സിപിഎമ്മുകാര്‍ക്ക് സര്‍ക്കാര്‍ വക സുഖ ചികിത്സ

Wednesday 17 January 2018 3:51 am IST

കണ്ണൂര്‍: ടിപി കേസുള്‍പ്പെടെ രാഷ്ട്രീയ കൊലക്കേസുകളിലെ സിപിഎമ്മുകാരായ പ്രതികള്‍ക്ക് സര്‍ക്കാര്‍ വക ആയുര്‍വേദ സുഖചികിത്സ. കതിരൂര്‍ മനോജ് വധക്കേസ് പ്രതികളും സുഖചികിത്സ നടത്തി. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പേവാര്‍ഡിലാണ് ജയില്‍ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് ആഴ്ചകളായി സുഖചികിത്സ. ബന്ധുക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സന്ദര്‍ശിക്കാന്‍ അവസരവും ഒരുക്കി. 

ടിപി കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന കെ.സി.രാമചന്ദ്രന്‍ രണ്ടാഴ്ചയിലേറെയായി സുഖചികിത്സയിലാണ്. മറ്റൊരു പ്രതി ടി.കെ. രജീഷ്, ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം തൃശൂര്‍ ജില്ലാ കമ്മറ്റിയംഗം എം. ബാലാജി, കതിരൂര്‍ മനോജ് വധക്കേസ് പ്രതികളായ ജിജേഷ്, റിജു, സിനില്‍ എന്നിവരും സുഖചികിത്സ നേടി. റിജു ഡിസംബര്‍ 25 മുതല്‍ ജനുവരി 12 വരെയും  മനോജ് വധക്കേസിലെ പ്രതി പ്രഭാകരന്‍ നവംബര്‍ 23 മുതല്‍ ഡിസംബര്‍ 13 വരെയുമാണ് ചികിത്സ നടത്തിയത്.

ഒരു രോഗവുമില്ലാത്ത ഇവരെ ഭരണ സ്വാധീനമുപയോഗിച്ച് ആശുപത്രിയിലെത്തിച്ച് സുഖവാസമൊരുക്കുകയാണ്. ഉന്നതതല ഇടപെടലുകളുള്ളതിനാല്‍ ചോദ്യം ചെയ്യാന്‍ ജയില്‍ ഉദ്യോഗസ്ഥരോ തടവുകാരോ ധൈര്യപ്പെടുന്നില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറി ഏതാനും മാസം കഴിഞ്ഞപ്പോള്‍ ടിപി വധക്കേസിലെ പ്രതികള്‍ക്ക് അനധികൃതമായി പരോള്‍ നല്‍കിയിരുന്നു. സിപിഎം കാരായ പ്രതികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന പരാതി വളരെക്കാലമായി ഉണ്ട്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.