പി.സി. തോമസ് വീണ്ടും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍

Wednesday 17 January 2018 3:21 am IST

കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്‍മാനായി പി.സി തോമസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ കൂടിയ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

വൈസ്‌ചെയര്‍മാന്മാരായി അഹമ്മദ് തോട്ടത്തില്‍ (മുന്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗം), രാജന്‍ കണ്ണാട്ട് (ചെങ്ങന്നൂര്‍), മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോസ് മാളിയേക്കല്‍ (തൃശൂര്‍), ട്രഷററായി ജോര്‍ജ്ജ് ജോസഫ്(ആലപ്പുഴ)എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന റിട്ടേണിങ് ഓഫീസര്‍ അഡ്വ. ജയിംസ് തോമസ് ആനക്കല്ലുങ്കല്‍ വരണാധികാരിയായിരുന്നു.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി പി.ജെ ബാബു അങ്കമാലി (സംഘടനാ ചാര്‍ജ്ജ്), കൃഷ്ണന്‍ തടണാത്ത് (കാസര്‍കോഡ്), മാനുവല്‍ കാപ്പന്‍ (കാഞ്ഞങ്ങാട്), ജയിംസ് കണ്ണൂര്‍, സ്റ്റീഫന്‍ ചാഴിക്കാടന്‍ (കോട്ടയം), പ്രൊഫ. ഡോ. ഗ്രേസമ്മ മാത്യു (കോട്ടയം), ജോയി ഗോപുരാന്‍ (തൃശൂര്‍), മാത്യു പേഴത്തുങ്കല്‍ (കോഴിക്കോട്), റോയി ഊരാംവേലില്‍ (ആലപ്പുഴ) എന്നിവരെയും സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായി ഗോപന്‍ പുല്ലാട് (പത്തനംതിട്ട), ചന്ദ്രന്‍ മാമലശ്ശേരി (കോട്ടയം), പി.എം പൗലോസ് (എറണാകുളം), പ്രൊഫ. ബാലു ജി. വെള്ളിക്കര (കാഞ്ഞിരപ്പള്ളി), രവീന്ദ്രന്‍ (ചെങ്ങന്നൂര്‍) എന്നിവരെയും ചെയര്‍മാന്‍ നോമിനേറ്റ് ചെയ്തു.   1964ല്‍ രജിസ്റ്റര്‍ ചെയ്ത കേരള കോണ്‍ഗ്രസ് എന്ന പേര് തങ്ങള്‍ക്കുമാത്രമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതു സുപ്രീംകോടതിയും അംഗീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് എല്ലാ കേരള കോണ്‍ഗ്രസുകളും ഒന്നാകണമെന്ന് പൊതുഅഭ്യര്‍ത്ഥന നടത്താനും കേരള കോണ്‍ഗ്രസ്സുകളുടെ യോജിപ്പിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ചാണെങ്കിലും ശ്രമിക്കുവാനും പുതിയ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. 

തങ്ങളുടെ പാര്‍ട്ടിയുടെ പേരിന് ശേഷം ബ്രാക്കറ്റില്‍ പേരോ അക്ഷരമോ ഇല്ലാത്തതിനാല്‍ അപ്രകാരം തങ്ങളുടെ പാര്‍ട്ടിയെ ആരും വിശേഷിപ്പിക്കരുതെന്ന് പി.സി തോമസ് അഭ്യര്‍ത്ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.