കമ്മ്യൂണിസ്റ്റുകളുടെ ഭീകരവിരുദ്ധ നിലപാടുകള്‍

Wednesday 17 January 2018 2:44 am IST
അമേരിക്കയും ഇന്ത്യയും ഇസ്രായേലും ജാപ്പാനും മറ്റും ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നുവത്രെ! ഇത്രയധികം മനോവിഷമം ഇക്കാര്യത്തില്‍ ചൈനപോലും പ്രകടിപ്പിച്ചുകണ്ടില്ല. ചൈനയേയും ഉത്തര കൊറിയയേയും ഭാരതമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വളഞ്ഞാക്രമിക്കുന്നതില്‍ വിഷമം തോന്നിയ കോടിയേരിക്ക്, ചൈന ദോക്‌ലാമില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴോ പാക്കിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഭാരതസൈനികരേയും സാധാരണ പൗരന്മാരേയും കൊലചെയ്യുമ്പോഴോ വിഷമം തോന്നിയില്ല.

ഭാരതത്തിലെ ഉപ്പും ചോറും തിന്നിട്ടും ഈനാടിനോട് കൂറുപുലര്‍ത്തുന്നില്ലെന്നതു മാത്രമല്ല , രാഷ്ട്രത്തെ ഒറ്റുകൊടുക്കുന്ന അഞ്ചാംപത്തികളായി അധഃപതിക്കുകകൂടി ചെയ്ത ചരിത്രമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്കള്‍ക്ക്. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ തല്‍പരരായല്ല രൂപീകരണവേളയിലാരും ആ പാര്‍ട്ടിയില്‍ അംഗമായത്.  മറിച്ച് ദാറുല്‍ ഹര്‍ബായി  ഭാരതത്തെ കണ്ടവര്‍ ദാറുല്‍ ഇസ്ലാമായ അഫ്ഗാനിലേക്ക് കുടിയേറാനൊരുങ്ങിയപ്പോള്‍ തടഞ്ഞുനിര്‍ത്തി താഷ്‌കന്റില്‍ രൂപീകൃതമായതാണ് ഇന്ന് കാണുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ. 

ജന്മവൈകൃതം തലയിലേറ്റി, രാജ്യസ്‌നേഹത്തിന്റെ അസ്ഥിവാരമില്ലാതെ ആരെയൊക്കെയോ എതിര്‍ക്കാനായി രൂപംകൊണ്ട ഈ പാര്‍ട്ടി അതിന്റെ ചരിത്രത്തിലൊരിക്കലും ഭാരതത്തിനനുഗുണമായ ആദര്‍ശാധിഷ്ഠിത നിലപാട് എടുത്തിട്ടില്ല. ആഗോള സംഘടനയുടെ ഘടകം മാത്രമാണ് ഭാരതത്തിലുള്ളത്.  ഭാരതത്തിന്റെ വളര്‍ച്ചയോ വികാസമോ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുകയെന്നത് ഈ പാര്‍ട്ടികളുടെ ചിന്തയിലില്ല. ചിന്തയിലില്ലാത്തത് പ്രവൃത്തിയിലും കാണില്ലല്ലോ.

 ബ്രിട്ടന്റെ ഭരണം ഇസ്ലാമിക വിരുദ്ധമായതിനാലാണ് ചിലര്‍ക്ക് ഭാരതം ദാറുല്‍ ഹര്‍ബ് ആയതെങ്കില്‍, ഇന്ന് ചിലര്‍ ഭാരതത്തെ വെറുക്കാന്‍ കാരണം അതിന്റെ ഭരണാധികാരികള്‍ ഹിന്ദുത്വ ആശയക്കാരായതുകൊണ്ടാവണം.

സ്വാഭാവികമായും വെറുക്കപ്പെടുന്ന സ്ഥലത്ത്  തങ്ങളുടെ നയം നടപ്പാവില്ലെന്നുകൂടി ബോധ്യമാവുമ്പോള്‍  പലായനം ചെയ്യാന്‍ കഴിയാത്തവര്‍ മറ്റെന്തുചെയ്യും? കയ്യും മെയ്യും മറന്ന് ഇഷ്ടപ്പെട്ട നാടിനോട് കൂറ് പ്രഖ്യാപിക്കും. അത്തരം പ്രഖ്യാപനം ഭാരതത്തിന്റെ ശത്രുരാജ്യത്തോടാണെങ്കിലോ? അതാണ് സിപിഎം സംസഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ കായംകുളത്ത് പാര്‍ട്ടി സമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയത്. 

