കോടതിയേയും ആയുധമാക്കുമ്പോള്‍

Wednesday 17 January 2018 2:45 am IST
ഒരു കുടുംബത്തെ അധികാരത്തില്‍ കൊണ്ടുവരുന്നതിനായി പ്രതിപക്ഷ കക്ഷികള്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. 60 വര്‍ഷം ഭരിച്ച സ്വാധീനം ഉപയോഗിച്ച് പൊതുസംവിധാനങ്ങളെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഉപയോഗിക്കുന്നു. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ അസഹിഷ്ണുതാ വാദം ഉയര്‍ത്തുന്നു. അവാര്‍ഡ് തിരിച്ചുനല്‍കലും ദളിത് പീഡനവും വിവാദമാക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ സംവരണ വികാരങ്ങള്‍ ഉയര്‍ത്തികൊണ്ടുവരികയും, പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്യുന്നു.

സുപ്രീംകോടതിയിലെ 25 ജഡ്ജിമാരില്‍ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ വിവിധ ആരോപണങ്ങളുമായി രംഗത്തു വരികയുണ്ടായല്ലോ. വാര്‍ത്താസമ്മേളനം നടത്തിയ ഈ ജഡ്ജിമാരുടെ അഭിപ്രായത്തില്‍ സുപ്രീംകോടതിയിലെ സമന്മാരായ ജഡ്ജിമാരില്‍ ഒന്നാമന്‍ മാത്രമാണ് ചീഫ് ജസ്റ്റിസ്. പക്ഷേ ഒരേ അധികാരമുള്ള മറ്റ് 20  ജഡ്ജിമാര്‍ എന്തുകൊണ്ട് ഇവര്‍ക്ക് പിന്തുണയുമായി എത്തിയില്ല? ചീഫ് ജസ്റ്റിസിനു താല്‍പര്യമുള്ളവര്‍ക്ക് കേസുകള്‍ നല്‍കുന്നത് ശരിയല്ല, തങ്ങള്‍ക്ക് താല്‍പര്യമുള്ള കേസുകള്‍ നല്‍കണമെന്ന് പറയുന്നതില്‍ വൈരുധ്യമില്ലേ? കുറച്ചുനാളുകളായി ഉണ്ടായ ചില കോടതിവിധികള്‍  പരിശോധിക്കുമ്പോള്‍ അവയെല്ലാം രാജ്യത്തെ ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും,  അങ്ങനെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അനഭിമതനായി തീര്‍ന്നതെന്നും കാണാന്‍ സാധിക്കും. 

കാലിത്തീറ്റ കുംഭകോണക്കേസില്‍ രാഷ്ട്രീയ ജനതാദള്‍ നേതാവ്  ലാലുപ്രസാദ് യാദവ് മൂന്നുവര്‍ഷം ശിക്ഷിക്കപ്പെട്ടത് പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നടപടിയായിരുന്നു. ഇത് വന്‍ക്ഷീണമാണ് 2019-ലെ പൊതുതെരഞ്ഞെടുപ്പില്‍  ബീഹാറില്‍ പ്രതിപക്ഷത്തിന് ഉണ്ടാക്കാന്‍ പോകുന്നത്. 1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകള്‍ പുനഃരന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ശിവനാരായണന്‍ ധിംഗ്രയെ നിയമിച്ച്  ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടത് ജനുവരി 11 നാണ്. സിഖ് വിരുദ്ധ കലാപം അന്വേഷിച്ചാല്‍ ആരുടെ താല്‍പര്യങ്ങള്‍ക്കാണ് അത് ക്ഷതമേല്‍പ്പിക്കുകയെന്ന് പറയേണ്ടതില്ലല്ലോ. രാമജന്മഭൂമി  കേസ് 2019 ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം പരിഗണിക്കണമെന്ന് കഴിഞ്ഞ യുപിഎ മന്ത്രിസഭയിലെ മന്ത്രിയും, പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍ വാദിക്കുകയും,  ജസ്റ്റിസ് ദീപക് മിശ്ര, അശോക് ഭൂഷണ്‍, അബ്ദുള്‍ നസിം എന്നിവരടങ്ങിയ ബെഞ്ച് അത് നിരാകരിച്ചതുമാണ്. സിബലിന്റെ താല്‍പര്യത്തെ ചീഫ്ജസ്റ്റിസ് വിമര്‍ശിക്കുകയും ചെയ്തിരുന്നു. രാമജന്മഭൂമി വിധി പ്രഖ്യാപിക്കുന്ന ബെഞ്ചിനെ നയിക്കുന്നത് ജസ്റ്റിസ് ദീപക് മിശ്രയാണ്. രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടിയുള്ള നീക്കത്തെ ഇല്ലായ്മ ചെയ്യുകയാണ് മിശ്ര അന്ന് ചെയ്തത്. 

ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോടയ്ക്ക് മൂന്നുവര്‍ഷത്തെ ജയില്‍ശിക്ഷ കിട്ടിയത് അടുത്തിടെയാണ്. കോണ്‍ഗ്രസ് പിന്തുണയോടെയാണ്  കോഡ ഭരിച്ചിരുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കെട്ടുകഥകള്‍ പലതും തകരുകയും, പലതിന്റെയും സത്യങ്ങള്‍ പുറത്താകുകയും, പല വിഷയങ്ങളും അന്വേഷിക്കുകയും പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുകയും ചെയ്യുന്നുണ്ട്. സുപ്രീംകോടതിയെ ഹൈജാക്കു ചെയ്ത്, രാജ്യത്തെ കോടതികളെ മുഴുവന്‍ കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമമാണോ നടന്നത്? കേസിന്റെ ബെഞ്ചുകള്‍ മാറ്റാന്‍ എളുപ്പമായാല്‍ അതുവഴി പലര്‍ക്കും രക്ഷയൊരുക്കുകയുമാവാം.

രാജ്യത്തെ പലരുടെയും താല്‍പര്യങ്ങളെ മോശമായി ബാധിക്കുന്ന പല വിധികളും വരാനിരിക്കുന്നു. അപ്പോള്‍ സത്യസന്ധനായ ഒരാള്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ഇരിക്കുന്നത് സഹിക്കാന്‍ പറ്റുമോ? ജസ്റ്റിസ് നിരഞ്ജന്‍ ഗോഗോയ് ഒഴികെ മറ്റു മൂന്നു ജഡ്ജിമാര്‍ ഈ വര്‍ഷം അവസാനം വിരമിക്കേണ്ടവര്‍ ആണ്. അതിനാല്‍ പല കേസുകളിലും ആര്‍ക്കെങ്കിലും വേണ്ടി വിധി അനുകൂലമാക്കാന്‍ ജസ്റ്റിസ് ദീപക് മിശ്രയെ രാജിവപ്പിച്ച് ഒഴിവാക്കാന്‍ ശ്രമിച്ചതാണോയെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ചീഫ് ജസ്റ്റിസ് തങ്ങള്‍ക്കു താല്‍പര്യമുള്ള കേസുകള്‍  നല്‍കുന്നില്ല എന്നാണല്ലോ വിമത ജഡ്ജിമാരുടെ പരാതി. മുകളില്‍ പറഞ്ഞ കേസുകളുടെ നടത്തിപ്പ് ഈ പറഞ്ഞ ജഡ്ജിമാര്‍ക്ക് ആയിരുന്നെങ്കില്‍ വിധി മറിച്ചാകുമായിരുന്നുവെന്ന് പ്രതീക്ഷിക്കാം. അപ്പോള്‍ അത് ആര്‍ക്കുവേണ്ടി ആയിരിക്കും? മറ്റു ജഡ്ജിമാര്‍ക്ക് ഈ പരാതിയില്ലെന്നതാണ് ശ്രദ്ധേയം.

