളെ ഒരാഴ്ചക്കകം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഗുണഭോക്താക്കള്‍ക്ക് നഷ്ടപരിഹാരമായി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തതിന് ശേഷം മാത്രമേ അടുത്ത ഘട്ടം കോഴിക്കുഞ്ഞുവിതരണം നടത്തുകയുള്ളൂവെന്നും ചെയര്‍പേഴ്‌സണ്‍ പ്രൊഫ. സെലിന്റോയി തകിടിയേല്‍ കൗണ്‍സിലിനെ അറിയിച്ചു.

ചത്ത കോഴികള്‍ക്ക് പകരം കോഴികളെ നല്‍കാമെന്ന് പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. നിര്‍മ്മല പ്രിയദര്‍ശിനി അറിയിച്ചതായും ചെയര്‍പേഴ്‌സണ്‍ വിശദീകരിച്ചു. 

നഗരസഭയിലെ എട്ടുവാര്‍ഡുകളിലായി വിതരണം ചെയ്ത ആയിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപോയിരുന്നു. ഈ വിഷയം നഗരസഭാ യോഗത്തില്‍ ചര്‍ച്ചയാവുകയും മൃഗസംരക്ഷണ ഓഫീസറെ കൗണ്‍സില്‍ യോഗത്തില്‍ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ തീരുമാനമെടുക്കുകയും ചെയ്തു. എന്നാല്‍ മൃഗാശുപത്രി അധികാരികള്‍ കൗണ്‍സില്‍ യോഗത്തില്‍ വരാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. നിര്‍മ്മല പ്രിയദര്‍ശിനിക്ക് മുനിസിപ്പല്‍ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിരിക്കുകയാണ്. 

വെള്ളിയാഴ്ചയ്ക്കു മുമ്പായി എത്ര കോഴികള്‍ ചത്തുപോയി എന്നത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗം മുനിസിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. 

പാലാ ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ ചികിത്സാ വിഭാഗം ഉദ്ഘാടനവും എക്കോ കാര്‍ഡിയോഗ്രാം ഉദ്ഘാടനവും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെ അറിയിക്കാത്തതില്‍ അഡ്വ. ബിനു പുളിക്കക്കണ്ടം, അഡ്വ. ബെറ്റി ഷാജു എന്നിവര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍  ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. സെലിന്‍ റോയി തകിടിയേല്‍ ഉറപ്പു നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.