അമ്മമനസ്സിന്റെ അപഭ്രംശം

Wednesday 17 January 2018 2:45 am IST

അമ്മമനസ്സുകള്‍ക്ക് അപഭ്രംശം വന്നാല്‍ പിന്നെ രക്ഷയില്ലെന്ന് പറയാറുണ്ട്. അത്തരം സംഭവങ്ങള്‍ അടുത്തിടെ വലിയ തോതില്‍ പുറത്തുവരുന്നു. അമ്മയുടെ കരള്‍ ചൂഴ്‌ന്നെടുത്ത് വില്‍ക്കാനായി ഓടുമ്പോള്‍ മുന്‍പില്‍ മരത്തിന്റെ വേര് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ 'തട്ടിവീഴാതെ നോക്കണേ മോനേ' എന്ന് ആ കരളില്‍ നിന്ന് വാത്സല്യപൂര്‍ണമായ ഓര്‍പ്പെടുത്തലുണ്ടായതിനെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശമുണ്ട്. അത്രയും വിലപ്പെട്ട, സ്‌നേഹത്തിന്റെ ഒരിക്കലും മിഴിപൂട്ടാത്ത ഓര്‍മയാണ് അമ്മയെന്ന പദത്തില്‍പ്പോലും തുള്ളിത്തുളുമ്പി നില്‍ക്കുന്നത്. എന്നാല്‍ അതിന് കോട്ടം വരുന്നു എന്നതാണ് ആധുനിക കാലത്തെ ദുരന്തം.

എറണാകുളത്തിനടുത്ത് ചോറ്റാനിക്കരയില്‍ നടന്ന ക്രൂരകൊലപാതകത്തിലെ പ്രതികള്‍ക്ക് യുക്തമായ ശിക്ഷ 'പോക്‌സോ' കോടതി വിധിച്ചതിന്റെ പശ്ചാത്തലമാണ് ഇത്തരം നിരീക്ഷണം പ്രസക്തമാകുന്നത്. നിഷ്‌കളങ്ക ബാല്യത്തെ ഞെരിച്ചു നിശ്ശബ്ദമാക്കിയ പ്രതികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തത് കുട്ടിയുടെ അമ്മയാണെന്നത് സമൂഹത്തിന് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. അമ്മയെന്ന പദത്തിന് പിന്നില്‍ ഇത്തരമൊരു ക്രൂരത ഒളിഞ്ഞിരിപ്പുണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവില്ലല്ലോ. തന്റെ തന്നെ വികാരവും വിചാരവും ചേര്‍ന്ന അരുമയെ നിഷ്‌കരുണം പിച്ചിച്ചീന്താന്‍ മാത്രം  ക്രൂരത ഒരമ്മയ്ക്ക് എങ്ങനെയുണ്ടാവുന്നു എന്ന് മനസ്സിലാക്കാനാവുന്നില്ല. അമ്മയോളം സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും അനുതാപത്തിന്റെയും മൂര്‍ത്തരൂപമായി മറ്റൊന്നും തന്നെ ലോകത്ത് ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ശാസ്ത്രം എത്രയൊക്കെ വിജയിച്ചാലും അമ്മയ്ക്ക് ബദല്‍ നിര്‍മ്മിക്കാനും കഴിയില്ല.

ഒരു അമ്മമനസ്സ് ഉണ്ടാവുക എന്നതത്രേ എന്ത് പ്രശ്‌നം പരിഹരിക്കാനുമുള്ള പ്രതിവിധി. സംഘര്‍ഷവും അസ്വാസ്ഥ്യവും അതുമായി ബന്ധപ്പെട്ട നൂറുകൂട്ടം കാര്യങ്ങളും കുഴഞ്ഞുമറിഞ്ഞു കിടക്കുമ്പോള്‍ അമ്മ മനസ്സിന്റെ സാന്നിധ്യം എല്ലാം ശാന്തമാക്കുന്നു. പ്രകൃതി അമ്മമാര്‍ക്കു മാത്രം കൊടുത്ത അനുഗൃഹീതമായ ഒരു വരദാനമാണത്. അത്തരം  മനസ്സുള്ള ഒരമ്മയാണ് പിഞ്ചുമകളെ കൊലപ്പെടുത്താന്‍ കാമുകന് ഒത്താശ ചെയ്തുകൊടുത്തത്. ഒന്നാം പ്രതിയായ മുപ്പത്തിമൂന്നുകാരന്‍ രഞ്ജിത്തിന് വധശിക്ഷയും അമ്മയ്ക്കും മൂന്നാം പ്രതിയായ ബേസില്‍ കെ. ബാബുവിന് ഇരട്ട ജീവപര്യന്തവുമാണ് എറണാകുളം 'പോക്‌സോ' കോടതി വിധിച്ചത്. ഇത്തരം കോടതികളില്‍ നിന്നുള്ള ആദ്യത്തെ വധശിക്ഷാ വിധിയാണിതെന്ന പ്രത്യേകതയുമുണ്ട് ഇതിന്.

സ്വന്തം സുഖം നോക്കാതെ മക്കളെ ചിറകിനടിയിലെന്നവണ്ണം സംരക്ഷിച്ചുപോറ്റുന്ന അമ്മയില്‍ നിന്നുള്ള വ്യതിയാനമാണ് ഈ സംഭവത്തില്‍ ഉണ്ടായിരിക്കുന്നത്. വളര്‍ന്നുവരുന്ന മകള്‍ സ്വന്തം സുഖതാല്‍പര്യങ്ങള്‍ക്ക് ഭീഷണിയാവുമെന്ന് കരുതിയാണ് അങ്ങേയറ്റത്തെ ക്രൂരതയ്ക്ക് അമ്മ ഒരുമ്പെട്ടത്. അവര്‍ അമ്മയെന്ന പേരിന് അപമാനമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്‌നേഹവും ലാളനയും നല്‍കി വളര്‍ത്തി വലുതാക്കേണ്ട മകളെ കുരുന്നിലേ പിച്ചിച്ചീന്തി ഇരുളിലേക്ക് വലിച്ചെറിയാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു ഇവര്‍. ആധുനിക കാലഘട്ടത്തിലെ അസ്വാസ്ഥ്യകരമായ രീതികളിലേക്ക് പ്രബല വിശ്വാസങ്ങളും മറ്റും തകര്‍ന്നുവീഴുന്നത് നാം അനുമിനിഷം കാണുകയാണ്. സ്വന്തം സുഖത്തിനുവേണ്ടി എന്തും ചെയ്യാമെന്നായിരിക്കുന്നു. ധാര്‍മ്മികമൂല്യങ്ങള്‍ക്കും സ്‌നേഹ ബന്ധത്തിനും ഒരു സ്ഥാനവും കല്‍പ്പിക്കുന്നില്ല. ഇത് വ്യാപിക്കുംതോറും സമൂഹ ഗാത്രം കൂടുതല്‍ ദുര്‍ബലമായിക്കൊണ്ടിരിക്കും. പ്രാകൃത വികാരങ്ങള്‍ മേല്‍ക്കൈ നേടും. അതില്ലാതാക്കാനുള്ള ശ്രമങ്ങള്‍ നാലുപാടുനിന്നും ഉയര്‍ന്നു വരട്ടെ. എറണാകുളം പോക്‌സോ കോടതി വിധി ആ വഴിക്കുള്ള നീക്കത്തിന് കൈത്താങ്ങായിത്തീരുമെന്ന് പ്രത്യാശിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.