കോടിയേരിയെ അറസ്റ്റ് ചെയ്യണം: കുമ്മനം

Wednesday 17 January 2018 3:42 am IST

തൃശൂര്‍: ഇന്ത്യ, ചൈനയെ ആക്രമിക്കുന്നുവെന്ന പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വികാസ് യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് തൃശൂരിലെത്തിയതായിരുന്നു കുമ്മനം. എക്കാലവും രാജ്യവിരുദ്ധ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം.

സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയും സാമ്പത്തിക പ്രതിസന്ധിയുമാണ്. പിന്നാക്ക വിഭാഗങ്ങളാണ് ഇതിന്റെ ദുരിതഫലങ്ങള്‍ അനുഭവിക്കുന്നത്. ദളിത് വിഭാഗങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ധൂര്‍ത്ത് കുറയ്ക്കുന്നില്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടി. 

വികാസ് യാത്രയ്ക്ക് തുടക്കം കുറിക്കാനെത്തിയ കുമ്മനത്തെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ട്ടി സംസ്ഥാന ജില്ലാ നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും ചേര്‍ന്ന് ആവേശപൂര്‍വം വരവേറ്റു. 

നേതാക്കളായ എ. എന്‍.  രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, പി.എം.  വേലായുധന്‍, ബി. ഗോപാലകൃഷ്ണന്‍, എം. ഗണേശ്, എ. നാഗേഷ്,  സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, കെ.പി.ജോര്‍ജ്ജ്, രവികുമാര്‍ ഉപ്പത്ത്, അഡ്വ.കെ.ആര്‍. ഹരി തുടങ്ങിയവര്‍ സ്വീകരിക്കാനെത്തി.

വികാസ് യാത്രയുടെ ഭാഗമായി ജില്ലയിലെ മണ്ഡലം ഉപരിചുമതലയുള്ള പ്രവര്‍ത്തകരുടെ യോഗം, ബൂത്ത് യോഗം എന്നിവയായിരുന്നു ഇന്നലത്തെ പരിപാടികള്‍. സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി ശക്തന്‍ നഗറിലെ ശക്തന്‍ തമ്പുരാന്റെ പ്രതിമക്ക് മുന്നില്‍ കുമ്മനം തൈ നട്ടു. ഇന്ന് ആദ്യകാല ജനസംഘം, ബിജെപി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തും. വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലെത്തിയവര്‍ക്ക് അംഗത്വം നല്‍കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.