ഒരു കുടുംബത്തെ അധികാരത്തില്‍ കൊണ്ടുവരുന്നതിനായി പ്രതിപക്ഷ കക്ഷികള്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. 60 വര്‍ഷം ഭരിച്ച സ്വാധീനം ഉപയോഗിച്ച് പൊതുസംവിധാനങ്ങളെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഉപയോഗിക്കുന്നു. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ അസഹിഷ്ണുതാ വാദം ഉയര്‍ത്തുന്നു. അവാര്‍ഡ് തിരിച്ചുനല്‍കലും ദളിത് പീഡനവും വിവാദമാക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ സംവരണ വികാരങ്ങള്‍ ഉയര്‍ത്തികൊണ്ടുവരികയും, പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്യുന്നു. ബീഫ് വിഷയവും ഇപ്പോള്‍ പരമോന്നത കോടതിയില്‍ എത്തിനില്‍ക്കുന്നു. വിഭജനകാലം മുതല്‍ക്ക് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവണ്ടി   രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസിനു കൂട്ടുനില്‍ക്കുകയും, ബൗദ്ധിക സഹായം നല്‍കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകളെ രാജ്യം നേരിട്ട ഈ എല്ലാ പ്രശ്‌നങ്ങളുടെയും മുന്‍പന്തിയില്‍ കാണാന്‍ സാധിക്കും. ഇവര്‍ക്ക് മറ്റേതു പാര്‍ട്ടിയേക്കാളും കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വരുന്നതിനാണ് താല്‍പര്യം. അതുവഴി മാത്രമേ അവര്‍ക്ക് എന്തെങ്കിലും സ്ഥാനങ്ങളില്‍ എത്തിപ്പെടാന്‍ സാധിക്കുകയുള്ളൂ. 

രാജ്യസഭാ സീറ്റ്, വിവിധ ബോര്‍ഡുകളിലെ സ്ഥാനങ്ങള്‍, ഭാരതവിരുദ്ധ ശക്തികളില്‍നിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ തുടങ്ങിയവ കഴിഞ്ഞ മൂന്നുവര്‍ഷമായി ലഭിക്കുന്നില്ല. അതിനാല്‍തന്നെ പരമാവധി പ്രയത്‌നിച്ച് സര്‍ക്കാരിനെ പുറത്താക്കി നെഹ്‌റു കുടുബത്തെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. അതിന്റെ ഭാഗമാണ് സുപ്രീം കോടതിയില്‍ ജഡ്ജിമാരെവച്ച് നടത്തിയ കലാപവും. വാര്‍ത്താസമ്മേളനം  കഴിഞ്ഞയുടനെ ജസ്റ്റിസ് ചെലമേശ്വറിന്റെ വീടിന്റെ പിന്നാമ്പുറത്തുകൂടി സിപിഐ നേതാവ് ഡി.രാജ സന്ദര്‍ശിച്ചത് ദുരൂഹത വര്‍ധിപ്പിക്കുന്നു. തിരക്കഥയിലെ ഹംസമാണോ രാജയെന്ന് തോന്നിപ്പിക്കും വിധമായിരുന്നു സന്ദര്‍ശനം. 

രാജ്യത്തിന്റെ അഖണ്ഡതയേയും ജനാധിപത്യത്തെയും കാറ്റില്‍പ്പറത്തിക്കൊണ്ടുള്ള നീക്കത്തില്‍ ഡി.രാജയെപ്പോലെ സ്വാധീനമില്ലാത്ത നേതാവിന് എന്താണ് കാര്യമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാത്രമേ ഇത്തരം ചെറുകക്ഷികള്‍ക്കു നിലനില്‍പ്പുള്ളൂ. നാല് ജഡ്ജിമാരുടെ നടപടിക്കുപിന്നിലെ രാഷ്ട്രീയ ഇടപെടല്‍ അന്വേഷണ വിധേയമാക്കണം. വളരെ തന്ത്രപരമായ നീക്കമാണ് നടന്നത്. ജഡ്ജിമാരുടെ  വാര്‍ത്താസമ്മേളനം അവസാനിക്കുകയും, രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും അവരുടെ പ്രചാരണ വിഭാഗമായ ഇടതു നേതാക്കളും നടത്തിയ പ്രസ്താവനകള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. വാര്‍ത്താസമ്മേളനം കഴിഞ്ഞയുടനെ, അമിത് ഷായും മറ്റും പ്രതികളായ സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസ് കേട്ട ജഡ്ജി ലോയയുടെ മരണവുമായി അതിനെ ബന്ധപ്പെടുത്തിയതോടെ  യഥാര്‍ത്ഥ താല്‍പര്യം വെളിയില്‍ വന്നു. വാര്‍ത്താസമ്മേളനത്തിനുശേഷം ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറിയപ്പോഴും പരസ്യപ്രതികരണത്തിനോ വാര്‍ത്താ സമ്മേളനങ്ങള്‍ക്കോ ചീഫ് ജസ്റ്റിസ് മുതിര്‍ന്നില്ല എന്നതാണ് പ്രധാനകാര്യം. 

