ഹിന്ദു സമൂഹ പഠനങ്ങള്‍ക്ക്‌ പുതിയൊരു വേദി

Thursday 1 November 2012 7:38 pm IST

തിരുവനന്തപുരം: കേരളത്തിലെ ഹിന്ദുസമൂഹത്തിന്റെ സാമ്പത്തിക സാമൂഹ്യാവസ്ഥകളെക്കുറിച്ച്‌ പഠിക്കാന്‍ വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ സഹായത്തോടെ ഒരു പഠനകേന്ദ്രത്തിന്‌ രൂപം നല്‍കി. ഹിന്ദു ശാക്തീകരണത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്കും പഠനങ്ങള്‍ക്കും മറ്റുള്ളവരില്‍നിന്നും പിന്തുണ ലഭിക്കും എന്ന്‌ പ്രതീക്ഷിക്കാനാവാത്ത സാഹചര്യത്തിലാണ്‌ തിരുവനന്തപുരം കേന്ദ്രമായി ഇത്തരമൊരു കേന്ദ്രത്തിന്‌ രൂപം നല്‍കിയിട്ടുള്ളത്‌.
ക്രിസ്ത്യന്‍, മുസ്ലീം മതവിഭാഗങ്ങള്‍ അവരുടേതായ രീതിയിലും രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തി ഉപയോഗിച്ച്‌ സര്‍ക്കാര്‍ സംവിധാനത്തിലൂടെയും പഠനങ്ങള്‍ നടത്തുകയും അതിലൂടെ കണ്ടെത്തുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണുകയാണ്‌. അടുത്തകാലത്ത്‌ ഉണ്ടായ പാലൊളി, സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടുകളും രംഗനാഥ മിശ്ര കമ്മീഷനും കേരളത്തിലെ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിന്‌ അവശ ക്രൈസ്തവ സംവരണം പോലെയുള്ള കാര്യങ്ങളും ചില ഉദാഹരണങ്ങള്‍.
ഇഎംഎസ്‌ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്ക്കരണം കേരളത്തിലെ കാര്‍ഷിക മേഖലയെ പൂര്‍ണമായും തകര്‍ത്തു എന്നത്‌ വസ്തുതയാണ്‌. കത്തോലിക്കാ സമുദായത്തിന്റെ താല്‍പ്പര്യപ്രകാരം ചിട്ടപ്പെടുത്തിയ ഭൂപരിഷ്ക്കരണ നടപടികള്‍ നാണ്യവിളകളെ ഒഴിവാക്കി. വനഭൂമി വ്യാപകമായി കയ്യേറിയവരെ കുടിയേറ്റക്കാര്‍ എന്ന ഓമനപ്പേരു നല്‍കി പട്ടയം നല്‍കുകയായിരുന്നു. ഇതിന്റെയൊക്കെ പിന്നില്‍ സമുദായ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള പഠനങ്ങളും രാഷ്ട്രീയ സമ്മര്‍ദ്ദവും ഉണ്ടായിട്ടുണ്ട്‌. അര്‍ഹമായ അവകാശങ്ങളും സ്വാഭാവികമായി ആര്‍ജ്ജിക്കാവുന്ന നേട്ടങ്ങളും ഏതെങ്കിലും സമൂഹത്തിന്‌ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത്‌ തിരിച്ചുപിടിക്കാനുള്ള പരിശ്രമവും ചിന്തയും പഠനവും തെറ്റല്ല. കേരളത്തില്‍ ഹിന്ദുസമൂഹം ഇത്തരത്തിലുള്ള ഒരു പരിശ്രമവുമായി മുന്നോട്ടു പോകാന്‍ ഇനിയും വൈകിക്കൂടാ എന്ന ചിന്ത ശക്തമാണ്‌.
കഴിഞ്ഞ ആറു ദശകത്തിനിടയില്‍ കേരളത്തിലെ ഹിന്ദു ജനസംഖ്യ ഏഴ്‌ ശതമാനം കണ്ട്‌ കുറഞ്ഞതായും മുസ്ലീം ജനസംഖ്യ പത്ത്‌ ശതമാനം വര്‍ധിച്ചതുമായി കണക്കുകള്‍ കാണിക്കുന്നു. ഇന്ന്‌ കേരളത്തില്‍ ഭരണരംഗത്ത്‌ നിലനില്‍ക്കുന്ന സാമുദായിക അസന്തുലിതാവസ്ഥക്ക്‌ ഇതൊരു പ്രധാന ഘടകമാണ്‌. മറ്റു വിഭാഗങ്ങളെപ്പോലെ ഒരു രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയാകാന്‍ കേരളത്തില്‍ ഒരു സമൂഹമെന്ന നിലയില്‍ ഹിന്ദുവിന്‌ സാധിക്കാത്തതിന്റെ തിക്താനുഭവങ്ങള്‍ ഏറെയാണ്‌. ഈ സാഹചര്യത്തില്‍ ഹിന്ദു എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്നതിനെക്കുറിച്ച്‌ ആഴത്തിലും വസ്തുതാപരവുമായ പഠനങ്ങള്‍ ആവശ്യമാണ്‌.
കാര്‍ഷിക മേഖലയില്‍ എന്നതുപോലെ വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം, പരമ്പരാഗത തൊഴില്‍ മേഖല, ഭൂമിയുടെ ക്രയവിക്രയം, മാധ്യമ മേഖല തുടങ്ങി സാമൂഹിക ജീവിതത്തിലെ എല്ലാ രംഗത്തും ഹിന്ദുക്കള്‍ സമൂഹം എന്ത്‌? എങ്ങനെ? എന്താകണം? എന്നതിനെക്കുറിച്ച്‌ വ്യക്തമായ അവബോധം ഉണ്ടാവേണ്ടിയിരിക്കുന്നു.
ഈ സാഹചര്യത്തില്‍ ഭൂമിയുടെ കൈമാറ്റം, കാര്‍ഷിക മേഖല, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ മേഖല, നിയമങ്ങള്‍, തൊഴിലവസരം, വാണിജ്യവ്യവസായ മേഖല, ആരോഗ്യമേഖല, പരമ്പരാഗത തൊഴില്‍ മേഖല, തൊഴില്‍ മേഖല, മാധ്യമ മേഖല, ബൗദ്ധികരംഗം എന്നീ മേഖലകളെയാണ്‌ പഠന വിധേയമാക്കുക. ഇതിന്‌ പ്രയോജനപ്പെടുത്താവുന്ന രേഖകളും വിവരങ്ങളും നിര്‍ദ്ദേശങ്ങളും സമാഹരിക്കുന്നതിനുവേണ്ടിയുള്ള ശ്രമം നടത്തുകയാണ്‌. ഈ വിഷയങ്ങളില്‍ തല്‍പ്പരരായിട്ടുള്ള മുഴുവന്‍ ജനവിഭാഗങ്ങളുടേയും അഭിപ്രായങ്ങളും ലഭ്യമായിട്ടുള്ള രേഖകളും നിര്‍ദ്ദേശങ്ങളും ലഭ്യമാക്കണമെന്ന്‌ പഠനവേദിയുടെ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ചുറ്റുപാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച്‌ അത്‌ സംബന്ധിച്ച വിവരങ്ങളും പഠനകേന്ദ്രത്തിന്‌ അയക്കാം. പഠനകേന്ദ്രം,സമന്വയ ഭവന്‍, തിരുവനന്തപുരം- 695 023 എന്ന വിലാസത്തിലാണ്‍അയക്കേണ്ടത്‌. E-mail: prapanjana@ gmail.com
സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.