അമേരിക്കയും  ഇന്ത്യയും ഇസ്രായേലും ജാപ്പാനും മറ്റും ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നുവത്രെ! ഇത്രയധികം മനോവിഷമം ഇക്കാര്യത്തില്‍ ചൈനപോലും പ്രകടിപ്പിച്ചുകണ്ടില്ല. ചൈനയേയും ഉത്തര കൊറിയയേയും ഭാരതമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വളഞ്ഞാക്രമിക്കുന്നതില്‍ വിഷമം തോന്നിയ കോടിയേരിക്ക്, ചൈന ദോക്‌ലാമില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴോ  പാക്കിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഭാരതസൈനികരേയും സാധാരണ പൗരന്മാരേയും കൊലചെയ്യുമ്പോഴോ വിഷമം തോന്നിയില്ല. ചൈന അരുണാചലില്‍ അവകാശം ഉന്നയിച്ചപ്പോഴും, അതിര്‍ത്തിവരെ സൈനിക സമാഹരണത്തിന് റോഡ് നിര്‍മ്മിച്ചപ്പോഴും സിപിഎമ്മുകാര്‍ നിശബ്ദത പാലിച്ചു. എന്നാല്‍ കശ്മീരില്‍ വിഘടനവാദി നേതാക്കളുമായി ചര്‍ച്ചയ്ക്ക് അവര്‍ പോയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഭാരത വിരുദ്ധര്‍ മുഴക്കിയ മുദ്രാവാക്യത്തെ ഇവര്‍ പിന്തുണച്ചിട്ടുണ്ട്.

   ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ ചരിത്രം അതാണ്. ഭാരതവിരുദ്ധ പക്ഷത്തുനിന്ന് ഭാരതത്തിന്റെ ശത്രുരാജ്യങ്ങളെ നിരന്തരം സഹായിക്കുകയും പുകഴ്ത്തുകയും ചെയ്ത നിരവധി സംഭവങ്ങള്‍ കാണാം.

 ക്വിറ്റിന്ത്യാ സമരകാലത്ത് ബ്രിട്ടനൊപ്പംനിന്ന് ഭാരതജനതയെ ഒറ്റുകൊടുത്തു. പറയാന്‍ അന്നും കാരണങ്ങളുണ്ടായിരുന്നു.   രണ്ടാം ലോകയുദ്ധത്തില്‍ ഹിറ്റ്‌ലറുടെ ജര്‍മ്മനിയും ടോജോയുടെ ജാപ്പാനും ഇറ്റലിയും ബ്രിട്ടനെ തോല്‍പിച്ചാല്‍ ഫാസിസം നമ്മെ ഭരിക്കുമെന്നായിരുന്നു നിലപാട്. മുതലാളിത്ത ബ്രിട്ടനും കമ്യൂണിസ്റ്റ് റഷ്യയും അക്കാലത്ത് ഒന്നിച്ച് പോരാടി. എന്നാല്‍ ഹിറ്റലറുമായി കമ്യൂണിസ്റ്റ് റഷ്യയുടെ ഭരണാധികാരി ജോസഫ് സ്റ്റാലിന്‍ ഉണ്ടാക്കിയ അനാക്രമണ സന്ധിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഇവര്‍ തയ്യാറല്ല.  ഇങ്ങനെ അപ്പോഴപ്പോള്‍ തോന്നുന്ന മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് രാഷട്രദ്രോഹ പ്രവൃത്തിയെ ഇവര്‍ ന്യായീകരിക്കും.

  ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അത് അംഗീകരിക്കാന്‍ ഇവിടുത്തെ കമ്യൂണിസ്റ്റ്കള്‍ തയ്യാറല്ലായിരുന്നു. ഒരു ബൂര്‍ഷ്വസി മറ്റൊരു ബൂര്‍ഷ്വാസിക്ക്  അധികാരം കൈമാറുകമാത്രമാണ് ഉണ്ടായതെന്ന് അവര്‍  ഭാരത സ്വാതന്ത്ര്യത്തെ വിലയിരുത്തി. ഭാരത-ചൈനായുദ്ധകാലത്തും അവര്‍ ശത്രുപക്ഷത്തായിരുന്നു.  

ഭാരതത്തിന്റെ വളര്‍ച്ചയില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ എത്രമാത്രം അസ്വസ്ഥരാണെന്നതിന് വ്യക്തമായ തെളിവാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊടിയേരി ബാലകൃഷ്ണന്‍ ചെയ്ത പ്രസംഗം. ഭാരത വിരുദ്ധമായ ഇത്തരം പ്രസ്താവനകളും പ്രവ്യത്തികളുംകൊണ്ടുതന്നെയാണ് നാള്‍ക്കുനാള്‍ ഇടതുപാര്‍ട്ടികള്‍ ഉപ്പുവച്ചകലംപോലാകുന്നത്. കാലത്തിനു ചേരാത്തത് കാലം ചവറ്റുകൊട്ടയിലിടുകതന്നെചെയ്യും. അത് പ്രകൃതിനിയമമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.