രാജ്യത്തെ ഒരു ഈര്‍ക്കിലി പാര്‍ട്ടിയുടെ നേതാവിനെ കാണാന്‍ ജസ്റ്റിസ് ചെലമേശ്വര്‍ തയ്യാറായപ്പോള്‍, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണാന്‍ ചെന്ന പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ജുഡീഷ്യറിയില്‍ എക്‌സിക്യൂട്ടീവ് ഇടപെടല്‍ ഉണ്ടാവില്ലന്ന ഭരണഘടനാ തത്വത്തെ മാനിക്കുന്ന നടപടിയായിരുന്നു അദ്ദേഹത്തിന്റേത്. ഈ പ്രവൃത്തിയേയാണ് മറ്റു ജഡ്ജിമാര്‍  മാതൃകയാക്കേണ്ടിയിരുന്നത്. മാധ്യമങ്ങളില്‍ക്കൂടി ചില കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ ജസ്റ്റിസ് കര്‍ണന്റെ നടപടി തെറ്റാണെന്നുപറയുകയും ശിക്ഷിക്കുകയും ചെയ്തവരാണ് സമാനമായ പ്രവൃത്തി ആവര്‍ത്തിച്ചിരിക്കുന്നത്. ജസ്റ്റിസ് കര്‍ണന്‍ കോടതിയിലെ അഴിമതിക്കഥകള്‍ പറഞ്ഞപ്പോള്‍ ജയില്‍ശിക്ഷ ലഭിച്ചു. ഇതേ പ്രവൃത്തി ചെയ്ത നാല്  ജഡ്ജിമാര്‍ക്ക് എന്ത് ശിക്ഷയാണ് ലഭിക്കുക? 

രാജ്യത്തിന്റെ ജനാധിപത്യസംവിധാനത്തെ  അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികളെ ഗൗരവമായി കാണേണ്ടിയിരിക്കുന്നു. കൊളീജിയം സംവിധാനം മാറ്റി 2014-ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നാഷണല്‍ ജുഡിഷ്യല്‍ അപ്പോയ്ന്റ്‌മെന്റ് കമ്മീഷന്‍ പോലെയുള്ള സംവിധാനങ്ങള്‍ നിലവില്‍വന്നു. ഭരണാധികാരികളെ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കുമ്പോള്‍ ഭരണഘടനയുടെ കാവല്‍ക്കാരെന്ന് കണക്കാക്കുന്ന കോടതിയിലെ ജഡ്ജിമാരുടെ നിയമനവും ജനാധിപത്യ രീതിയില്‍തന്നെയാവേണ്ടത്  അത്യാവശ്യമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ പല ഭാഗങ്ങളും വിവിധ രാജ്യങ്ങളില്‍നിന്ന് കടംകൊണ്ടിട്ടും ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ ഒരു പൊതുരീതി കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ  തുടങ്ങിയ പല രാജ്യങ്ങളും ജഡ്ജിമാരെ നിയമിക്കുന്നത് കമ്മീഷനിലൂടെ ആണ്. കൊളീജിയം പോലെയുള്ള സംവിധാനങ്ങള്‍ ഇവിടങ്ങളില്‍ കാണാന്‍ സാധിക്കില്ല. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആരോപണങ്ങളും പുതിയ സംഭവവികാസങ്ങളും ഇത്തരമൊരു ആവശ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 

കോളീജിയം സംവിധാനത്തെക്കുറിച്ച് ഭരണഘടനയില്‍ പരാമര്‍ശമില്ല. ജഡ്ജിമാരെ നിയമിക്കുമ്പോള്‍ രാഷ്ട്രപതി സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചന നടത്തണമെന്ന ഭരണഘടനയിലെ അനുച്ഛേദം 124 (2)ന്റെ അടിസ്ഥാനത്തിലാണ് 1993-ല്‍  കൊളീജിയം സംവിധാനം രൂപീകരിച്ചത്. ഇത് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുള്ള പരാതികള്‍ വ്യാപകമാണ്. ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ ജഡ്ജിമാര്‍തന്നെ രംഗത്തുവരികയും, രാജ്യത്തെ വിധ്വംസകശക്തികള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി നീതിന്യായ വ്യവസ്ഥയില്‍ കയറിക്കൂടാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍  ഭരണഘടനയുടെ പിന്‍ബലമുള്ള ഒരു സംവിധാനം കെട്ടിപ്പടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

(എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.