റോഡ് തകര്‍ന്നു: ബസ് വഴി മാറി ഓടുന്നു

Wednesday 17 January 2018 2:00 am IST

പൂഞ്ഞാര്‍: മാവടി, കുളത്തിങ്കല്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് ആശ്രയമായിരുന്ന പൂഞ്ഞാര്‍-കല്ലേക്കുളം-മാവടി റോഡ് തകര്‍ന്നു. ടാറിങ് ഇളകിയതോടെ ഇതുവഴിയുള്ള കെഎസ്ആര്‍ടിസി ബസ് റൂട്ട് മാറി ഓടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. 3 വര്‍ഷം മുന്‍പ് ആരംഭിച്ച കെഎസ്ആര്‍ടിസി സര്‍വീസിന് രാവിലെയും വൈകിട്ടുമുള്ള ട്രിപ്പുകളില്‍ നിറയെ യാത്രക്കാരെയും ലഭിച്ചിരുന്നു. കല്ലേക്കുളത്ത് നിന്നും കുത്തനെയുള്ള കയറ്റമാണ് റോഡിനുള്ളത്. റോഡ് തകര്‍ന്നതോടെ വാഹനങ്ങള്‍ കയറ്റം കയറാതായി. ഇതോടെ ബസ് കല്ലേക്കുളം വഴി കുളത്തിങ്കലേയ്ക്കുള്ള സര്‍വീസ് അവസാനിപ്പിക്കുകയും പകരം തീക്കോയി വഴി തിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്. കുളത്തിങ്കലില്‍നിന്നും ഈരാറ്റുപേട്ടയിലേക്ക് കല്ലേക്കുളംവഴി മടങ്ങുകയും ചെയ്യും. എന്നാല്‍ റൂട്ട് മാറ്റിയതോടെ പൂഞ്ഞാര്‍, കല്ലേക്കുളം ഭാഗത്തുള്ളവര്‍ക്ക് യാത്രാ സൗകര്യമില്ലാതായി. കുളത്തിങ്കല്‍ ഭാഗത്തേയ്ക്ക് പോകേണ്ടവര്‍ക്ക് ഈരാറ്റുപേട്ടയിലെത്തി ബസ് പിടിക്കേണ്ട അവസ്ഥയാണിപ്പോള്‍. സ്‌കൂള്‍ ബസുകളടക്കമുള്ള വാഹനങ്ങളുടെ യാത്രയും ബുദ്ധിമുട്ടിലായി. ഓട്ടോറിക്ഷകള്‍ ഓട്ടംവരാന്‍ മടിക്കുന്നതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.