എറണാകുളം-കോട്ടയം ഇരട്ടപ്പാത മെയില്‍

Tuesday 16 January 2018 11:00 pm IST

കൊച്ചി: റെയില്‍വേയുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രശ്‌നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിളിച്ച യോഗത്തില്‍ എറണാകുളം കോട്ടയം ഇരട്ടപ്പാതയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ധാരണയായി. പാത മെയ് മാസത്തില്‍ കമ്മീഷന്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.   

കുറുപ്പന്തറ മുതല്‍ ചങ്ങനാശ്ശേരി വരെയുള്ള ഭാഗത്താണ് നിര്‍മാണം പൂര്‍ത്തിയാവേണ്ടത്. ഇത് നാല് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. കുറുപ്പന്തറ മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള ഒന്നാം ഘട്ടത്തിനായി 1.06 ഹെക്ടര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കേണ്ടത്. രണ്ടാം ഘട്ടമായ ഏറ്റുമാനൂര്‍- കോട്ടയം ഭാഗത്ത് 3.71 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഫണ്ടുകള്‍ കേന്ദ്രത്തില്‍ നിന്നും ലഭ്യമായിട്ടുണ്ട്. അടിയന്തരമായി സ്ഥലമേറ്റെടുത്ത് മെയ് 31ന് എറണാകുളം- കോട്ടയം ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യാനാണ് റെയില്‍വേയുടെ ഉ ദ്ദേശ്യം. ശേഷിക്കുന്ന കോട്ടയം- ചങ്ങനാശ്ശേരി ഭാഗത്തെ പണികള്‍ 2020 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും. 2020 മാര്‍ച്ച് 31ന് എറണാകുളം- കായംകുളം ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യും.

ആലപ്പുഴ വഴിയുള്ള കായംകുളം- എറണാകുളം റെയില്‍ പാതയിരട്ടിപ്പിക്കലും വേഗത്തില്‍ പൂര്‍ത്തിയാക്കും. കായംകുളം മുതല്‍ ഹരിപ്പാട് വരെ 13 കിലോമീറ്റര്‍ പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ശേഷിക്കുന്ന ഹരിപ്പാട്- അമ്പലപ്പുഴ, അമ്പലപ്പുഴ- തുറവൂര്‍, തുറവൂര്‍- കുമ്പളം, കുമ്പളം- എറണാകുളം ബ്ലോക്കുകള്‍ സംസ്ഥാനത്തിന്റെ 856 കോടി രൂപ സഹായത്തോടെ പൂര്‍ത്തീകരിക്കണമെന്നായിരുന്നു മുന്‍ നിര്‍ദ്ദേശം. എന്നാല്‍ പൂര്‍ണ്ണമായും കേന്ദ്ര സഹായത്തോടെ പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്. ഇക്കാര്യം റെയില്‍വേ, ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കും.

ഗുരുവായൂര്‍- തിരുനാവായ റെയില്‍പ്പാതയ്ക്കായുള്ള സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി. കേരളത്തിനായി തിരുവനന്തപുരം- കണ്ണൂര്‍ പാതയില്‍ ഒരു പുതിയ ജനശതാബ്ദിക്കും നിവേദനം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മുന്‍ ബജറ്റില്‍ അനുവദിച്ച മൈസൂര്‍- തിരുവനന്തപുരം ട്രെയിന്‍ പ്രതിദിന സര്‍വീസാക്കാനോ അല്ലാത്തപക്ഷം വെള്ളിയാഴ്ച മൈസൂരില്‍ നിന്നും യാത്ര ആരംഭിച്ച് ഞായറാഴ്ച തിരുവനന്തപുരത്ത് നിന്ന് മടങ്ങുന്ന രീതിയില്‍ സര്‍വീസ് പുനഃക്രമീകരിച്ച് നടത്താനും ആവശ്യപ്പെട്ടിടുണ്ട്.

