ജഡ്ജിമാരുടെ പത്രസമ്മേളനം പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര

Wednesday 17 January 2018 2:42 am IST

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പത്രസമ്മേളനം നടത്തിയ നാല് സുപ്രീം കോടതി ജഡ്ജിമാരുടെ നടപടിക്കെതിരെ പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര. തിങ്കളാഴ്ച രാവിലെ ജഡ്ജിമാരുടെ പതിവ് ചായ കുടി സമയത്തുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയില്‍ പത്രസമ്മേളനം ചര്‍ച്ചയായപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തില്‍ മിശ്ര തുറന്നടിച്ചത്. സല്‍പ്പേരാണ് ജീവിതത്തില്‍ തന്റെ ഇതുവരെയുള്ള സമ്പാദ്യം. ഇതാണ് നിങ്ങള്‍ ആക്രമിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചത്. ഇതിലും ഭേദം ഒരു ബുള്ളറ്റ് കൊണ്ട് വെടിവെച്ച് കൊല്ലുകയായിരുന്നു. ആരുടെയും പേര് പരാമര്‍ശിക്കാതെ വികാരപരമായി മിശ്ര പറഞ്ഞു. 

ജോലി ഭാരം കൂടുതലായിരുന്നിട്ടും പരാതിയില്ലാതെ നിര്‍വ്വഹിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിച്ചാണ് ദിവസവും 16 മണിക്കൂറിലേറെ ജോലി ചെയ്തത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിശ്രയെ അനുകൂലിച്ച് മറ്റൊരു ജഡ്ജിയും സംസാരിച്ചു. മറ്റ് ജഡ്ജിമാര്‍ അദ്ദേഹത്തെ തണുപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് ചീഫ് ജസ്റ്റിസ് ചേംബറിലേക്ക് വിളിച്ച് ആശ്വസിപ്പിച്ചു. 

 സിബിഐ പ്രത്യേക കോടതി മുന്‍ ജഡ്ജി ബി.എച്ച്. ലോയയുടെ മരണം സംബന്ധിച്ച് അന്വേഷണമാവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജി മിശ്രയുടെ ബെഞ്ചിനാണ് ചീഫ് ജസ്റ്റിസ് കൈമാറിയത്. ജഡ്ജിമാരുടെ പത്രസമ്മേളനത്തിന് ഇതാണ് കാരണമെന്ന് ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും വളച്ചൊടിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജിയായിരുന്നു ലോയ. ഈ വഴിയിലുള്ള ചര്‍ച്ചകള്‍ അരുണ്‍ മിശ്രയെയും സംശയനിഴലിലാക്കി. ഇതോടെയാണ് അദ്ദേഹം ജഡ്ജിമാര്‍ക്കു മുന്നില്‍ തുറന്നടിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.