തിരുവാഭരണം ചാര്‍ത്തിയ അയ്യനെ ദര്‍ശിക്കാന്‍ പെരുനാട്ടില്‍ സ്ത്രീകള്‍ക്കും അവസരം

Wednesday 17 January 2018 2:24 am IST

പത്തനംതിട്ട: തിരുവാഭരണവിഭൂഷിതനായ അയ്യപ്പനെ ദര്‍ശിക്കാന്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും റാന്നി പെരുനാട് കക്കാട്ട്‌കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അവസരം. മകരസംക്രമനാളില്‍ ശബരിമലയില്‍ ചാര്‍ത്തുന്നതിനായി പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്ന് കൊണ്ടുപോയ തിരുവാഭരണം മടക്കയാത്രയിലാണ് കക്കാട്ടുകോയിക്കല്‍ ക്ഷേത്രത്തില്‍ ചാര്‍ത്തുന്നത്. 

ഈ വര്‍ഷത്തെ തിരുവാഭരണചാര്‍ത്ത് മഹോത്സവം 21ന് നടക്കുമെന്ന് ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എം.സി. പ്രസാദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30ന് ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം രാത്രി 2 മണിവരെ പ്രായഭേദമെന്യേ സ്ത്രീകളടക്കമുള്ള ഭക്തര്‍ക്ക് ദര്‍ശിക്കാനാവും. രാവിലെ 9ന് മഠത്തുംമൂഴി സ്രാമ്പിക്കല്‍ പടിക്കല്‍ നിന്ന് തിരുവാഭരണ വരവേല്‍പ്പ് ആരംഭിക്കും. വൈകിട്ട് നാലിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും.

ശബരിമലക്ഷേത്ര നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാനെത്തിയ പന്തളം രാജാവ് താമസിച്ചിരുന്നത് പെരുനാട് കക്കാട്ട്‌കോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലായിരുന്നുഎന്നാണ് ഐതീഹ്യം. വൈകിട്ട് 5ന് എഴുന്നെള്ളത്ത് ഘോഷയാത്ര, രാത്രി 8.30ന് സംഗീതക്കച്ചേരി, 10.30ന് നാടകം, 12.30ന് ഗാനമേള എന്നിവയും നടക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.