പാലക്കാട് കോച്ച് ഫാക്ടറി സംബന്ധിച്ച് റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ബജറ്റില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും അല്‍ഫോണ്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിയുടെ ആവശ്യങ്ങള്‍ റെയില്‍വേ ബോര്‍ഡ് പരിഗണിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് അഡീഷണല്‍ മെമ്പര്‍ (വര്‍ക്ക്സ്) അജിത്ത് പണ്ഡിറ്റ് പറഞ്ഞു. റെയില്‍വേ എക്സിക്യൂട്ടീവ് ഡയറക്ടര്‍(വര്‍ക്ക്സ്) രാജേഷ് അഗര്‍വാള്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി  പി.എച്ച്. കുര്യന്‍, എറണാകുളം ജില്ലാ കളക്ടര്‍  മുഹമ്മദ് വൈ. സഫീറുള്ള, കോട്ടയം ജില്ലാ കളക്ടര്‍ ബി. എസ്. തിരുമേനി, പത്തനംതിട്ട ജില്ലാ കളക്ടര്‍  ആര്‍. ഗിരിജ, ആലപ്പുഴ ജില്ലാ കളക്ടര്‍  ടി. വി. അനുപമ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

 

കേരളത്തിന്റെ നിര്‍ദ്ദശേങ്ങള്‍

കേരളം ആറ് പദ്ധതികളാണ് റെയില്‍വേ ബോര്‍ഡിലേക്ക് നല്‍കിയിരിക്കുന്നത്.

1. തലശ്ശേരി- മൈസൂര്‍ പാത- കേന്ദ്ര- സംസ്ഥാന പങ്കാളിത്ത പദ്ധതിയാണ്. നിലവില്‍ 810 കിലോമീറ്റര്‍ ദൂരമുള്ള പഴയ പാതയ്ക്ക് പകരമായി പുതിയ പദ്ധതിയില്‍ 214 കിലോമീറ്ററാണ് പാതയുടെ ദൂരം. 

2. തിരുവനന്തപുരം- കാസര്‍കോട് അതിവേഗ ട്രെയിന്‍- ചെലവ് 55,333 കോടി

3. എരുമേലി- പുനലൂര്‍ പാത- 65 കിലോമീറ്റര്‍, ചെലവ് 1600 കോടി

4. ഏറ്റുമാനൂര്‍- പാല ലിങ്ക് പാത

5. എറണാകുളം ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ വികസനം

6. വിഴിഞ്ഞം സീ- പോര്‍ട്ട് റെയില്‍ പദ്ധതി

 

എല്‍എച്ച്ബി കോച്ചുകള്‍ കേരളത്തിലേക്കും

കൊച്ചി: തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ എല്ലാ ട്രെയിനുകളിലും എല്‍എച്ച്ബി കോച്ചുകള്‍ വരുന്നു. റെയില്‍വേ ബോര്‍ഡ് ഇക്കാര്യത്തില്‍ അനുകൂല തീരുമാനം എടുത്തതോടെയാണ് പദ്ധതി വേഗത്തിലായത്. ലിങ്ക് ഹോഫ്മാന്‍ ബുഷ് എന്നാണ് എല്‍എച്ച്ബിയുടെ പൂര്‍ണ നാമം. പരമ്പരാഗത കോച്ചുകള്‍ക്ക് ഒന്നരക്കോടി രൂപയാണു നിര്‍മാണ ചെലവെങ്കില്‍ എല്‍എച്ച്ബി കോച്ചുകള്‍ക്കു രണ്ടരക്കോടി രൂപ വരും.

സ്റ്റെയിന്‍ലെസ് സ്റ്റീലിലാണു നിര്‍മാണം. മെച്ചപ്പെട്ട ബ്രേക്ക് സംവിധാനം, കൂടുതല്‍ സൗകര്യപ്രദമായ ഉള്‍ഭാഗങ്ങള്‍, ആധുനിക എസി സംവിധാനം എന്നിവ എല്‍എച്ച്ബി കോച്ചുകളിലുണ്ട്. അത്യാധുനിക സസ്‌പെന്‍ഷനുള്ളതിനാല്‍ യാത്രയ്ക്കിടയിലെ കുലുക്കവും കുറയും.

നിലവില്‍ തിരുവനന്തപുരം മെയിലിനും, കേരളത്തിലേക്കുള്ള ചെന്നൈ മംഗലാപുരം എക്‌സ്പ്രസിനും മാത്രമാണ് എല്‍എച്ച്ബി കോച്ചുകളുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചായിരിക്കും കോച്ചുകള്‍ നിര്‍മിക്കുന്നത്.കൂടുതല്‍ സുരക്ഷിതത്വവും സ്ഥലസൗകര്യവും യാത്രാസുഖവും ഉറപ്പാക്കുന്നുവെന്നതാണ് എല്‍എച്ച്ബി കോച്ചുകളുടെ സവിശേഷത. ട്രെയിനുകള്‍ കൂടുതല്‍ വേഗത്തില്‍ ഓടിക്കാനും എല്‍എച്ച്ബി കോച്ചുകള്‍ സഹായകമാകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.