കൊച്ചി തുറമുഖം വഴി വീണ്ടും കാറുകളെത്തുന്നു

Wednesday 17 January 2018 2:20 am IST

മട്ടാഞ്ചേരി: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചിയെ കൈവിട്ട കാര്‍ കപ്പല്‍ വീണ്ടും തുറമുഖത്ത് നങ്കൂരമിടുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ കാറുകളുമായി വീണ്ടും കപ്പല്‍ കൊച്ചി തുറമുഖത്ത് എത്തും. 

ചെന്നൈ, എന്നോര്‍, ഗുജറാത്ത,് കണ്ട്‌ല തുറമുഖങ്ങളെ ബന്ധിപ്പിച്ചാണ് ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത്. തമിഴ്‌നാട്ടിലെ കാര്‍- ട്രക്ക് നിര്‍മാണ കേന്ദ്രത്തെയും ഗുജറാത്ത,് ഹരിയാന എന്നിവിടങ്ങളിലെ വാഹന നിര്‍മാണമേഖലയെയും കോര്‍ത്തിണക്കിയാണിത്. 

ഹ്യുണ്ടായ്, ടൊയോട്ട, റെനോ തുടങ്ങിയകമ്പനികളുടെ കാറുകളാണ് ആദ്യമെത്തുന്നത്. എംവി ഡര്‍സ് ഡെണ്‍ എന്ന കപ്പലാണ് കാര്‍ കടത്തിനായി തയ്യാറാക്കിയത്. 177 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ ഉയരവുമുള്ള കപ്പലില്‍13 ഡെക്കുകളുണ്ട്. 4300 കാറുകള്‍ വരെ ഒരേസമയം കൊണ്ടുപോകാന്‍ സൗകര്യമുണ്ട് .

2016 സെപ്തംബര്‍ 24 ന് എന്നോറില്‍ നിന്ന് തുടങ്ങിയ ആദ്യ കപ്പല്‍ സര്‍വ്വീസ് കൊച്ചിയില്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി സ്വീകരിച്ചിരുന്നു. കൊച്ചിതുറമുഖത്ത് എറണാകുളം വാര്‍ഫില്‍ 4000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പ്രത്യേക മേഖലയും തയ്യാറാക്കിയിരുന്നു. കാര്‍ ഒന്നിന് 500 രൂപയും ട്രക്കിന് 900 രൂപയും വെസ്സല്‍ നിരക്കില്‍ ഇളവുമായി തുറമുഖ ട്രസ്റ്റ് കാര്‍ കടത്ത് സര്‍വ്വീസിന് പ്രോത്സാഹനവും നല്‍കി. കപ്പലിലെത്തുന്ന കാറുകളുടെ ഇറക്കുമതി അവകാശമുയര്‍ത്തി തുറമുഖത്തെ ഒരു വിഭാഗം തൊഴിലാളികള്‍ രംഗത്തെത്തിയതോടെയാണ് സര്‍വീസ് നിലച്ചത്. തുറമുഖട്രസ്റ്റ് അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിയാണ് വീണ്ടും കാര്‍ കപ്പല്‍ കൊച്ചി തുറമുഖത്തെത്താന്‍ വഴിയൊരുക്കിയത് . 

കപ്പല്‍ വഴി കാറുകളെത്തുന്നതോടെ കൊച്ചി തുറമുഖ ട്രസ്റ്റിന് പ്രതിവര്‍ഷം 10 കോടി രൂപയുടെ വരുമാന നേട്ടമുണ്ടാകും. കേരളത്തില്‍ പ്രതിവര്‍ഷം ഒന്നര ലക്ഷത്തിലേറെ കാറുകളാണ് വില്‍പ്പന നടത്തുന്നത്. റോഡുമാര്‍ഗ്ഗമെത്തുന്ന ഇവ കപ്പല്‍മാര്‍ഗ്ഗമെത്തിയാല്‍ 5000 രൂപ മുതല്‍ 10000 രൂപവരെ വില്‍പ്പന വിലയില്‍ കുറവു വരുത്താനാകും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.