സിപിഎം ഓഖി സംഭാവന പിരിച്ചത് ഇതിനായിരുന്നോ?

Wednesday 17 January 2018 2:30 am IST

ലക്ഷങ്ങള്‍ മുടക്കി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ആകാശയാത്ര വന്‍ വിവാദമാവുകയാണല്ലോ. ഓഖി ദുരിതാശ്വാസ നിധിയില്‍നിന്ന് ഹെലികോപ്ടറിന് വാടകനല്‍കിയത് പ്രതിഷേധങ്ങള്‍ക്കിടവരുത്തിയപ്പോള്‍ വാടക മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നല്‍കുമെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞത്. ഇക്കാര്യം മുഖ്യമന്ത്രിയെ ചൊടിപ്പിക്കുകയും, തന്റെ നിലപാട് വ്യക്തമാക്കി പാര്‍ട്ടി സെക്രട്ടറിയേയും കടകംപള്ളിയേയും ഇടുക്കി ജില്ലാ സമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

എത്രയോ മുന്‍പ് നിശ്ചയിച്ച സംസ്ഥാന യുവജന കലോത്സവത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കാനെത്താതെ പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പിണറായി പോയത്. ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതായില്ല ഈ പ്രവൃത്തി. കേരളത്തിലെ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും പാര്‍ട്ടി കാര്യങ്ങളിലാണ് അതീവ താല്‍പ്പര്യമെന്നും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍നിന്ന് അകന്നുനില്‍ക്കുകയാണെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഒരു ചടങ്ങില്‍ പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ത്തുപോയി.

കേന്ദ്രസംഘത്തെ കാണാനാണ് മുഖ്യമന്ത്രി പറന്നെത്തിയതെന്നാണ് വിശദീകരണം. എന്നാല്‍ കേന്ദ്ര സംഘം ഓഖി ദുരന്ത ബാധിത പ്രദേശം സന്ദര്‍ശിക്കുമെന്ന് കാലേകൂട്ടി അറിയിക്കാതെയല്ലല്ലോ വന്നത്. പിന്നെന്തിനാണ് തിരക്കിട്ട് ഇങ്ങനെ വന്‍തുക ചെലവാക്കി കേന്ദ്രസംഘത്തെ കാണാനെത്തിയത്. തീര്‍ച്ചയായും മുഖ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിരിക്കുന്നവെന്ന് പകല്‍വെളിച്ചംപോലെ വ്യക്തമാണ്. 

എല്ലാവരേയും അദ്ഭുതപ്പെടുത്തിയ മറ്റൊരു വസ്തുത ഇതാണ്. ഓഖി ദുരന്തം വിലയിരുത്താന്‍ നാലുദിവസം സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘത്തിന്റെ ആകെ ചെലവ് 10.5 ലക്ഷം രൂപയും, ഏതാനും മണിക്കൂറുകള്‍ക്ക് മുഖ്യമന്ത്രിയുടെ ചെലവ് എട്ട് ലക്ഷവും ആണ്. എന്തായാലും മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖം വികൃതമായി ഈ സംഭവംമൂലം. കേരളജനതയ്ക്ക് നാണക്കേടുണ്ടാക്കിയതില്‍ മാപ്പുപറഞ്ഞ് അല്‍പമെങ്കിലും ധാര്‍മ്മികത ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രിയും കോടിയേരിയും തല്‍സ്ഥാനം ഒഴിയുകയാണു വേണ്ടത്.

മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്ടറിന്റെ വാടക എട്ട് ലക്ഷം രൂപ പാര്‍ട്ടി വഹിക്കാമെന്ന് കോടിയേരിയും കടകംപള്ളിയും പ്രഖ്യാപിച്ചപ്പോള്‍ ഒരു സംശയം തികട്ടി വരികയുണ്ടായി. ഓഖി ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ വേണ്ടി സഖാക്കള്‍ സമാഹരിച്ച സംഭാവന ഇതിനുവേണ്ടിയായിരുന്നോ?

എ.പി. ഉണ്ണി,

മലപ്പുറം.

ഞായറാഴ്ച മുടക്കത്തിന് ശാപമോക്ഷം വേണം

ഹരികുമാര്‍ എഴുതിയ സണ്‍ഡേ ഹോളിഡേ വായിച്ചു. നഗരങ്ങളില്‍ തുണിക്കടകളും സ്വര്‍ണക്കടകളും സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റു പല വ്യാപാരസ്ഥാപനങ്ങളും ഇപ്പോള്‍ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ഷോപ്പുകള്‍ നാട്ടിന്‍പുറത്തുപോലും ഞായറാഴ്ചകളില്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം നാമമാത്രമായിട്ടു മാത്രമേ ലഭിക്കുന്നുള്ളൂ. ഞായറാഴ്ച വിശ്രമിക്കാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമാണ്. അതില്‍ ജാതിമത പരിഗണനകളില്ല. റെയില്‍വേയും കെഎസ്ആര്‍ടിസിയും കെഎസ്ഇബിയിലെ അത്യാവശ്യവിഭാഗവും ഞായറാഴ്ച പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്താവിനിമയ രംഗത്തും ചില ആഫീസുകളും ഞായറാഴ്ച പ്രവര്‍ത്തിക്കുന്നുണ്ട്. ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അപൂര്‍വം ചില സ്വകാര്യ ബാങ്കുകളുമുണ്ട്. നാടെങ്ങും എടിഎം സംവധിധാനങ്ങളുള്ളതിനാല്‍ സാമ്പത്തിക പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നു.

