പെണ്‍കുട്ടിയെ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

Tuesday 16 January 2018 11:28 pm IST

തൃപ്പൂണിത്തുറ: പ്രേമ നൈരാശ്യത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി മീന്‍കടവ് മുണ്ടശേരില്‍ ബിനുരാജ് (33)ആണ് മരിച്ചത്. മീന്‍ കടവില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ഇന്നലെ വെളുപ്പിനാണ് മൃതദേഹം കണ്ടത്. കേസിന്റെ വിചാരണ ഇന്ന് തുടങ്ങാനിരിക്കെയാണ് സംഭവം. മീന്‍കടവില്‍ പള്ളിപ്പറമ്പില്‍ ബാബു- പുഷ്പ ദമ്പതികളുടെ ദത്തുപുത്രിയായ നീതു (17) വിനെ പ്രേമനൈരാശ്യത്തെ തുടര്‍ന്ന് പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്. 2014 ഡിസംബര്‍ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. 

പൂണിത്തുറ സെന്റ് ജോര്‍ജ് സ്‌കൂളിലെ ജീവനക്കാരായ ബാബുവിന്റെയും പുഷ്പയുടെയും മകള്‍ എലിസബത്ത് (നീതു) നാലുവയസുള്ളപ്പോള്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു മരിച്ചു. ഇതിനുശേഷമാണ് രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെ അനാഥാലയത്തില്‍ നിന്നു ദത്തെടുത്ത് നീതു എന്ന് പേരിട്ടു വളര്‍ത്തി. 

നീതു പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണു ബിനുരാജുമായി പ്രണയത്തിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മുതിര്‍ന്നായളെ പ്രണയിക്കുന്നത് വീട്ടുകാര്‍ എതിര്‍ത്തു. പിന്നീട് പോലീസ് ഇടപെട്ട് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിപ്പിച്ച് നല്‍കാമെന്ന് ധാരണയിലെത്തിയിരുന്നു. ഇതിനുശേഷം നീതു ബിനുരാജുമായി അകന്നു. ഈ വൈരാഗ്യത്തെത്തുടര്‍ന്നായിരുന്നു കൊല. ബാബുവും പുഷ്പയും ജോലിക്കു പോയ സമയത്ത് വീടിന്റെ ടെറസില്‍ നീതു തുണി വിരിക്കുന്നതിനിടയിലാണ് വാക്കത്തികൊണ്ട് വെട്ടി വീഴ്ത്തിയത്. ബിനുരാജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.