കരിയാര്‍ കടക്കാന്‍ കടത്തു തന്നെ ശരണം

Wednesday 17 January 2018 2:00 am IST
കരിയാറിനു കുറുകെ പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. കല്ലറ പഞ്ചായത്തിലെ മുണ്ടാറിനെയും തലയോലപ്പറമ്പ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കരിയാറിന് കുറുകെയുള്ള പാലത്തിനായി പതിറ്റാണ്ടുകളായി പ്രദേശവാസികള്‍ കാത്തിരിക്കുകയാണ്.

 

തലയോലപ്പറമ്പ്: കരിയാറിനു കുറുകെ പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. കല്ലറ പഞ്ചായത്തിലെ മുണ്ടാറിനെയും തലയോലപ്പറമ്പ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കരിയാറിന് കുറുകെയുള്ള പാലത്തിനായി പതിറ്റാണ്ടുകളായി പ്രദേശവാസികള്‍ കാത്തിരിക്കുകയാണ്. 

കടുത്തുരുത്തി, കല്ലറ, തലയോലപ്പറമ്പ്, തലയാഴം പഞ്ചായത്തുകളുടെ മധ്യഭാഗത്തായി നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ചെറിയ തുരുത്താണ് മുണ്ടാര്‍.  മുണ്ടാറിലെ വാക്കേത്തറ കല്ലുപുര റോഡും തലയോലപ്പറമ്പ് പഞ്ചായത്തിലെ 12-ാം വാര്‍ഡായ തേവലക്കാട് കന്യാക്കോണ്‍ റോഡും കരിയാറിന് അക്കര ഇക്കര എത്തി നില്‍പ്പുണ്ടെങ്കിലും പാലം ഇല്ലാത്തതിനാല്‍ ഇരുകരകളിലുമുള്ള പ്രദേശവാസികള്‍ ആറ് പതിറ്റാണ്ടായി ദുരിതം അനുഭവിക്കുകയാണ്. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വക കടത്തുവള്ളം മാത്രമാണ് ഗതാഗതത്തിനുള്ള ഇവരുടെ ഏക ആശ്രയം. മുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന മുണ്ടാര്‍ പ്രദേശത്തെ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള നൂറുകണക്കിന് നിവാസികള്‍ പുറംലോകത്ത് എത്താന്‍ കരിയാര്‍ കടത്ത് കടന്ന് വടയാറില്‍ എത്തി വേണം ബസ്സ് കയറാന്‍. 

സമയത്ത് കടത്ത്കടവില്‍ എത്തിയില്ലെങ്കില്‍ കിലോമീറ്ററുകളോളം കാല്‍നടയായി പുറംബണ്ട് ചുറ്റി ചെട്ടിമംഗലത്തെത്തി വേണം യാത്ര ചെയ്യാന്‍. അപ്പോഴേക്കും മണിക്കൂറുകള്‍ പാഴാകുകയും ചെയ്യും. 

കടത്ത് സമയം കഴിഞ്ഞാല്‍ അക്കരെ കടക്കുവാന്‍ സ്വകാര്യ വള്ളങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. അസുഖമോ അപകടമോ ഉണ്ടായാല്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കണമെങ്കിലും കിലോമീറ്ററോളം യാത്ര ചെയ്ത് വാഹനം വിളിക്കണം. തലയോലപ്പറമ്പ് പഞ്ചായത്തിലെ മനയ്ക്കകരി ഭാഗത്തെ അമ്പതോളം കുടുംബങ്ങളും കല്ലറ പഞ്ചായത്തിലെ നൂറ്റമ്പതോളം കുടംബങ്ങളും കിലോമിറ്ററുകള്‍ ചുറ്റി വള്ളത്തില്‍ സഞ്ചരിച്ച് മുണ്ടാറില്‍ എത്തി വേണം റേഷന്‍ സാധനങ്ങള്‍ വാങ്ങുവാന്‍. നിരവധി തവണ കടത്തു കടക്കുന്നതിനിടയില്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ തോണിയില്‍ നിന്നും ആറ്റില്‍ വീണിട്ടുണ്ടെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം അപ്പോഴൊക്കെ ദുരന്തം ഉണ്ടാകാതെ രക്ഷപ്പെടുകയായിരുന്നു. 

പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പാലം വേണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ വേണ്ട നടപടി ആരും സ്വീകരിക്കാറില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ തവണ വൈക്കം എംഎല്‍എ വിളിച്ചു ചേര്‍ത്ത താലൂക്ക് വികസന സെമിനാറില്‍ കരിയാറിന് കുറുകെ പാലം പണിയുന്ന കാര്യം കരട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന്റെ തുടര്‍ നടപടികള്‍ ഇനിയും കൈക്കൊണ്ടിട്ടില്ല. 

കരിയാറിന് കുറുകെ പാലം യാഥാര്‍ഥ്യമായാല്‍ രണ്ട് പഞ്ചായത്തുകളിലെ നിവാസികളുടെ യാത്രാ സൗകര്യം പൂര്‍ണ്ണമാകുകയും പ്രദേശത്തെ കാര്‍ഷിക, വിനോദ സഞ്ചാര മേഖലക്ക് പുത്തന്‍ ഉണര്‍വും ഉണ്ടാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.