ശനിയാഴ്ചയും ഞായറാഴ്ചയും അവധിയുള്ള പല കേന്ദ്ര സര്‍ക്കാര്‍ ആഫീസുകളും നമ്മുടെ നാട്ടിലുണ്ട്. രണ്ടാം ശനിയാഴ്ച സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെല്ലാം തന്നെ അവധിയാണല്ലോ. വോട്ടര്‍ പട്ടിക പുതുക്കല്‍, സെന്‍സസ്, പ്രകൃതിക്ഷോഭങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളിലെല്ലാംതന്നെ സംസ്ഥാന സര്‍ക്കാരിന്റെ പല ആപ്പീസുകളും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവധി ആഘോഷിക്കുന്നവരില്‍ നാം മറ്റു ജനാധിപത്യ രാജ്യങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തരാണ്. ഹര്‍ത്താലും ബന്ദും മറ്റു പണിമുടക്കുകള്‍ മൂലവും നമുക്കെത്രയോ നഷ്ടങ്ങളുണ്ടാകുന്നു. നമ്മുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിപ്പോകുന്നു. പരീക്ഷകള്‍ പോലും മാറ്റി വയ്‌ക്കേണ്ടിവരുന്നു. ഞായറാഴ്ച ഒഴിവുദിനമെന്ന ധാരണ നമ്മളില്‍ അലസമനോഭാവം സൃഷ്ടിച്ചു കഴിഞ്ഞു. ഇനി ആ ശാപത്തിനൊരു മോക്ഷം ലഭിക്കണം.

ബാര്‍ബര്‍ ഷാപ്പുകള്‍ ഞായറാഴ്ച അവധി വേണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിക്കപ്പെട്ടിട്ടില്ല. ഞായറാഴ്ച വിവാഹമാമാങ്കങ്ങളാണല്ലോ. ഈയിടെ ഒരു ജോത്സ്യന്‍ പറയുകയുണ്ടായി, എല്ലാവര്‍ക്കും ഞായറാഴ്ച മുഹൂര്‍ത്തം വേണം. ക്ഷേത്രങ്ങളില്‍ മുഹൂര്‍ത്തം നോക്കേണ്ട. അതുപോലെ ഞായറാഴ്ച ജനറല്‍ മുഹൂര്‍ത്തമായി. ഞായറാഴ്ച നാളുകളൊക്കെ വര്‍ഷങ്ങള്‍ക്കുമുമ്പേ ബുക്ക് ചെയ്യുന്നു. പാല്‍ക്കാരനും പത്രക്കാരനും പൂജാരിക്കും ഓണമോ ക്രിസ്തുമസ്സോ വിഷുവോ ഞായറാഴ്ചയോ ഇല്ല, പത്രക്കാരന് ഇടക്ക് മുടക്ക് ലഭിക്കും, പക്ഷേ അന്ന് മറ്റു മുടക്കമില്ലാത്ത പത്രങ്ങളുണ്ടാകും. യഥാര്‍ത്ഥ സേവനം നടത്തുന്നതിവരൊക്കെയാണ്. 

റഷ്യയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പെ ബ്രഷ്‌നോവിന്റെ ശവസംസ്‌കാരത്തിനുപോലും ഒരു മണിക്കൂര്‍ മാത്രമാണ് അവധി നല്‍കിയതെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇവിടെ തൊട്ടതിനൊക്കെ അവധിയാണല്ലോ. അക്ഷയ സെന്ററുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായേനെ. റംസാന്‍ വ്രതകാലത്ത് മുസ്ലിംകളുടെ പല കടകളും പകലവധിയാണല്ലോ. പഴയ സമ്പ്രദായങ്ങളൊക്കെ മാറിമാറിമറയുകയാണ്. സാധാരണ ജനങ്ങള്‍ക്ക് എല്ലാവിധ ജീവിത സൗകര്യങ്ങളും സൗകര്യമാകുന്നൊരു നല്ല ദിവസത്തിനുവേണ്ടി, സദ്‌വാര്‍ത്തക്കുവേണ്ടി നമുക്ക് കാതോര്‍ത്തിരിക്കാം.

ചെറാട്ടു ബാലകൃഷ്ണന്‍, 

തലോര്‍, തൃശൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.