മെഡിക്കല്‍ കോഴ: വിമത ജഡ്ജിമാര്‍ക്ക് പ്രശാന്ത് ഭൂഷണ്‍ കത്ത് നല്‍കി

Wednesday 17 January 2018 2:50 am IST

ന്യൂദല്‍ഹി: ജഡ്ജിമാരടങ്ങിയ മെഡിക്കല്‍ കോഴ കേസ് പുതിയ ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ അഞ്ച് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കത്തയച്ചു. ചീഫ് ജസ്റ്റിസ് ഒഴികെയുള്ള മുതിര്‍ന്ന ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ്, എ.കെ. സിക്രി എന്നിവര്‍ക്കാണ് അദ്ദേഹം കത്ത് നല്‍കിയത്. 

ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിലെ അഭിഭാഷകരാണ് കോഴ വാങ്ങിയത്. ഇതില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ഉള്‍പ്പെട്ടിരിക്കാം. അതിനാല്‍ ചീഫ് ജസ്റ്റിസുള്‍പ്പെട്ട ബെഞ്ച് കേസ് പരിഗണിക്കുന്നത്  ശരിയാകില്ലെന്നാണ് പ്രശാന്ത് ഭൂഷണിന്റെ വാദം.  കേസുമായി ബന്ധപ്പെട്ട നൂറോളം പേജുകളുള്ള രേഖകളും കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റ് പ്രതിനിധി ബി.പി യാദവ്, ഇടനിലക്കാരനായ വിശ്വനാഥ് അഗര്‍വാള്‍, മുന്‍ ജഡ്ജി ഐ.എം ഖുദ്ദൂസി എന്നിവരുടെ ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദവിവരങ്ങളും കത്തിനോടൊപ്പം കൈമാറിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് വിമതരായി നില്‍ക്കുന്ന ജഡ്ജിമാര്‍ക്കാണ് അഡ്വ. പ്രശാന്ത് ഭൂഷണ്‍ കത്ത് കൊടുത്തതെന്നും ശ്രദ്ധേയമാണ്. ലഖ്‌നൗവിലെ പ്രസാദ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിനു കീഴിലുള്ള പ്രസാദ് മെഡിക്കല്‍ കോളേജിന് 2017-18 വര്‍ഷം പ്രവര്‍ത്തിക്കാനുള്ള അംഗീകാരം ലഭിക്കുന്നതിനായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കോഴ വാഗ്ദാനം ചെയ്‌തെന്നാണ് കേസ്. കേസിനെ തുടര്‍ന്ന സിബിഐ നടത്തിയ റെയ്ഡില്‍ രണ്ടു കോടി രൂപ കണ്ടെത്തിയിരുന്നു.

കോഴ വിവാദത്തില്‍ നേരത്തെയും പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസിനെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. പക്ഷേ, പ്രശാന്ത് ഭൂഷണിന്റെ  ഹര്‍ജിയും സമാനമായ മറ്റൊരു ഹര്‍ജിയും ബെഞ്ച് തള്ളി. കൂടാതെ സുപ്രീം കോടതിയുടെ സമയം കളഞ്ഞതിന് പ്രശാന്ത് ഭൂഷണ്‍ 25 ലക്ഷം പിഴ നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസിനെതിരെ വിമതരായി ശബ്ദമുയര്‍ത്തിയ ജഡ്ജിമാര്‍ക്കും ഒപ്പം എ.കെ. സിക്രിക്കും കത്ത് നല്‍കിയിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.