കേരളത്തിലെ റെയില്‍ പദ്ധതികള്‍: കേന്ദ്രം ഇടപെടുന്നു

Wednesday 17 January 2018 3:47 am IST

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം മുടങ്ങി കിടക്കുന്ന റെയില്‍വേ പദ്ധതികള്‍ക്ക് പുതുജീവന്‍ പകരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. തടസ്സങ്ങളില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ നല്‍കിയിട്ടും സംസ്ഥാനം സ്ഥലമേറ്റെടുത്ത് നല്‍കുന്നതിലെ കാലതാമസം മൂലമാണ് പല പദ്ധതികളും മുടങ്ങിയതെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. കേരളത്തിലെ പ്രശ്‌നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥരുമായും, കേരളത്തിലെ പ്രതിനിധികളുമായും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ചര്‍ച്ച നടത്തി.

എറണാകുളം-കായംകുളം, എറണാകുളം-കോട്ടയം ഇരട്ടപ്പാതകളുടെ നിര്‍മ്മാണമാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. 2020 മാര്‍ച്ച് 31ന് എറണാകുളം-കായംകുളം ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യും. ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം റെയില്‍ പാതയിരട്ടിപ്പിക്കലും വേഗത്തില്‍ പൂര്‍ത്തിയാക്കും. ഗുരുവായൂര്‍-തിരുനാവായ റെയില്‍പ്പാതയ്ക്കായുള്ള സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി. എറണാകുളം-കോട്ടയം ഇരട്ടപ്പാത മെയില്‍ കമ്മീഷന്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. 

കേരളത്തിനായി തിരുവനന്തപുരം-കണ്ണൂര്‍ പാതയില്‍ ഒരു പുതിയ ജനശതാബ്ദിക്കും നിവേദനം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പാലക്കാട് കോച്ച് ഫാക്ടറി സംബന്ധിച്ച് റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ബജറ്റില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും അല്‍ഫോണ്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. 

ശബരിപാതയ്ക്ക് കേന്ദ്ര സഹായം ഉറപ്പ് നല്‍കി മന്ത്രി

അങ്കമാലി-എരുമേലി ശബരി റെയില്‍പാതയ്ക്ക് ഇനിയും കേന്ദ്ര സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് മൂലം ശബരി പദ്ധതി നിലച്ച മട്ടിലാണെന്ന് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തതില്‍ നടപ്പാകേണ്ട പദ്ധതിക്കായി ഫണ്ട് നല്‍കുന്നതില്‍ സംസ്ഥാനം പിന്‍വാങ്ങിയതോടെയാണ് പണികള്‍ മുടങ്ങിയത്. കഴിഞ്ഞ ബജറ്റിലും കേന്ദ്രം 213 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. നിലവില്‍ 2,815 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സംസ്ഥാനം ഇതിന്റെ പകുതി മുടക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പൂര്‍ണമായും ഏറ്റെടുക്കാനുള്ള നടപടികള്‍ക്ക് മുന്‍കൈയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.