ടി.പി.ദാസനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു

Wednesday 17 January 2018 2:42 pm IST

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതിക്കേസ് അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നുവെന്ന് സൂചന. കേസിലെ ഒന്നാം പ്രതിയായ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസനെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ച് നിയമോപദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അവസാനിപ്പിക്കാനാണ് വിജിലന്‍സ് തീരുമാനമെന്നാണ് വിവരം. 

കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് പുറത്തിറക്കിയ സ്‌പോര്‍ട്‌സ് ലോട്ടറി വില്‍പ്പനയില്‍ 28,10,000 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരുന്നത്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പാണ് ക്രമക്കേട് കണ്ടെത്തിയത്. ടി.പി ദാസനായിരുന്നു ഈ കാലയളവില്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്. പിന്നീട് കൗണ്‍സില്‍ പ്രസിഡന്റായ അഞ്ജുബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതിയെക്കുറിച്ച് പരസ്യ നിലപാടെടുത്തിരുന്നു. കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷം അഞ്ജു വിജിലന്‍സിന് പരാതിയും നല്‍കി. 

ലോട്ടറി വില്‍പന സംബന്ധിച്ച ഒരു വിവരങ്ങളിലും വ്യക്തതയില്ലെന്ന് എജിയും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിജലന്‍സ് ഈ വിഷയത്തില്‍ ത്വരിത പരിശോധന നടത്തുകയും ക്രമക്കേടുണ്ടെന്ന നിഗമനത്തിലെത്തിച്ചേരുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കേസ് അന്വേഷണം ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.