ജസ്റ്റിസ് ലോയയുടെ മരണം ദുരൂഹതയില്ലെന്ന് മഹാരാഷ്ട്ര

Wednesday 17 January 2018 2:46 am IST

ന്യൂദല്‍ഹി: സിബിഐ പ്രത്യേക കോടതി ജഡ്ജി ബിഎച്ച് ലോയയുടെ മരണം സംബന്ധിച്ച പോസ്റ്റ്‌മോര്‍ട്ടം  റിപ്പോര്‍ട്ട് അടക്കമുള്ള എല്ലാ രേഖകളും മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിക്ക് കൈമാറി. മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹര്‍ജിക്കാര്‍ക്ക് കൈമാറാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. കേസ് അടുത്താഴ്ച വീണ്ടും പരിഗണിക്കും.  മരണത്തില്‍ യാതൊരുവിധ ദുരൂഹതകളുമില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. 

സകല  രേഖകളും കോടതിക്ക് നല്‍കിയെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ കോടതിയെ അറിയിച്ചു. രേഖകള്‍ പരസ്യപ്പെടുത്തരുതെന്ന സാല്‍വേയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, മോഹന ശന്തന ഗൗഡര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

പോസ്റ്റ്‌മോര്‍ട്ടം, മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്, ഹിസ്‌റ്റോപതോളജി, ഇലക്ട്രോ കാര്‍ഡിയോഗ്രാഫി എന്നിങ്ങനെ നാലു മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ കൈമാറിയ രേഖകളിലുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍, ഒപ്പമുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍, അടുത്തബന്ധുക്കള്‍, കുടുംബ സുഹൃത്തുക്കള്‍ എന്നിവരുടെ മൊഴികളുമുണ്ട്. മൃതദേഹത്തില്‍  മുറിവുകളോ പാടുകളോ ഇല്ലായിരുന്നെന്നും ശക്തമായ ഹൃദയാഘാതമായിരുന്നു മരണകാരണമെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. 

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് കേസ് പരിഗണിക്കുന്നതിനെതിരെയാണ് മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് ചില മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചിരുന്നു. എന്നാല്‍ അരുണ്‍ മിശ്രയുടെ ബെഞ്ച് തന്നെ കേസ് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസാണ് തീരുമാനിച്ചത്. ജസ്റ്റിസ് ലോയയുമായി ബന്ധപ്പെട്ട ഒരു കാര്യവും രഹസ്യമായി സൂക്ഷിക്കേണ്ടതില്ലെന്നും ദുരൂഹതകള്‍ അവസാനിപ്പിക്കേണ്ടതാണെന്നുമാണ് സുപ്രീംകോടതിയുടെ നിലപാട്. രാഷ്ട്രീയ വൈരത്തിനും വ്യക്തിപരമായ വിദ്വേഷത്തിനും പ്രശസ്തിക്കും വേണ്ടി പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ നല്‍കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഇന്നലെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാരിനോ ഇരയുടെ കുടുംബത്തിനോ മാത്രമേ ക്രിമിനല്‍ അപ്പീലുകള്‍ നല്‍കാനാവൂ എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദൂരൂഹത ഉണ്ടെന്ന് ആരോപിച്ച് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനാവാലയാണ്. കേസ്  ഉചിതമായ മറ്റൊരു ബെഞ്ചിന് പരിഗണിക്കാമെന്ന് മിശ്ര വാദത്തിനൊടുവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാദമായ സാഹചര്യത്തില്‍ കേസില്‍ നിന്ന് മിശ്ര പിന്മാറുകയാണെന്നാണ് ഇതു നല്‍കുന്ന സൂചന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.