കോടതി ഇടപെട്ടു; ലാസ്റ്റ് ഗ്രേഡ് പരീക്ഷ 21ന്

Wednesday 17 January 2018 2:20 am IST

മാവേലിക്കര: എട്ട് വര്‍ഷത്തിലേറെ കേരള കാര്‍ഷിക സര്‍വകലാശാല ഉദ്യോഗാര്‍ത്ഥികളെ ചുറ്റിച്ച ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഈ മാസം 21ന്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് സെന്ററുകള്‍. പരീക്ഷാര്‍ത്ഥികള്‍ കുറച്ചുള്ള ജില്ലക്കാര്‍ക്ക് അയല്‍ ജില്ലകളിലാണ് സെന്റര്‍. 

2009 നവംബറില്‍ വിജ്ഞാപനം ചെയ്ത പരീക്ഷയില്‍ നാല്‍പ്പതിനായിരത്തോളം അപേക്ഷകരാണുള്ളത്. ഫീസായി അരക്കോടിയോളം രൂപ പിരിച്ചിരുന്നു. സംസ്ഥാന യുവജന കമ്മീഷനും ലോകായുക്തയും വിധിച്ചിട്ടും പരീക്ഷ നടത്താന്‍ കൂട്ടാക്കിയിരുന്നില്ല. പരീക്ഷയില്ലെങ്കില്‍ ഫീസ് മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ഹൈക്കോടതി ഇടപെട്ടതോടെയാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.

 നാല്‍പ്പത് ലക്ഷം കൊടുത്ത് എട്ടു കൊല്ലം മുമ്പ് എല്‍ബിഎസിനെ കൊണ്ട് പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ സര്‍വ്വകലാശാലാ മിനിസ്റ്റീരിയില്‍ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് വിനയായത്. എന്നാല്‍ സര്‍ക്കാര്‍ തുടര്‍ന്നൊന്നും ചെയ്തില്ല. പരീക്ഷയ്ക്ക് സ്വന്തം സൗകര്യമില്ലാത്തതിനാല്‍ എല്‍ബിഎസ്, ഒഎംആര്‍ ടെസ്റ്റ് നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിക്കൊടുക്കും. ഹാള്‍ടിക്കറ്റ് തപാലിലൂടെ അയച്ചു തുടങ്ങി. കിട്ടാത്തവര്‍ക്ക് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഏഴാം ക്ലാസ് യോഗ്യതയില്‍ നടത്തുന്ന പിഎസ്‌സി പരീക്ഷയ്ക്ക് സമാനമാണ് സിലബസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.