ഒരു ലക്ഷം കോടിയുടെ 'ശത്രുസ്വത്ത്' കേന്ദ്രം ലേലം ചെയ്യുന്നു

Tuesday 16 January 2018 10:29 pm IST

ന്യൂദല്‍ഹി: പാക്കിസ്ഥാന്റേയും, ചൈനയുടേയും പൗരത്വം സ്വീകരിച്ച് ഇന്ത്യവിട്ടു പോയവരുടെ 9,400 വസ്തുവകകള്‍ ലേലം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. ശത്രു രാജ്യത്തേയ്ക്ക് ചേക്കേറിയവരുടെ ഒരു ലക്ഷം കോടി വരെ വിലമതിക്കുന്ന സ്വത്തുക്കളാണ് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

49 വര്‍ഷം പഴക്കമുള്ള എനിമി പ്രോപ്പര്‍ട്ടി ആക്ടില്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണ് ഇവ സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടാന്‍ തീരുമാനമായത്. അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാക്, ചൈന പൗരത്വം നേടിയവരുടെ 9,400 സ്വത്തുവകകളില്‍ 6,289 എണ്ണത്തിന്റെ സര്‍വ്വേ പൂര്‍ത്തീകരിച്ചതായി അറിയിച്ചിരുന്നു. ബാക്കി 2,991 സ്വത്തുക്കളുടെ കാര്യത്തില്‍ അടുത്തു തന്നെ നടപടി സ്വീകരിക്കുന്നതാണ്.

ഇത്തരത്തില്‍ ഇന്ത്യക്കാരുടെ പാക്കിസ്ഥാനിലുള്ള സ്വത്തുവകകള്‍ നേരത്തെ തന്നെ കണ്ടുകെട്ടിയതാണ്. പാക്കിസ്ഥാന്‍ പൗരത്വം നേടിയ 9,280 സ്വത്തുവകകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 4,991 എണ്ണം ഉത്തര്‍പ്രദേശിലാണ്. ബാക്കി 2,735 എണ്ണം പശ്ചിമ ബംഗാളിലും, 487 എണ്ണം ദല്‍ഹിയിലുമാണ്. 

ഇന്ത്യയില്‍ ചൈനീസ് പൗരത്വം നേടിയവരുടെ 126 സ്വത്തുക്കളാണുള്ളത്. ഇതില്‍ 57 എണ്ണം മേഘാലയയിലും, 29 എണ്ണം പശ്ചിമ ബംഗാളിലും, ഏഴെണ്ണം അസമിലുമാണ്. 

1965ലെ ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധത്തിനുശേഷമാണ് 1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ട് നിലവില്‍ വന്നത്. പാക്കിസ്ഥാന്‍ പൗരത്വം നേടിയവരുടെ സ്വത്ത് സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഈ നിയമം. പാക് പൗരത്വം സ്വീകരിച്ച രാജ മൊഹമ്മദ് എന്നയാളുടെ സ്വത്തിന്റെ അവകാശം ഉന്നയിച്ച് അമീര്‍ മുഹമ്മദ് ഖാന്‍ എന്നയാള്‍ രംഗത്തെത്തിയതോടെയാണ് എനിമി പ്രോപ്പര്‍ട്ടി ആക്ടില്‍ ഭേദഗതി വരുത്തിയത്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായാണ് ഇയാളുടെ സ്വത്തുവകകള്‍ ഉള്ളത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.